മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിനെതിരെ എഴുത്തുകാരൻ ജയമോഹൻ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ പ്രതികരണമറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറും നടനുമായ ഗണപതി.
മഞ്ഞുമ്മൽ ബോയ്സ് മദ്യപിക്കുന്നത് തങ്ങൾക്ക് വേണമെങ്കിൽ മറച്ചുവെക്കാമായിരുന്നു എന്നാണ് ഗണപതി പറയുന്നത്. എന്നാൽ തങ്ങൾ അത് ചെയ്തില്ലെന്നും മദ്യപിച്ചാലും ഇല്ലെങ്കിലും ജീവിതത്തിൽ ഒരു സാഹചര്യം വരുമ്പോൾ ആരാണ് എന്താണ് എന്നുള്ള ബോധ്യമുണ്ടാവണമെന്നാണ് ഗണപതി പറയുന്നത്.
“അദ്ദേഹം ഒരു വലിയ എഴുത്തുകാരനാണ്. കേരളത്തിന്‍റെ സംസ്കാരം അദ്ദേഹത്തിന് എത്രത്തോളം അറിയുമെന്ന് എനിക്ക് അറിയില്ല. മലയാളി ചെറുപ്പക്കാര്‍ അങ്ങനെയാണെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാ നാടുകളിലും മദ്യപിക്കുന്നവരുണ്ടെന്ന് എനിക്കറിയാം. നമുക്കെല്ലാവര്‍ക്കും അറിയാം. ഞാനും കുടിക്കുന്ന ഒരാളാണ്. ചിദംബരവും അതെ. അദ്ദേഹം മദ്യം കഴിക്കുന്ന ആളാണോ അല്ലയോ എന്ന് എനിക്കറിയില്ല. എന്ത് കുടിച്ചാലും ജീവിതത്തില്‍ ഒരു സാഹചര്യം വന്നാല്‍ ആരാണ്, എന്താണ് മുന്നിലുള്ളതെന്ന് ബോധ്യമുണ്ടാവണം എന്നതാണ് പ്രധാനം. അല്ലേ?
മഞ്ഞുമ്മല്‍ ബോയ്സിന്‍റേത് ഒരു റിയല്‍ ലൈഫ് സ്റ്റോറിയാണ്. അവര്‍ കുടിക്കുന്നത് ഞങ്ങള്‍ പ്രൊമോട്ട് ചെയ്തിട്ടില്ല. വേണമെങ്കില്‍ അത് ഞങ്ങള്‍ക്ക് കാണിക്കാതെ ഇരിക്കാമായിരുന്നു. പക്ഷേ അവിടെ ശരിക്കും നടന്നത് എന്താണോ അതിനോട് ഞങ്ങള്‍ക്ക് നീതി പുലര്‍ത്തണമായിരുന്നു.
ആ സുഹൃത്തുക്കള്‍ക്കിടയില്‍ നടന്നത് കാണിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ജയമോഹന്റെ വാക്കുകൾ സിനിമയ്ക്ക് ഒരു പ്രൊമോഷന്‍ ആവുമെന്നാണ് സംവിധായകനോട് ഞാന്‍ പറഞ്ഞത്. അഭിപ്രായങ്ങള്‍ വരട്ടെ. തമിഴ്നാട്ടില്‍ നിന്നാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ഷെയര്‍ ലഭിച്ചത്. കേരളത്തിലേതിനേക്കാള്‍ സിനിമ വലിയ രീതിയില്‍ ഓടിയത് തമിഴ്നാട്ടിലാണ്.
അതിന് മുകളില്‍ ഞാന്‍ എന്ത് പറയാനാണ്? തമിഴ് മക്കള്‍ ഈ സിനിമയെ അത്രയും സ്നേഹിക്കുന്നുണ്ട്. ഈ അഭിമുഖത്തില്‍ ഞാന്‍ പങ്കെടുക്കുന്നതിന് കാരണവും അതാണ്. അതിന് മുകളില്‍ എനിക്ക് ഒന്നും പറയാനില്ല.” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗണപതി പറഞ്ഞത്.