സ്വമേധയാ രാജി വച്ചതാണ്, ഇനി സ്ഥാനത്ത് തുടരേണ്ട എന്ന് തോന്നി..; രാജിക്ക് പിന്നാലെ പ്രതികരിച്ച് സിദ്ദിഖ്

ലൈംഗികാരോപണങ്ങള്‍ വന്നതിനാല്‍ ‘അമ്മ’യില്‍ നിന്നും സ്വയം രാജി വച്ചതാണെന്ന് നടന്‍ സിദ്ദിഖ്. രാജിക്കത്ത് ഈമെയില്‍ ആയി സംഘടനയുടെ പ്രസിഡന്റ് ആയ മോഹന്‍ലാലിന് അയച്ചിട്ടുണ്ടെന്നും സിദ്ദിഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

”ഞാന്‍ ഔദ്യോഗികമായ രാജി പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചിട്ടുണ്ട്. എനിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ വരുമ്പോള്‍ ഞാന്‍ അവിടെ തുടരേണ്ട ആവശ്യമില്ല എന്ന് തോന്നിയത് കൊണ്ട് മാത്രമാണ് സ്വമേധയാ രാജി വച്ചത്” എന്നാണ് സിദ്ദിഖ് പറയുന്നത്.

നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലുകളോട് അതിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ല എന്നാണ് സിദ്ദിഖ് പറഞ്ഞത്. അതേസമയം, ചെറിയ പ്രായത്തിലാണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയത് എന്നാണ് നടി പറയുന്നത്. പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടുകയായിരുന്നു.

വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്. പക്ഷേ, അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ ഒരു ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. മോളേ… എന്ന് വിളിച്ചാണ് സമീപിച്ചത്.

ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയതേയില്ല. അവിടെ പോയപ്പോഴാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു. അയാള്‍ എന്നെ പൂട്ടിയിട്ടു. അവിടെ നിന്ന് രക്ഷപ്പെട്ടതാണ്. സിദ്ധിഖ് നമ്പര്‍ വണ്‍ ക്രിമിനലാണ്. ഇപ്പോള്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാം. ഇയാള്‍ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നങ്ങളാണ്, എന്റെ മാനസികാരോഗ്യമാണ്. സഹായം ചോദിച്ച് ഞാന്‍ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല.

എനിക്ക് എന്റെ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് മാത്രമല്ല എന്റെ പല സുഹൃത്തുക്കള്‍ക്കും അയാളില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. 2019ല്‍ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ ഞാന്‍ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് രേവതി പറഞ്ഞത്.