എനിക്ക് എയ്ഡ്‌സ് ബാധിച്ചുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു.. ആരാധകര്‍ കൂട്ടത്തോടെ വീട്ടിലെത്തി, ചിലര്‍ കുഴഞ്ഞുവീണു; ദുരവസ്ഥ വെളിപ്പെുത്തി നടന്‍ മോഹന്‍

തമിഴില്‍ ഒരു കാലത്തെ റൊമാന്റിക് ഹീറോ ആയിരുന്നു നടന്‍ മോഹന്‍. ഒരുപാട് വിജയചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന മോഹന്റെ ചില ചിത്രങ്ങള്‍ പരാജയമായി മാറിയിരുന്നു. 80കളില്‍ എത്തിയ സിനിമകള്‍ മിക്കതും പരാജയപ്പെട്ടതോടെ മോഹന്‍ സിനിമയില്‍ നിന്നും ഔട്ട് ആയി. അഭിനയത്തില്‍ നിന്നും താരം വിട്ടു നിന്നതോടെ നടന് എയ്ഡ്‌സ് ആണെന്ന ഗോസിപ്പുകളും എത്തിയിരുന്നു.

1990കളില്‍ പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ ഇപ്പോള്‍. തന്റെ പുതിയ ചിത്രം ‘ഹര’യുടെ പ്രൊമോഷനിടെയാണ് നടന്‍ അന്ന് പ്രചരിച്ച അഭ്യൂഹങ്ങളെ കുറിച്ച് സംസാരിച്ചത്. ആ വാര്‍ത്ത അറിഞ്ഞതോടെ തന്റെ ആരാധകര്‍ വീട്ടിലേക്ക് കൂട്ടത്തോടെ എത്തി.

ചിലര്‍ കുഴഞ്ഞുവീഴുന്നതും മറ്റും കണ്ടിട്ടുണ്ട്. ആ വാര്‍ത്ത തന്നെയും കുടുംബത്തെയും വളരെയധികം വിഷമിപ്പിച്ചു. എയ്ഡ്സ് അഭ്യൂഹങ്ങള്‍ പരസ്യമായി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നെ സമീപിച്ചിരുന്നു. വാര്‍ത്തകള്‍ തെറ്റാണെന്ന് മാധ്യമങ്ങള്‍ക്ക് തന്നെ ബോധ്യമുണ്ട്.

അത് തെറ്റാണെന്ന് മാധ്യമങ്ങള്‍ക്ക് പറഞ്ഞാല്‍പ്പോരെ എന്തിനാണ് പ്രസ്താവന നടത്തേണ്ടത് എന്നാണ് മാധ്യമപ്രവര്‍ത്തകനോട് തിരിച്ചു ചോദിച്ചത്. അന്നത്തെ സാഹചര്യത്തില്‍ നിരാശയും രോഷവും കൊണ്ടാണ് അന്ന് അങ്ങനെ ചോദിച്ചത്. അടിസ്ഥാനരഹിതമായ ഇത്തരം ഗോസിപ്പുകള്‍ നിരസിക്കാനുള്ള ഉത്തരവാദിത്തം തനിക്കില്ല.

ഇത്തരം കാര്യങ്ങള്‍ നുണയാണെന്ന് വ്യക്തമായി അറിയാവുന്ന സ്ഥിതിക്ക് താന്‍ പ്രസ്താവന നടത്തില്ലെന്ന നിലപാടില്‍ അടിയുറച്ചു നിന്നു എന്നാണ് മോഹന്‍ പറയുന്നത്. അതേസമയം, 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ അഭിനയിക്കുന്ന ചിത്രമാണ് ഹര. വിജയ്-വെങ്കട് പ്രഭു ചിത്രം ‘ദ ഗോട്ടി’ലും മോഹന്‍ അഭിനയിക്കുന്നുണ്ട്.