ഒരിക്കലും യോജിക്കാത്ത അപ്പനും മകനും തമ്മിലുള്ള സംഘര്‍ഷമാണ് സൈലന്‍സര്‍: ഇര്‍ഷാദ്

ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയനന്ദനന്‍ ഒരുക്കുന്ന സൈലന്‍സര്‍ റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തില്‍ മൂക്കോടന്‍ ഈനാശു എന്ന കഥാപാത്രമായാണ് ലാല്‍ വേഷമിടുന്നത്. ഈനാശുവിന്റെ മകനായ സണ്ണി എന്ന കഥാപാത്രമായി എത്തുന്നത് ഇര്‍ഷാദാണ്. അപ്പനും മകനും തമ്മിലുള്ള സംഘര്‍ഷമാണ് സൈലന്‍സറെന്ന് ഇര്‍ഷാദ് പറയുന്നു.

“സൈലന്‍സര്‍ സിനിമയില്‍ ലാല്‍ ചെയുന്ന ഈനാശു എന്ന കഥാപാത്രത്തിന്റെ മകനായ സണ്ണി ആയിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ദാരിദ്ര്യത്തില്‍ നിന്നും വളര്‍ന്ന് പുത്തന്‍പണക്കാരനായ ചെറുപ്പക്കാരനാണ് സണ്ണി. അത്യാവശ്യം സമ്പത്തൊക്കെയായി നല്ല സൗകര്യത്തില്‍ ജീവിക്കുന്ന പുതിയ തലമുറയിലെ ഒരു ചെറുപ്പക്കാരന്‍. അയാള്‍ക്ക് ബാറുണ്ട്, ബ്ലേഡ് കമ്പനിയുണ്ട്. അത്തരം ജീവിതം നയിക്കുന്ന അയാളോട് അപ്പനായ ഈനാശുവിന് എതിര്‍പ്പുണ്ട്. ഒരിക്കലും യോജിക്കാത്ത അപ്പനും മകനും തമ്മിലുള്ള സംഘര്‍ഷമാണ് ഈ സിനിമ പറയുന്നത്.” മാധ്യമവുമായുള്ള അഭിമുഖത്തില്‍ ഇര്‍ഷാദ് പറഞ്ഞു.

Read more

പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്റെ “സൈലന്‍സര്‍” എന്ന ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയനന്ദനന്റെ “പാതിരാക്കാല”ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എന്‍ ഗോപീകൃഷ്ണനാണ് സൈലന്‍സറിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് സൈലന്‍സര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 24ന് ചിത്രം റിലീസിനെത്തും.