ചാനല്‍ ചര്‍ച്ചയില്‍ കളിയാക്കി ചിരിച്ചു, എം.എ നിഷാദ് എന്നോട് മാപ്പ് പറയണം: ബാല

ചാനല്‍ ചര്‍ച്ചയക്കിടെ തന്നെ കളിയാക്കി ചിരിച്ച സംവിധായകന്‍ എം.എ നിഷാദ് മാപ്പ് പറയണമെന്ന് നടന്‍ ബാല. എം.എ നിഷാദ് വളരെ അടുപ്പമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ നല്ല പെരുമാറ്റം ആയിരുന്നു. എങ്കിലും ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ പറയുന്നത് മനസിലാക്കാതെ ആദ്യം മുതല്‍ തന്നെ കളിയാക്കി ചിരിച്ചുകൊണ്ടിരുന്നത് എന്തിനാണെന്ന് മനസ്സിലായില്ല എന്നാണ് ബാല പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാല സംസാരിച്ചത്.

ബാലയുടെ വാക്കുകള്‍:

ചാനല്‍ ചര്‍ച്ചയില്‍ എം.എ നിഷാദ് എന്നെ കളിയാക്കി ചിരിച്ചു. അതിന് അദ്ദേഹം എന്നോട് മാപ്പ് പറയണം. എന്നെ വിളിച്ചു പറഞ്ഞാല്‍ മതി. ചാനലില്‍ ഒന്നും പറയണ്ട. അദ്ദേഹം എന്റെ വളരെ അടുത്ത സുഹൃത്താണ്. എം.എ നിഷാദ് അങ്ങനെ ചിരിച്ച കാര്യം അപ്പോള്‍ ഞാന്‍ അറിഞ്ഞില്ല. അശ്വന്ത് കോക്കും ചിരിച്ചു. ഞാന്‍ വിഷ്വല്‍ ഒന്നും കാണുന്നില്ലല്ലോ. അപ്പോള്‍ ഞാന്‍ ഇതൊന്നും കണ്ടില്ല, കണ്ടിരുന്നെങ്കില്‍ ഞാന്‍ അപ്പോള്‍ ചോദിച്ചേനെ. ഇപ്പോഴാണ് ഞാന്‍ കണ്ടത്.

എം.എ നിഷാദ് എന്നെ സെറ്റില്‍ പൊന്നുപോലെ നോക്കിയിട്ടുണ്ട്. ഇല്ലെന്ന് ഞാന്‍ പറയില്ല. ആ പടം കഴിഞ്ഞിട്ട് പിന്നെയും ഇടപ്പള്ളിയിലെ എന്റെ വീട്ടില്‍ വന്നു ബര്‍ത്ത്‌ഡേ എന്ന ഒരു സിനിമയുടെ സ്‌ക്രിപ്റ്റ് പറഞ്ഞു. അത് ഞാന്‍ നിര്‍മിക്കാന്‍ വേണ്ടി ആലോചിച്ചതാണ്. പക്ഷേ നടന്നില്ല. നമ്മള്‍ എല്ലാം സിനിമയുടെ ഭക്ഷണം കഴിച്ചു വളരുന്നവരാണ്. അങ്ങനെയുള്ള ഒരാള്‍ എന്നെ കളിയാക്കിയതു ശരിയല്ലെന്ന് എനിക്കു തോന്നുന്നു.

ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പറയുമ്പോള്‍ അത് വളരെ പവിത്രമായ കാര്യമാണ്. കുട്ടി ആണാണോ പെണ്ണാണോ എന്ന് മുന്‍കൂട്ടി അറിയാനുള്ള അവകാശം നമുക്കില്ല. അതുപോലെയാണ് സിനിമയും. പത്തുമാസം ഒക്കെ എടുത്താണ് ഒരു സിനിമ പുറത്തിറങ്ങുക. സിനിമയും പവിത്രമാണ്. ഞാന്‍ അതാണ് ഉദേശിച്ചത്. പക്ഷേ ചര്‍ച്ചക്കിടെ ഇടയ്ക്കിടെ കണക്ഷന്‍ ഇഷ്യൂ ഉണ്ടായിരുന്നു. ഞാന്‍ വിഷ്വല്‍ കാണുന്നുമില്ല. ഒരു പ്രധാനപ്പെട്ട ആളെ വിളിച്ചു വരുത്തി ലൈവില്‍ ഇരിക്കുമ്പോള്‍, ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കളിയാക്കുന്നത് ശരിയാണോ.

അശ്വന്ത് കോക്കിന്റെ പേര് ഞാന്‍ ഞാന്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടില്ല. എം.എ. നിഷാദ് സര്‍ എന്നെ ചിരിച്ചു കളിയാക്കി. എന്നെ പോലെ കുറെ നിര്‍മാതാക്കള്‍ കഷ്ടപ്പെടുന്നുണ്ട്. ആ വേദനയാണ് ഞാന്‍ അവിടെ പറയാന്‍ ശ്രമിച്ചത്. അതിനു മാത്രം ആരും ഉത്തരം പറയാത്തത് എന്താണ്. ‘ആയുധം’ എന്നൊരു പടം ഉണ്ട്. സുരേഷ് ഗോപി സാറും ഞാനും അഭിനയിച്ചതാണ്. അതില്‍ അവസാനം വരെ എന്നോടു പറഞ്ഞിരുന്നത് ബാല വില്ലന്‍ ആണ് എന്നാണ്. ദുബായില്‍ വന്നാണ് എം.എ നിഷാദ് സാര്‍ ഡേറ്റ് ചോദിച്ചത്. ഞാന്‍ സര്‍ എന്നാണ് വിളിക്കുന്നത് ആ ബഹുമാനം എനിക്കുണ്ട്. അതില്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന സസ്‌പെന്‍സ് പുറത്തു വിട്ടാല്‍ ആരെങ്കിലും പടം കാണുമോ.

ഇതാണ് ഞാന്‍ ചോദിച്ചത്. പക്ഷേ അതിന് ആരും ഉത്തരം പറഞ്ഞില്ല. അശ്വന്ത് കോക്കിനോട് എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. ഞാന്‍ വേറെ ഒരു യൂണിവേഴ്സില്‍ ആണെന്നാണ് പുള്ളി പറഞ്ഞത്. ഇല്ലപ്പാ, ഞാന്‍ ഇവിടെ തന്നെ ഉണ്ട്. എനിക്ക് കണക്ഷന്‍ പ്രോബ്ലം ഉണ്ടായിരുന്നു. അതുകൊണ്ട് എല്ലാം പറഞ്ഞു തീര്‍ക്കാന്‍ പറ്റിയില്ല. എനിക്ക് പറയാന്‍ ഇത്രയേ ഉള്ളൂ, ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആ ചര്‍ച്ച വേറെ രീതിയില്‍ കൊണ്ടുപോകുന്നത് ശരിയല്ല.

സിനിമ ഇറങ്ങുന്നതിനു മുന്‍പ് അതിനെക്കുറിച്ച് മോശം പറയുന്നത് എന്തിനാണ്. സിനിമ പുറത്തു വന്നു ജനങ്ങള്‍ കാണട്ടെ അവര്‍ സത്യസന്ധമായ അഭിപ്രായം പറയട്ടെ. ഒരു റിവ്യൂവര്‍ സിനിമ കണ്ടു ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാലും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നെങ്കില്‍ അതും പറയണം. ഓരോരുത്തര്‍ക്ക് ഓരോ അഭിപ്രായം ആയിരിക്കും. എല്ലാരും ഇഷ്ടപ്പെടുന്ന പടത്തെ ഒരാള്‍ മോശം എന്ന് പറഞ്ഞാല്‍ റിവ്യൂ ചെയ്യുന്ന ആള്‍ ബുദ്ധിമാന്‍ ആണെന്ന് വിചാരിക്കുമോ.