ബെല്‍സ് പള്‍സി എന്ന അസുഖം ബാധിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് സിനിമാ- സീരിയല്‍ താരം മനോജ് കുമാര്‍ രംഗത്തെത്തിയിരുന്നു. അസുഖം ബാധിച്ച ശേഷം മുഖത്തിന്റെ ഇടതുഭാഗം കേടായി പോയി എന്നാണ് മനോജ് കുമാര്‍ പറഞ്ഞത്. നവംബറിലാണ് താരത്തിന് ഈ രോഗം ബാധിച്ചത്. താന്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ് എന്നാണ് ഇപ്പോള്‍ നടന്‍ വ്യക്തമാക്കുന്നത്.
താന്‍ തൊണ്ണൂറു ശതമാനത്തോളം പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്തി എന്നാണ് മനോജ് യൂട്യൂബ് ചാനലിലൂടെ പറയുന്നത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ഓരോരുത്തര്‍ക്കും നന്ദിയും അദ്ദേഹം പറയുന്നുണ്ട്. ഒപ്പം തന്റെ പ്രിയ സുഹൃത്ത് ആദിത്യനും മമ്മൂട്ടിയും വിളിച്ചതിനെ കുറിച്ചും ബന്ധുക്കള്‍ വേദനിച്ചതിനെ കുറിച്ചും മനോജ് പറയുന്നു.
മനോജിന്റെ വാക്കുകള്‍:
നിങ്ങളുടെ ഒക്കെ പ്രാര്‍ത്ഥന വളരെ വലുതാണ്. എന്റെ വിവരം അറിഞ്ഞിട്ട് നിരവധി ആളുകളാണ് വിളിച്ചു സംസാരിച്ചത്. ഞെട്ടിപ്പോയി. നമ്മളോടുള്ള നിങ്ങളുടെ സ്‌നേഹം കാണുമ്പൊള്‍ ശരിക്കും സന്തോഷമായി. ഇങ്ങനെയൊക്കെ വന്നതുകൊണ്ടാണല്ലോ ഇതൊക്കെ, ഈ സ്‌നേഹം ഒക്കെ തിരിച്ചറിയാന്‍ ആകുന്നത്. എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്.
ചിലര്‍ വിളിച്ചു കരയുകയാണ്. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും ആണ് ഞങ്ങളുടെ നിലനില്‍പ്പ്. ഓരോ ആളുകളുടെയും സ്‌നേഹം നമ്മള്‍ തിരിച്ചറിഞ്ഞു. സാന്ത്വനം സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ എനിക്ക് എന്റെ സഹോദരനെ പോലെയാണ്. ഞങ്ങള്‍ പരസ്പരം എല്ലാം പങ്കിടുന്നവരാണ്. ഞങ്ങളുടെ ആത്മബന്ധം വളരെയധികം വേരൂന്നിയതാണ്.
വീഡിയോ കണ്ടിട്ട് ആദിത്യന്‍ വിളിച്ചു പറഞ്ഞു ഞാന്‍ കരഞ്ഞു പോയെന്നു. നമ്മളോടുള്ള സ്‌നേഹത്തിന്റെ ആഴം മനസിലാകുന്നത് ഈ സന്ദര്‍ഭത്തിലാണ്. എനിക്ക് വേണ്ടി പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥിച്ചിരുന്നവര്‍ ഒരുപാടാണ്. മമ്മൂക്കയുടെ മെസേജ് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹവുമായി ഒന്നോ രണ്ടോ പടങ്ങളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.
ഈ വിവരം അറിഞ്ഞിട്ടാകാം എനിക്ക് അദ്ദേഹം മെസേജ് അയച്ചത്. തിരികെ മെസേജ് അയച്ചപ്പോള്‍ എന്നോട് വിഷമിക്കണ്ട എന്നും പറഞ്ഞു ആശ്വസിപ്പിച്ചു. അമ്മയുടെ മീറ്റിങ്ങിനു ചെന്നപ്പോള്‍ ബീനയോടും അദ്ദേഹം എന്റെ കാര്യങ്ങള്‍ അന്വേഷിച്ചു. ഒരുപാട് ആളുകള്‍ ആണ് വിളിച്ചത്. വിളിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ തന്നത് വലിയ ഊര്‍ജ്ജമാണ്. ചങ്കിലാണ് നിങ്ങള്‍ ഓരോരുത്തരും.
മിണ്ടുമ്പോള്‍ ചെറിയ പ്രശ്‌നം അത്ര മാത്രമേ ഉള്ളൂ. തൊണ്ണൂറു ശതമാനവും ഭേദമായിട്ടുണ്ട് ഇനി ബാക്കിയുള്ളത് പത്തു ശതമാനം മാത്രമാണ്. ഇത്രവേഗം ഭേദം ആകും എന്നോര്‍ത്തില്ല. കഴിഞ്ഞദിവസം ഒരു സങ്കടവര്‍ത്തയും ഒപ്പം സന്തോഷവാര്‍ത്തയും വന്നിരുന്നു. സങ്കടവര്‍ത്ത നമ്മുടെ എംഎല്‍എ യുടെ മരണവര്‍ത്തയാണ്. സന്തോഷവാര്‍ത്ത കഴിഞ്ഞദിവസം ഞാന്‍ എന്റെ സൗണ്ട് ടെസ്റ്റിങ്ങിനു പോയിരുന്നു.
അതില്‍ സെലെക്ഷന്‍ കിട്ടി. സായിപ്പ് പച്ചക്കൊടി കാണിച്ചു എന്നതാണ്. ഒരു ഇന്റര്‍നാഷണല്‍ മാര്‍വെല്‍ മൂവിക്ക് ഒരു പ്രധാന കഥാപാത്രത്തിന് ശബ്ദം നല്‍കാന്‍ ആണ് ഞാന്‍ സെലക്ഷനില്‍ പങ്കെടുത്തത്. പേര് ഇപ്പോള്‍ പുറത്തുപറയാന്‍ ആകില്ല മലയാളം സിനിമയാണ്. വലിയ വലിയ കമ്പനികള്‍ ഇടപെട്ട മൂവിയാണ്.
പിന്നെ സന്തോഷവാര്‍ത്തയാണ്, ഞാന്‍ സങ്കടം ആയാലും സന്തോഷം ആയാലും നിങ്ങളുമായി പറയാറുണ്ടല്ലോ അതുകൊണ്ട് പറഞ്ഞതാണ്. കുറച്ചു സീന്‍സൊക്കെ ഞാന്‍ ഡബ്ബ് ചെയ്തു. ഇത് വച്ചുകൊണ്ട് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ചെറിയ സ്ഥലങ്ങളില്‍ മാത്രമായിരുന്നു പ്രശ്‌നം.