അസുരന്‍ വിജയമായതോടെ വെട്രിമാരന്റെ അടുത്ത സിനിമയില്‍ നായകനാവാനുള്ള സാധ്യത കുറയുമെന്ന് തോന്നി, സംഭവിച്ചത് ഇങ്ങനെ: നടന്‍ സൂരി

ഹാസ്യ കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ ശ്രദ്ധ നേടിയ താരമാണ് സൂരി. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ എന്ന സിനിമയില്‍ നായക വേഷത്തില്‍ എത്താന്‍ ഒരുങ്ങുകയാണ് താരം. കോമഡി റോളുകളില്‍ നിന്നും മാറി മറ്റ് എന്തെങ്കിലും ചെയ്യണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നതായും ഒടുവില്‍ അത്തരത്തില്‍ ഒരു വേഷം കിട്ടിയതായും സൂരി പറയുന്നു.

വെട്രിമാരന്റെ ഓഫര്‍ വന്നപ്പോള്‍ നല്ല വേഷമായിരിക്കുമെന്ന് കരുതിയാണ് താന്‍ ചെന്നത്. അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിയപ്പോഴാണ് താന്‍ നായകനായാണ് അഭിനയിക്കുന്നത് എന്ന് അറിഞ്ഞത് എന്നാണ് സൂരി പറയുന്നത്. കേട്ടപ്പോള്‍ വളരെയധികം സന്തോഷമായെന്നും ഇക്കാര്യം രഹസ്യമായി വച്ചിരിക്കുകയായിരുന്നു.

തനിക്കും വെട്രിക്കും ക്യാമറാമാന്‍ വേല്‍രാജിനും മാത്രമായിരുന്നു ഇക്കാര്യം അറിയാവുന്നത്. എന്നാല്‍ അസുരന്‍ വന്‍ വിജയമായതോടെ വെട്രിയുടെ സിനിമയില്‍ നായകനാവാനുള്ള തന്റെ സാധ്യത കുറയുമോ എന്ന് തോന്നിയിരുന്നു. തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് താന്‍ തന്നെ ആ റോള്‍ ചെയ്താല്‍ മതിയെന്ന വെട്രിമാരന്‍ പറയുകയും അഡ്വാന്‍സായി ഒരു ചെക്ക് നല്‍കുകയും ചെയ്തു.

Read more

ഇതിന് ശേഷമാണ് താന്‍ വെട്രിയുടെ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം മറ്റൊരാളോട് പറഞ്ഞത്. ആദ്യമായി പറയുന്നത് ശിവകാര്‍ത്തികേയനോടാണ്. അതിന് ശേഷമാണ് തന്റെ മാനേജര്‍ പോലും അറിയുന്നതെന്നും സൂരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ സൂരി എത്തുന്നത്.