ശത്രുവിന്റെ ശത്രുവിനെ മിത്രമായി കരുതുന്നതല്ല, പുതിയ ബെല്‍റ്റുമല്ല; വൈറല്‍ ചിത്രത്തിന് പിന്നിലെ സത്യം പറഞ്ഞ് ബാല

യൂട്യൂബര്‍ സായി കൃഷ്ണയ്ക്കും ആറാട്ടണ്ണന്‍ സന്തോഷ് വര്‍ക്കിക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച നടന്‍ ബാലയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘മാളികപ്പുറം’ സിനിമയുടെ റിവ്യു പറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്‍ ചീത്ത വിളിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ യൂട്യൂബര്‍ ആണ് സായി കൃഷ്ണ.

ഇതോടെ ‘ശത്രുവിന്റെ ശത്രുവിനെ മിത്രം’, ‘പുതിയ ബെല്‍റ്റ്’ എന്നിങ്ങനെയുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ബാല ഇപ്പോള്‍. കണ്ണിന് ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന തന്നെ കാണാനായാണ് സായി കൃഷ്ണ തന്റെ വീട്ടിലെത്തിയത്. അന്ന് തന്നെ സന്തോഷ് വര്‍ക്കിയും എത്തി എന്നാണ് ബാല പറയുന്നത്.

കണ്ണിന് ഓപ്പറേഷന്‍ കഴിഞ്ഞു വിശ്രമിക്കുന്ന തന്നെ സന്ദര്‍ശിക്കാനാണ് യൂട്യൂബര്‍ സായി കൃഷ്ണന്‍ വീട്ടിലെത്തിയത്. ”സര്‍ വീട്ടിലുണ്ടോ കണ്ണിന് ഇപ്പോള്‍ എങ്ങനെ ഉണ്ട്, ഞാന്‍ ഒന്ന് വന്നു കണ്ടോട്ടെ” എന്ന് സായി കൃഷ്ണ വിളിച്ച് ചോദിക്കുകയായിരുന്നു. വരൂ നമുക്ക് കാണാമെന്ന് പറഞ്ഞു. അങ്ങനെയാണ് സായി കൃഷ്ണന്‍ പാലാരിവട്ടത്തുള്ള തന്റെ വീട്ടില്‍ എത്തുന്നത്.

സന്തോഷ് വര്‍ക്കി ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ട്. മുമ്പ് തന്നെ കുറിച്ച് മോശമായി പറഞ്ഞിരുന്ന ആളാണ് സന്തോഷ് വര്‍ക്കി. പക്ഷേ നേരിട്ട് സംസാരിച്ചപ്പോള്‍ സന്തോഷിന് തന്നെ കുറിച്ചുള്ള ധാരണ മാറി. ആരോടും വിദ്വേഷം വച്ച് പുലര്‍ത്തുന്ന ആളല്ല താന്‍. തന്റെ വീട്ടില്‍ ഒരു ദിവസം ഇരുപതുപേര്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കാറുണ്ട്.

View this post on Instagram

A post shared by Actor Bala (@actorbala)

ആര് വന്നാലും പായസം ഉള്‍പ്പടെയുള്ള ആഹാരം കൊടുത്താണ് വിടുന്നത്. സായികൃഷ്ണന്‍ വന്നപ്പോള്‍ യാദൃച്ഛികമായി സന്തോഷ് വര്‍ക്കിയും വീട്ടിലെത്തി. ഇതൊക്കെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. അല്ലാതെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ ചാനലുകളിലും പറയുന്നതു പോലെ പുതിയ ബെല്‍റ്റോ, ശത്രുവിന്റെ ശത്രുവിനെ മിത്രമായി കരുതുന്നതോ അല്ല.

Read more

സായി കൃഷ്ണന്‍ പോകാന്‍ നേരം ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു താന്‍ സമ്മതിച്ചു. ആ ഫോട്ടോ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് എന്നാണ് ബാല മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.