കാതൽ സിനിമ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടികൊണ്ടിരിക്കുമ്പോൾ ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തിനൊപ്പം തന്നെ കയ്യടി നേടിയ കഥാപാത്രമായിരുന്നു സുധി കോഴിക്കോട് അവതരിപ്പിച്ച തങ്കൻ എന്ന കഥാപാത്രം.
അധികം സംഭാഷങ്ങളോ മറ്റോ ഇല്ലാതെ തന്നെ ഗംഭീരമായാണ് സുധി ആ കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ചത്. ആദ്യ കാലങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെയും നാടക വേദികളിലൂടെയും സജീവമായ സുധി ‘രഞ്ജിത് സംവിധാനം ചെയ്ത ‘പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് മുഖ്യധാരാ സിനിമയിൽ സജീവമാവുന്നത്.
ജിയോ ബേബിയുമായുള്ള പരിചയമാണ് പിന്നീട് സുധിക്ക് മികച്ച വേഷങ്ങൾ സമ്മാനിച്ചത്. ജിയോ ബേബിയുടെ തന്നെ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’, ‘ഫ്രീഡം ഫൈറ്റ്’, ‘ശ്രീധന്യ കാറ്ററിങ്’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ സുധി ചെയ്യുകയുണ്ടായി.
ഇപ്പോൾ പുറത്തിറങ്ങിയ കാതൽ സുധിയുടെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് എന്നാണ് നിരൂപകർ വിലയിരുത്തുന്നത്. കാതലിലേക്ക് വിളിക്കുമ്പോൾ ഇത്രയും വലിയൊരു കഥാപാത്രത്തെയാണ് തരുന്നതെന്ന് അറിയില്ലായിരുന്നു എന്നാണ് സുധി പറയുന്നത്.
“ചിത്രത്തിന് വേണ്ടിയാണ് ജിയോ തന്ന കിഷോർ കുമാർ എഴുതിയ ‘രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ’ എന്ന പുസ്തകം വായിക്കുന്നത്. അതിലൂടെയാണ് ഞാൻ എന്റെ കഥാപാത്രത്തെ പൂർണമായി മനസിലാക്കുന്നത്. കാതൽ പ്രേക്ഷകർക്കുണ്ടാക്കുന്ന മാറ്റത്തേക്കാൾ എനിക്കുണ്ടാക്കിയ വലിയ ഒരു മാറ്റമുണ്ട്. ഈ ചിത്രത്തിൽ അഭിനയിക്കാൻ വരുന്നതുവരെ സ്വവർഗലൈംഗികത ഒരു രോഗമാണെന്ന പൊതുധാരണയിൽ തന്നെയായിരുന്നു ഞാനും ജീവിച്ചിരുന്നത്.
പക്ഷേ ഈ ചിത്രത്തിനായി കൂടുതൽ വായിക്കുകയും മനസിലാക്കുകയും ചെയ്തപ്പോളാണ് ഇത് വളരെ സ്വാഭാവികമായ ഒന്നാണെന്നും ഒരിക്കലും ഒരു രോഗാവസ്ഥയല്ലെന്നും നമുക്കിടയിൽ തന്നെ പ്രത്യേകിച്ച് ഗേ കമ്മ്യൂണിറ്റിയിലുള്ള പലരും സമൂഹം കാരണം അപമാനഭാരത്താൽ ജീവിക്കുന്നുണ്ടെന്നും മനസിലാക്കിയത്.
സിനിമ കണ്ട് കമ്യൂണിറ്റിയിൽപ്പെട്ട പലരും എന്നോട് സംസാരിച്ചിരുന്നു. മുമ്പുണ്ടായിരുന്ന ഞാനല്ല, ഈ സിനിമ ചെയ്ത ശേഷമുള്ള ഞാൻ. കമ്യൂണിറ്റിയെ പ്രത്യേകിച്ച് ഗേ കമ്യൂണിറ്റിയെ എനിക്ക് ഇപ്പോൾ മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഗേ കഥാപാത്രമാണ് ഞാൻ അവതരിപ്പിക്കുന്നത് എന്നതിൽ ഒരു ആശങ്കയും എനിക്കുണ്ടായിരുന്നില്ല. കാരണം ഞാനൊരു അഭിനേതാവാണ്. അഭിനയമാണ് എന്റെ പാഷൻ.” ദി ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് സുധി തന്റെ കഥാപാത്രത്തെ കുറിച്ചും അത് എങ്ങനെയാണ് തന്റെ ജീവിതം മാറ്റിയത് എന്നും തുറന്ന് സംസാരിച്ചത്.