‘ഉണ്ണി മുകുന്ദന്‍ യൂട്യൂബറെ ചീത്ത വിളിച്ച സംഭവത്തില്‍ ബാലയുടെ പ്രതികരണം’ എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് നടന്‍ ബാല. തന്റെ പഴയ അഭിമുഖങ്ങളിലെ ക്ലിപ്പുകള്‍ ചേര്‍ത്തുണ്ടാക്കിയതാണ് ആ വീഡിയോ എന്നാണ് ബാല പറയുന്നത്. വീഡിയോ കണ്ട് താന്‍ ചിരിച്ചു പോയെന്നും ബാല പറയുന്നുണ്ട്.
”വീഡിയോ കണ്ടു ഞാന്‍ ചിരിച്ചുപോയി. ഞാന്‍ എന്തൊക്കെയോ പറഞ്ഞെന്നു പറഞ്ഞ് ന്യൂസ് ഇട്ടിരിക്കുന്നു, ഞാന്‍ വളരെ വ്യക്തമായി ഒരു സ്റ്റേറ്റ്‌മെന്റ്റ് കൊടുത്തിരുന്നു. മീഡിയ ഇല്ലെങ്കില്‍ നടന്‍ ഇല്ല, നടന്‍ ഇല്ലെങ്കില്‍ മീഡിയ ഇല്ല എന്നാണ് ഞാന്‍ പറഞ്ഞത്. നമ്മളെല്ലാം കുടുംബം പോലെ ഒന്നിച്ചു പോണമെന്ന രീതിയിലാണ് ഞാന്‍ സംസാരിച്ചത്.”
”ഞാന്‍ ഇന്റര്‍വ്യൂ കൊടുത്തു എന്ന നിലയില്‍ എന്റെ പഴയ വിഡിയോയില്‍ നിന്നും എന്തെല്ലാമോ എടുത്ത് വെട്ടിവച്ച് കൊണ്ടാണ് അത് ചെയ്തത്. ഞാന്‍ പറഞ്ഞത് എന്ന പോലെ സൂപ്പര്‍ സ്‌ക്രിപ്റ്റില്‍ ചെയ്തിരിക്കുന്നു” എന്നാണ് ബാല ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നത്.
‘മാളികപ്പുറം’ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു യൂട്യൂബറിനെതിരെ ഉണ്ണി മുകുന്ദന്‍ രംഗത്ത് വന്നത്. ഭക്തി വിറ്റാണ് ഉണ്ണി മുകുന്ദനും കൂട്ടരും മാളികപ്പുറം സിനിമ പ്രമോട്ട് ചെയ്യുന്നതെന്നായിരുന്നു യൂട്യൂബറുടെ പ്രധാന ആരോപണം. യൂട്യൂബറെ ഉണ്ണി മുകുന്ദന്‍ ചീത്ത വിളിക്കുന്നതും വീഡിയോയിലുണ്ട്.
തന്റെ അച്ഛനെയും അമ്മയെയും കുറിച്ചും സിനിമയില്‍ അഭിനയിച്ച കുട്ടിയെപ്പറ്റിയും മോശം പറഞ്ഞതിനാലാണ് യൂട്യൂബറോട് വൈകാരികമായി പ്രതികരിക്കേണ്ടി വന്നതെന്ന് പിന്നീട് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറോട് മാപ്പ് പറഞ്ഞതായും താരം വ്യക്തമാക്കിയിരുന്നു.