'ലൈംഗികാതിക്രമങ്ങള്‍ കാട്ടുന്ന മനുഷ്യമൃഗങ്ങള്‍ക്ക് തെരുവുനായ്ക്കളെയെന്ന പോലെ വന്ധ്യംകരണത്തിന് വിധേയമാക്കാനുള്ള നിയമം ഉണ്ടാകണം'

വാളയാര്‍ കേസില്‍ പുനരന്വേഷണത്തിനായി ആവശ്യം ശക്തമാകുമ്പോള്‍ സ്ത്രീകളുടെയും കുരുന്നുകളുടെയും ദുരവസ്ഥ പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രേംകുമാറിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു. അത്യന്തം ഭീതിതമായ ഒരു കാലത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നതെന്നും തെരുവുകളില്‍ മാത്രമല്ല വീടിന്റെ അകത്തളങ്ങളില്‍ നിന്നും സ്ത്രീകളുടെയും കുട്ടികളുടെയും നിലയ്ക്കാത്ത നിലവിളികള്‍ ഉയരുന്നു എന്നും സോഷ്യല്‍ മീഡിയയില്‍പങ്കുവെച്ച കുറിപ്പില്‍ പ്രേംകുമാര്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം…

നമുക്കുചുറ്റും ഇരുള്‍ പരക്കുമ്പോള്‍…

അടുത്തകാലത്ത് കേള്‍ക്കുന്ന വാര്‍ത്തകളധികവും മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരതകളുടേതാണ്. മനുഷ്യന് ചെയ്യാന്‍ കഴിയുന്ന ക്രൂരതയ്ക്ക് ചില അതിര്‍ വരമ്പുകളുണ്ടെന്നാണ് നാം ധരിച്ചിരുന്നത്. എന്നാല്‍ എല്ലാ അതിരുകളെയും ലംഘിച്ചു കൊണ്ട് “ക്രൗര്യം” വഴി മാറി സഞ്ചരിക്കുകയാണ്, “”സാക്ഷരന്‍” എന്ന പദം ഒന്നു തിരിഞ്ഞുപോയാല്‍ “രാക്ഷസന്‍” ആകും എന്ന പറച്ചിലിനെ സാധൂകരിക്കുന്ന തരത്തില്‍ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന അത്യന്തം ഹീനമായ സംഭവങ്ങളാണ് അനുദിനം പെരുകുന്നത്.

ഒരു നാടിന്റെ സംസ്‌കാരത്തിന്റെ സൂചകങ്ങളായി പരിഗണിക്കേണ്ടത് അവിടത്തെ സത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവിത നിലവാരവും സുരക്ഷയുമൊക്കെയാണ്. അത്ഉറപ്പാക്കിയില്ലെങ്കില്‍ നമ്മുടെ എല്ലാ മേനി പറച്ചിലുകളും പൊള്ളയാണെന്ന് വെളിവാകും. അങ്ങനെയൊരു സമൂഹം ഏറ്റവും പ്രാകൃതമെന്ന് വിലയിരുത്തപ്പെടും. അത്യന്തം ഭീതിതമായ ഒരു കാലത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നത്. തെരുവുകളില്‍ മാത്രമല്ല വീടിന്റെ അകത്തളങ്ങളില്‍ നിന്നും സ്ത്രീകളുടെയും കുട്ടികളുടെയും നിലയ്ക്കാത്ത നിലവിളികള്‍ ഉയരുന്നു. പ്രത്യേകിച്ചും കുരുന്നുകുഞ്ഞുങ്ങളുടെ.

തൊടുപുഴയില്‍ ഒരു മനുഷ്യപ്പിശാചിന്റെ കിരാത മര്‍ദ്ദനത്തിനിരയായി മരണത്തിന് കീഴടങ്ങിയ ഏഴു വയസ്സുകാരന്റെ തീരാവേദനയുടെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും നാം ഇനിയും മുക്തരായിട്ടില്ല. അങ്ങനെ എത്രയെത കൊടും പാതകങ്ങള്‍. ഇപ്പോള്‍ വാളയാറിലെ ആ കുഞ്ഞു മക്കള്‍ , ഒരു കൊച്ചേച്ചിയും കുഞ്ഞനിയത്തിയും. ആ നിഷ്‌കളങ്ക ബാല്യങ്ങള്‍ അനുഭവിച്ചു തീര്‍ത്ത നോവിന്റെ ആഴം വ്യക്തമാക്കാന്‍ ഭാഷ പോലും അശക്തമാണ്. എത്രമാത്രം കൊടിയ പീഡനങ്ങള്‍ ആ കുരുന്നുകള്‍ അനുഭവിച്ചിട്ടുണ്ടാകും ആ നരാധമന്മാരില്‍ നിന്ന്.

സ്‌നേഹവും വാത്സല്യവും ലാളനയും സുരക്ഷിതത്വവും സംരക്ഷണവുമെല്ലാം നല്‍കി ആര്‍ദ്രതയോടെ നാം നെഞ്ചോടു ചേര്‍ത്തു നിര്‍ത്തേണ്ട കുഞ്ഞുങ്ങള്‍. ആ പിഞ്ചോമനകളാണ് പീഢിപ്പിക്കപ്പെടുകയും പിച്ചിച്ചീന്തപ്പെടുകയും ചെയ്യുന്നത്. ആ ശിശുരോദനങ്ങളാണ് നമുക്ക് ചുറ്റും ഇരുള്‍ പരത്തികൊണ്ട് മുഴങ്ങിക്കേള്‍ക്കുന്നത്. ഈ കെട്ട കാലത്തിന്റെ ആസുരതയോര്‍ത്ത് ഉളള് ഞരങ്ങുന്നു. നീതി നിഷേധിക്കപ്പെട്ട കുഞ്ഞു കണ്ണുകളിലെ നിസ്സഹായതയും നിരാശ്രയത്വവും നിരാശയും എന്നെ വല്ലാതെ ഉലയ്ക്കുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ വറ്റിവരണ്ട ജീവിതം തന്നെ ചോദ്യചിഹ്നമായിരുന്ന വാളയാറിലെ കുട്ടികള്‍ തീര്‍ത്തും ദരിദ്രരായിരുന്നു. വിശപ്പടക്കാന്‍ കിട്ടുന്ന അല്‍പം ആഹാരം മാത്രമാണ് ആ കണ്ണുകള്‍ ആര്‍ത്തിയോടെ കാത്തിരുന്നത്. ആ കാത്തിരുപ്പിലാണ് കഴുകന്‍മാര്‍ അതി നീചമായി കൊത്തിപ്പറിച്ച് ഒടുവില്‍ കഴുത്തില്‍ കയര്‍ കുരുക്കി ജീവനും ജീവിതവുമെല്ലാം തൂക്കിലേറ്റിയത്.

ഭയം തളം കെട്ടിയ ആ കുഞ്ഞുകണ്ണുകളില്‍ എരിയുന്ന പകയും നിറയുന്ന പുച്ഛവും ഞാന്‍ കാണുന്നു. ആ കണ്ണുകളുടെ തുറിച്ചു നോട്ടം എന്നെ വേട്ടയാടുന്നു. മൂര്‍ച്ചയോടെ തുളച്ചുകയറുന്ന ആ നോട്ടം കണ്ണുകള്‍ മൂടിക്കെട്ടിയിരിക്കുന്ന നിയമ നീതിന്യായ വ്യവസ്ഥകള്‍ക്ക് നേരെയാണ്. അന്വേഷണം വഴിതെറ്റിച്ച്, തെളിവുകളുണ്ടായിരുന്നിട്ടും മൊഴികളുണ്ടായിരുന്നിട്ടും അതൊക്കെ മറച്ചുവച്ച് കുറ്റവാളികളെ രക്ഷിക്കാന്‍ കൂട്ടുനിന്ന അന്വേഷണ സംഘത്തിന് നേരെയാണ്. അവകാശങ്ങളൊന്നും സംരക്ഷിക്കാന്‍ ശക്തിയില്ലാത്ത വിവിധ അവകാശ കമ്മീഷനുകള്‍ക്ക് നേരെയാണ്. എല്ലാ അധികാര സ്ഥാനങ്ങള്‍ക്കും നേരെയാണ്.

ഒട്ടും പ്രതികരിക്കാതെ കുറ്റകരമായ മൗനം പാലിക്കുന്ന നമ്മള്‍ ഓരോരുത്തരുടെയും നേരെയാണ്. നീതി നിഷേധത്തിനെതിരെ നടപടിയെടുക്കാന്‍, നീതി നടപ്പാക്കാന്‍ എത്രയെത്ര സംവിധാനങ്ങളുണ്ടിവിടെ; ഭരണംകൂടം തന്നെ അതിനു വേണ്ടിയല്ലേ. എന്നിട്ടുമെന്തേ നമ്മുടെ കുഞ്ഞുങ്ങളിങ്ങനെ നിര്‍ദ്ദയം വേട്ടനായ്ക്കളാല്‍ കടിച്ചുകീറപ്പെടുന്നത്?

എല്ലാറ്റിനേക്കാളും വലുത് ജീവനും ജീവിതവും ഭരണഘടന ഉറപ്പു നല്‍കുന്ന നീതിയും അവകാശ സംരക്ഷണവുമൊക്കെയാണ്. അതു തിരിച്ചറിയാതെ ആ കുഞ്ഞുങ്ങളുടെ ജാതി മത രാഷ്ട്രീയ സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ തേടി നടക്കുകയാണ് ചിലരിപ്പോള്‍. ചാനലുകളില്‍ അത്തരം ചര്‍ച്ചകള്‍ കൊഴുക്കുന്നു. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ പരിഷ്‌കൃത സമൂഹം എന്ന് നാം അവകാശപ്പെടുന്നു. അതില്‍ ഊറ്റം കൊള്ളുന്നു. ഇനിയിപ്പോള്‍ വേണ്ടത് ചര്‍ച്ചകളും സംവാദങ്ങളുമല്ല..

“ആലോചിക്കും… സാധ്യതകള്‍ ആരായും. റിപ്പോര്‍ട്ട് തേടും… വീഴ്ചയുണ്ടായി. ജാഗ്രത കുറവുണ്ടായി. എല്ലാം പരിശോധിക്കും. നിയമം നിയമത്തിന്റെ വഴിക്ക് പോകും” എന്നുള്ള ആത്മാര്‍ത്ഥത തെല്ലുമില്ലാത്ത സ്ഥിരം പല്ലവികളുമല്ല. എത്രയും വേഗം സത്യസന്ധമായ , ആത്മാര്‍തതയും ആര്‍ജവവുമുള്ള പുനരന്വേഷണം ഉണ്ടാകണം.

ഈ സമൂഹത്തിനു മുഴുവന്‍ ഭീഷണിയായിട്ടുള്ള ആ കൊടും കുറ്റവാളികളും അവരെ വിശുദ്ധരാക്കി സംരക്ഷിക്കാന്‍ ശ്രമിച്ച കൂട്ടുപ്രതികളും ആരും രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലാത്ത , എല്ലാ തെളിവുകളോടും കൂടിയ കൃത്യതയുള്ള പുനര്‍വിചാരണയുമുണ്ടാകണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ആ പിശാചുകള്‍ക്ക് ലഭിക്കുക തന്നെ വേണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ലൈംഗികാതിക്രമങ്ങള്‍ കാട്ടുന്ന മനുഷ്യമൃഗങ്ങള്‍ക്ക് ചുരുങ്ങിയപക്ഷം തെരുവുനായ്ക്കളെയെന്ന പോലെ വന്ധ്യംകരണത്തിന് വിധേയമാക്കാനുള്ള നിയമം എങ്കിലും ഇവിടെ ഉണ്ടാകണം.

ഇനി ഒരു കുഞ്ഞിന്റെയും കണ്ണുകള്‍ നിറയരുത് , കുഞ്ഞുങ്ങളുടെ കണ്ണീര്‍ വീഴുന്ന മണ്ണ് ശാപം നിറഞ്ഞതാണ്. ഒരു കുഞ്ഞും ഇനി ഇവിടെ ചവിട്ടിയരയ്ക്കപ്പെടരുത്. എട്ടും പൊട്ടും തിരിയാത്ത കുരുന്നു കുഞ്ഞുങ്ങളെ അരുംകൊല ചെയ്യുന്നതും , അതിനെ ആത്മഹത്യ എന്ന ഓമന പേരിട്ട് വിളിക്കുന്നതും ഇനി ഒരിക്കലും ഉണ്ടാകരുത് . ഇത് ഇവിടെ ജീവിക്കുന്ന ഇനി ജീവിക്കാനുള്ള ഓരോ കുഞ്ഞിന്റെയും രക്ഷകര്‍ത്താക്കള്‍ക്കുള്ള മുന്നറിയിപ്പാണ് . പൊതു സമൂഹത്തിനു മുഴുവനുമായുള്ള മുന്നറിയിപ്പാണ് . ഓരോ കുഞ്ഞും നമ്മുടെയാണ് , നമ്മുടെ സ്വന്തം ചോരയാണ് എന്ന മാനവികതയുടെ ചിന്ത നമുക്കുണ്ടാവണം . അപ്പോള്‍ ഈ കുഞ്ഞു പൂവുകള്‍ക്ക് ഒരു ചെറിയ പോറല്‍ ഏറ്റാല്‍ പോലും നമ്മുടെ ഉള്ളു പൊള്ളും. ഞാനും ഒരു കുഞ്ഞിന്റെ അച്ഛനാണ്. നീണ്ട എട്ടു വര്‍ഷം കാത്ത് കാത്തിരുന്ന് നിരന്തരമായുള്ള പ്രാര്‍ഥനയ്ക്കുത്തരമായി ദൈവം നിധിപോലെ നല്‍കിയ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛന്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം