നടന്‍ കൈലാഷിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ജോയ് മാത്യു പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. പോസ്റ്റ് വൈറലായതോടെ നിരവധി ഫോണ്‍ കോളുകളാണ് തനിക്ക് വരുന്നത് എന്നാണ് കൈലാഷ് പറയുന്നത്. സിനിമാ ഷൂട്ടിംഗിനിടെ ഒരു കടയില്‍ നില്‍ക്കുന്ന ചിത്രമാണിത് എന്നാണ് കൈലാഷ് മനോരമ ന്യൂസ്.കോമിനോട് പറയുന്നത്.
നിലമ്പൂരിലെ വഴിക്കടവ് എന്ന ഗ്രാമമാണ് ഫോട്ടോക്ക് പശ്ചാത്തലം. “ക്യാബിന്‍” എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഇത് സംഭവിക്കുന്നത്. ഷൂട്ടിംഗിനിടെ കിട്ടിയ ഇടവേളയില്‍ ജോയി ഏട്ടനും താനും നല്ല നാടന്‍ ഭക്ഷണം തേടിയിറങ്ങി. ചായ കുടിയൊക്കെ കഴിഞ്ഞു നില്‍ക്കുമ്പോളാണ് സമീപത്തുള്ള കടയിലെ നാരങ്ങാമുട്ടായി കണ്ണിലുടക്കിയത്.
അങ്ങനെ അവിടെയെത്തി. ആ സമയം, എടുത്ത ഫോട്ടോ ആണ് പിറന്നാള്‍ ആശംസ അറിയിച്ചു കൊണ്ടുള്ള ജോയ് ഏട്ടന്റെ പോസ്റ്റില്‍ എന്നാണ് കൈലാഷ് പറയുന്നത്. ജോയ് ഏട്ടന്‍ കുറിച്ച വരികള്‍ക്ക് വലിയ അര്‍ഥമുണ്ട്. അത് മനസിലാക്കി തന്നെയാണ് മറുപടി കുറിച്ചതും. പാരഗണ്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി കടമായി വാങ്ങിത്തരാം എന്നു പറഞ്ഞത് സമകാലിക പശ്ചാത്തലവുമായി ബന്ധപ്പെട്ടാണ്.
പലര്‍ക്കും ജോലിയില്ലാതെ നില്‍ക്കുന്ന സമയമാണ്. പണമില്ല. സിനിമാ മേഖലയിലുള്ള പലരുടെയും അവസ്ഥയും അതു തന്നെ. അപ്പോള്‍ ഒരു സിനിമാ നടനെ ജോലിക്കു നിര്‍ത്തി പലചരക്കുകട തുടങ്ങുന്ന ലെവലില്‍ വരെ അദ്ദേഹം ചിന്തിച്ചു. ആഴമേറിയ സുഹൃത്ബന്ധമാണ് തങ്ങളുടേതെന്നും കൈലാഷ് പറഞ്ഞു.
ഒരു പലചരക്ക് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ജോലിക്ക് കൈലാഷിനെയാണ് മനസില്‍ വന്നത് എന്നും, എന്നാല്‍ കടയിലെ തിരക്കു കാരണം ആശംസകള്‍ പറയാന്‍ താന്‍ മറന്നു പോയി എന്ന് പറഞ്ഞായിരുന്നു ജോയ് മാത്യുവിന്റെ കുറിപ്പ്. ഇതിന് താന്‍ ഇന്ന് കടയില്‍ ലീവാണ് ശമ്പളം ഗൂഗിള്‍ പേ ചെയ്താ മതിയെന്ന മറുപടിയും കൈലാഷ് കൊടുത്തിരുന്നു.