രാഷ്ട്രീയം പറയാൻ ഇനി എന്നെ വിളിക്കരുതെന്ന് ആഷിക് അബുവിനോട് പറഞ്ഞു: സിദ്ധാർത്ഥ്

സിനിമയ്ക്ക് പുറത്ത് തന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന താരമാണ് തമിഴ് താരം സിദ്ധാർത്ഥ്. അത്തരം രാഷ്ട്രീയ നിലപാടുകളുടെ പേരിൽ നിരവധി വിമർശനങ്ങളും സൈബർ ആക്രമണവും വരെ സിദ്ധാർത്ഥ് നേരിട്ടിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ ‘ചിറ്റാ’യുടെ പ്രൊമോഷൻ പരിപാടിയിൽ സംവിധായകൻ ആഷിക് അബുവിനെ കുറിച്ച് സിദ്ധാർത്ഥ് പറഞ്ഞ കാര്യങ്ങളാണ് സിനിമാലോകം ചർച്ചചെയ്യുന്നത്.

“കേരളത്തിൽ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും സ്വീകരിക്കപ്പെടാറുണ്ട് എന്നതിൽ സന്തോഷമുണ്ട്. ഒരിക്കൽ ആഷിക് അബു എന്നെ വിളിച്ച് അഭിനന്ദിച്ചു. എന്തിനാണ് അഭിനന്ദിച്ചത് എന്ന് ചോദിച്ചപ്പോൾ എന്റെ ഏതോ ഒരു രാഷ്ട്രീയനിലപാടിനായിരുന്നു. അപ്പോൾ ഞാൻ ആഷികിനോട് പറഞ്ഞു ആഷിക് അടുത്ത തവണ നിങ്ങൾ എന്റെ ഒരു ചിത്രം കണ്ട് അതിലെ അഭിനയം കൊള്ളാം എന്ന് പറഞ്ഞു വിളിക്കണം.

ഞാൻ രാഷ്ട്രീയക്കാരനോ, സ്വാതന്ത്ര്യ സമര സേനാനിയൊ അല്ല. ഞാൻ ഒരു അഭിനേതാവാണ്. അടുത്ത തവണ സിനിമ കണ്ട ഇഷ്ടപ്പെട്ട് വിളിക്കാൻ പറഞ്ഞു. ഞാൻ അങ്ങനെയാണ് ഇത്തരം കാര്യങ്ങളെ കാണുന്നത്. ഞാൻ ആരാണെന്നതിൽ ഉറച്ചുനിൽക്കുന്നു. അതേ സമയം എന്റെ ആത്മാർത്ഥയും ദേഷ്യവും എല്ലാം ഇവിടെ തന്നെ കാണും. എനിക്ക് ഒരിക്കലും ഭയം ഉണ്ടാകില്ല.”  സിദ്ധാർത്ഥ് പറഞ്ഞു.

Read more

പന്നൈയാറും പദ്മിനിയും, സേതുപതി എന്നീ ചിത്രങ്ങളുടെ സംവിധായകൻ എസ്. യു അരുൺ സംവിധാനം ചെയ്ത് സിദ്ധാർത്ഥ് നായകനായയെത്തിയ ‘ചിറ്റാ’യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.