സംവിധായകന്‍ വിനയന്‍ ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നാണ് “ഡ്രാക്കുള”. നടന്‍ സുധീര്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ ചിത്രം പരാജയമായിരുന്നു. ആ ചിത്രം കൊണ്ട് താനനുഭവിച്ച ടെന്‍ഷനും കേട്ട ചീത്തപ്പേരുകള്‍ക്കും കയ്യും കണക്കുമില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുധീര്‍ ഇപ്പോള്‍. വനിത മാഗസിന്‍ നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
നിരവധി സിനിമകളില്‍ പ്രതിനായകനായും സഹായിയായും അഭിനയിച്ച തന്റെ കരിയറില്‍ മാറ്റം വന്നത് വിനയന്‍ സാറിനൊപ്പം ചേര്‍ന്നപ്പോഴാണ് എന്നാണ് സുധീര്‍ പറയുന്നത്. വിനയന്‍ സാറിന്റെ എല്ലാ മോശം കാലത്തും താന്‍ അദ്ദേഹത്തിനൊപ്പം നിഴലായി നിന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം തനിക്കു വേണ്ടി ഡ്രാക്കുള എന്ന ചിത്രം ചെയ്തതും.
പക്ഷേ, ആ സിനിമ കൊണ്ട് താന്‍ അനുഭവിച്ച ടെന്‍ഷനും കേട്ട ചീത്തപ്പേരുകള്‍ക്കും കയ്യും കണക്കുമില്ല. ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും നെഗറ്റീവ് എനര്‍ജി സംഭവിക്കുമെന്ന് വിനയന്‍ സാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും വലിയ കാര്യമായി എടുത്തില്ല. പക്ഷേ, അനുഭവത്തില്‍ വന്നപ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ എന്നാണ് സുധീര്‍ പറയുന്നത്.
Read more
സിഐഡി മൂസയിലെ വില്ലന്‍ വേഷത്തിലൂടെയാണ് സുധീര്‍ ശ്രദ്ധേയനാകുന്നത്. ചേര്‍ത്തലക്കാരനായ സുധീര്‍ സൗദിയില്‍ സ്ഥിരതാമസക്കാരനായിരുന്നു. അവധിക്ക് നാട്ടിലെത്തുമ്പോള്‍ സിനിമാ സെറ്റുകളില്‍ പോയി മുഖം കാണിക്കും അങ്ങനെയാണ് സിഐഡി മൂസയില്‍ അവസരം കിട്ടിയതെന്നാണ് താരം പറയുന്നത്. അതേസമയം, കാന്‍സര്‍ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ് സുധീര്‍ ഇപ്പോള്‍.