അസുഖം മാറാന്‍ മൂത്രം കുടിച്ചാല്‍ മതിയെന്ന പ്രസ്താവന ആവര്‍ത്തിച്ച് നടന്‍ കൊല്ലം തുളസി. മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് കൊല്ലം തുളസിയുടെ പരാമര്‍ശം.
താന്‍ കാന്‍സറിനെ അടക്കം അതിജീവിച്ചത് മൂത്രം കുടിച്ചിട്ടാണെന്നും നടന്‍ പറയുന്നുണ്ട്. ”എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴും എല്ലാ വാതിലുകളും കൊട്ടിയടയുമ്പോഴും എന്തിനെയും കയറി പ്രാപിക്കാന്‍ ശ്രമിക്കുന്ന മാനസികാവസ്ഥ എല്ലാവര്‍ക്കും ഉണ്ടാവാറുണ്ട്. എനിക്ക് കാന്‍സര്‍ പിടിപെട്ടപ്പോള്‍ കുറച്ചുനാള്‍ കൂടി ജീവിച്ചിരിക്കണമെന്ന മോഹം കാരണം പല വഴികളും തേടിയിരുന്നു.”
”അക്കൂട്ടത്തിലാണ് യൂറിന്‍ തെറാപ്പിയെ കുറിച്ചറിയുന്നത്. ഞാന്‍ വിജയിച്ചു. എനിക്കിപ്പോള്‍ 75 വയസ്സായി. എന്റെ ബലത്തിന്, ശക്തിക്ക് എന്റെ രക്ഷകനായി യൂറിന്‍ ഉള്ളിടത്തോളം ഞാന്‍ നില്‍ക്കും, ഉറപ്പാണ്. നമ്മള്‍ തമ്മില്‍ ഇനിയും കാണണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ തന്നെ മൂത്രം കുടിച്ചു തുടങ്ങിക്കോ. ഒരു ചെലവുമില്ല. ആശുപത്രിയില്‍ പോകണ്ട, ഡോക്ടറെ കാണണ്ട, മെഡിക്കല്‍ ഷോപ്പില്‍ പോകണ്ട.”
”അറിയുക, കുടിക്കുക. പലരും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, പറയാന്‍ ചമ്മലാണ്. ഇന്നല്ലെങ്കില്‍ നാളെ ലോകം ഉറക്കെ പറയുന്ന അവസരം വരും. ഞാന്‍ ഇക്കാര്യം ഉറക്കെപ്പറയുന്നതിന് വളരെ മ്ലേച്ചമായ തെറികള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. എന്റെ മൂത്രം ഞാന്‍ കുടിക്കുന്നതിനാണ് ഞാനീ തെറി കേള്‍ക്കുന്നത്. മൂത്രം പരിപാവനമാണ്, പരിശുദ്ധമാണ്, ഉപയോഗപ്രദമാണ്.”
”അസുഖം വന്നാല്‍ ആശുപത്രികള്‍ കയറിയിറങ്ങി സാധാരണക്കാരന്റെ ജീവിതം താറുമാറാകും. ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപ ചെലവായാലും ജീവന്‍ തിരിച്ചുകിട്ടാത്ത അവസ്ഥയാണ് ആധുനിക ലോകത്ത്. വിലയില്ലാതെ കിട്ടുന്ന വസ്തുവാണ് മൂത്രം. ഭാര്യയറിയാതെ ഭര്‍ത്താവിനും ഭര്‍ത്താവറിയാതെ ഭാര്യക്കും കുടിക്കാം. ഇതിന് ഒരു നാറ്റവുമില്ല.”
”നിങ്ങളുടെ സകലവിധ അസുഖങ്ങള്‍ക്കും നാണമില്ലാതെ മാനമില്ലാതെ കുടിക്കുക. നമ്മുടെ മൂത്രമാണ്, അന്യന്റേതല്ല. കുടിച്ചു തുടങ്ങിക്കോ. കുറച്ചുകാലം കൂടി ജീവിക്കാം, പണച്ചെലവില്ല. മെഡിക്കല്‍ ചെലവുകള്‍ താങ്ങാനാവാത്ത പാവപ്പെട്ടവരെ കണ്ടെത്തി അവരെ പറഞ്ഞു മനസിലാക്കേണ്ട ധാര്‍മികമായ കടമ നമുക്കുണ്ട്” എന്നാണ് കൊല്ലം തുളസി പറയുന്നത്.