മലയാള സിനിമ അന്താരാഷ്ട്ര തലത്തിലേക്ക് ഉയരണമെന്ന് നടി പാര്‍വതി

മലയാള സിനിമ അന്താരാഷ്ട്രതലത്തിലേക്ക് ഉയരണമെന്ന് ഗോവ ചലച്ചിത്രമേള പുരസ്‌കാര ജേതാവ് നടി പാര്‍വതി. നടിയെന്ന നിലയില്‍ എവിടെ ചെന്നാലും നാല് കാലില്‍ വീഴണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. മലയാള സിനിമ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടണം. മലയാളം സിനിമ അന്താരാഷ്ട്ര നിലവാരമുള്ളതാണ് എന്നാൽ ഉയരുന്നില്ല;-പാർവതി പറഞ്ഞു.

മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്നതാണ് ലക്ഷ്യം. അതിനായി കലയുള്ള ഏത് മേഖലയിലും പ്രവര്‍ത്തിക്കും. അഭിനയം മാത്രമെ ചെയ്യൂ എന്നൊന്നുമില്ല. മറ്റ് ഏതൊക്കെ രംഗത്ത് എങ്ങനെയൊക്കെ എന്ന് പറയുന്നതിലും അതൊക്കെ ചെയ്ത് കാണിക്കാനാണിഷ്ടം. ഞാന്‍ നടി എന്നതിലുപരി ഒരു ഇന്ത്യന്‍ പൗരയാണ്. ദേശത്തിന് വേണ്ടി മലയാള സിനിമയെ ആഗോളതലത്തിലേക്ക് ഉയര്‍ത്താന്‍ കഴിയണം. അതിന് കലയാണ് എന്റെ കയ്യിലുള്ള ആയുധം. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അവർ.

സെക്‌സി ദുര്‍ഗയെന്ന സിനിമയുടെ പേര് എസ് ദുര്‍ഗയെന്ന് ആക്കിയത് സെക്‌സിയെന്നും ദുര്‍ഗയെന്നും ഒരേ നിരയില്‍ വരുന്നത് ചിലര്‍ക്ക് ബുദ്ധിമുട്ടായതിനാലാണ്. വിശ്വാസത്തിന്റെ പേരില്‍ കലയെ നിര്‍ത്തിവെക്കുന്നത് അത് അവരുടെ തന്നെ അരക്ഷിതാവസ്ഥയാണെന്നും പാർവതി കൂട്ടിച്ചേർത്തു. സദാചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പത്മാവതി അടക്കമുള്ള സിനിമകളെ തടഞ്ഞു വെക്കുന്നവരോട് പാര്‍വതിക്ക് ചോദിക്കാനുള്ളത് “നന്നായിക്കൂടേ”യെന്നാണ്. ടേക്ക് ഓഫ് എന്ന സിനിമയുടെ അഭിനയത്തിലൂടെ ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ പാർവതി നിർമാണ മേഖലയിലേക്കും പരീക്ഷണം നടത്താൻ ആഗ്രഹിക്കുന്നതായി പറഞ്ഞു.

സിനിമയെന്താണെന്നും കലയെന്താണെന്നും ആദ്യം മനസിലാക്കുക. ആരെയെങ്കിലും അവഹേളിക്കാനോ ആരുടെയെങ്കിലും ജീവിതം താറുമാറാക്കാനോ അല്ല സിനിമ. ഇഷ്ടമില്ലാത്ത സിനിമകള്‍ കാണണ്ട. അതിനെക്കുറിച്ച് റിവ്യൂ എഴുതൂ. എല്ലാവര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. അന്യോന്യം കൊല്ലാന്‍ നടന്നാല്‍ ആരും ബാക്കിയുണ്ടാകില്ലല്ലോ. വിവാദ നായിക ദീപികയെയും പത്മാവതിയെയും പിന്തുണയ്ക്കുന്നതായും പാര്‍വതി വ്യക്തമാക്കി.