മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത ക്യാമ്പസ് ചിത്രമാണ് ‘ക്ലാസ്‌മേറ്റ്‌സ്’. 2006ല്‍ ലാല്‍ജോസിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കാവ്യ മാധവന്‍, ബാലചന്ദ്രമേനോന്‍ തുടങ്ങി നിരവധി താരങ്ങളും വേഷമിട്ടിരുന്നു. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി നരേനും എത്തിയിരുന്നു.
ക്ലാസ്‌മേറ്റ്‌സ് സിനിമയ്ക്ക് രണ്ടാം ഭാഗം വരികയാണെങ്കില്‍ വേണ്ട എന്നാണ് തന്റെ അഭിപ്രായം എന്ന് പറയുകയാണ് നരേന്‍. എവിടെ പോയാലും ആരെങ്കിലുമൊക്കെ ക്ലാസ്‌മേറ്റ്‌സിന്റെ പാര്‍ട്ട് 2 ഉണ്ടാകുമോ എന്ന് ചോദിക്കാറുണ്ട്. പാര്‍ട്ട് 2 വന്നാല്‍ താന്‍ ഉണ്ടാവില്ലല്ലോ സിനിമയില്‍. അതുകൊണ്ട് വേണ്ട എന്നാണ് അഭിപ്രായം.
തൃശൂര്‍ കേരളവര്‍മ്മ കോളജിലാണ് താന്‍ പഠിച്ചത്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ മുരളി എന്ന കഥാപാത്രം ഹൃദയത്തോട് അടുത്ത് നില്‍ക്കുന്നതാണ്. സിനിമയില്‍ കഥാപാത്രത്തിന് ഉണ്ടാകുന്ന മരണം ഒഴിച്ച് കഴിഞ്ഞാല്‍ മുരളിയെ പോലെ ഒരാളായിരുന്നു താനും.
കോളജ് ലൈഫില്‍ തനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം. എല്ലാ പ്രശ്‌നങ്ങളും സോള്‍വ് ചെയ്യുന്ന എസ്എഫ്‌ഐയോടും കെഎസ്യുവിനോടും അടുത്ത് നില്‍ക്കുന്ന ഒരാളായിരുന്നു. തന്റെ കോളേജ് ജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെടുത്താന്‍ കഴിഞ്ഞ ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്.
Read more
ഇപ്പോഴും എവിടെ ചെല്ലുമ്പോഴും ക്ലാസ്‌മേറ്റ്‌സിലെ പാട്ട് പറഞ്ഞു തന്നെ പരിചയപ്പെടുത്താറുണ്ട് എന്നാണ് നരേന്‍ പറയുന്നത്. അതേസമയം, 25 കോടി കളക്ഷന്‍ നേടിയ ചിത്രമായിരുന്നു, അന്ന് ചെറിയ ബജറ്റിലൊരുക്കിയ ക്ലാസ്‌മേറ്റ്‌സ്. ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്.