എന്നെ മോളേ എന്ന് വിളിച്ചിരുന്ന ആ പ്രധാന നടൻ മോശമായി പെരുമാറി; പേര് ഉടൻ വെളിപ്പെടുത്തും; തുറന്നുപറഞ്ഞ് സോണിയ തിലകൻ

ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി അന്തരിച്ച നടൻ തിലകന്റെ മകൾ സോണിയ തിലകൻ. തനിക്ക് സിനിമാക്കാരെ ഭയക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നുംകുടുംബത്തിലെ അംഗങ്ങളെ പോലെയാണ് എല്ലാവരെയും കണ്ടതെന്നും, തിലകൻ മരിച്ചതിന് ശേഷം മലയാള സിനിമയിലെ ഒരു പ്രധാന നടൻ തന്നെ വിളിച്ച് മോശമായി പെരുമാറാൻ ശ്രമിച്ചെന്നും സോണിയ തിലകൻ പറയുന്നു. പ്രധാന നടന്റെ പേര് ഉടൻ തന്നെ താൻ വെളിപ്പെടുത്തുമെന്നും സോണിയ കൂട്ടിചേർത്തു. സിനിമയ്ക്ക് പുറത്ത് നിൽക്കുന്ന താൻ നേരിട്ടത് ഇത്രത്തോളം ആണെങ്കിൽ സിനിമയ്ക്കുള്ളിലെ സ്ത്രീകൾ നേരിട്ടത് ഭീകരമായിരിക്കും എന്നും സോണിയ മാധ്യമങ്ങളോട് പ്രതികരിച്ചു.

“അച്ഛന്‍ പറഞ്ഞ അറിവാണുള്ളത്. 2010-ലാണ് അച്ഛന്‍ ആദ്യമായി സിനിമയിലെ വിഷയങ്ങള്‍ പുറത്തുപറയുന്നത്. അച്ഛനുമായുള്ള പ്രശ്‌നം നടക്കുന്ന സമയത്ത് സംഘടനയുടെ മീറ്റിങ് നടക്കുമ്പോള്‍ ഏതാണ്ട് 62 ഗുണ്ടകളെ പുറത്ത് സജ്ജമാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. ഇതൊരു മാഫിയയാണെന്ന് അച്ഛന്‍ പറഞ്ഞു. അന്ന് പലരും ഇത് മുഖവിലയ്‌ക്കെടുത്തില്ല. ഈ സംഘടനയുടെ ബൈലോ പ്രകാരം ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ പാടില്ലെന്നാണ്. പക്ഷേ, അച്ഛന്‍ അത് തുറന്ന് പറഞ്ഞു.

എനിക്ക് സിനിമാക്കാരെ ഭയം ഉണ്ടാകേണ്ട കാര്യമില്ല. കുട്ടിക്കാലം മുതല്‍ അവരെ കാണുന്നവതാണ്‌ ഞാന്‍. വീട്ടിലെ അംഗങ്ങളെപ്പോലെയാണ് പെരുമാറിയിരുന്നത്. വ്യക്തിപരമായ കാര്യങ്ങളെല്ലാം അച്ഛനുമായി അവര്‍ സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഈ പ്രശ്‌നം വന്നപ്പോള്‍, എല്ലാവരും ഒറ്റക്കെട്ടായി. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ച് തീര്‍ക്കേണ്ട കാര്യമാണ് ഈ നിലയില്‍ എത്തിച്ചത്. പുറത്താക്കാനും പീഡകര്‍ക്ക് കൂട്ടുനില്‍ക്കാനുമാണോ ഈ സംഘടന? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സംഘടന പിരിച്ചുവിടുകയാണ് വേണ്ടത്. സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഒരാള്‍ നല്ല ഷര്‍ട്ട് ഇട്ടു വന്നാല്‍ പോലും ഈഗോ കാരണം പുറത്താക്കുന്നതടക്കമുള്ള സംഭവം ഉണ്ടായിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്.

അച്ഛന്‍ മരിച്ചതിന് ശേഷം ഒരു പ്രധാനനടന്‍ എന്നെ വിളിച്ചു. അച്ഛനോട് ചെയ്ത കാര്യങ്ങളില്‍ കുറ്റബോധമുണ്ട് എന്നൊക്കെ പറഞ്ഞിട്ട്. മോളേ എന്നൊക്കെ വിളിച്ച് ബഹുമാനത്തോടെയാണ് സംസാരിച്ചത്. പക്ഷേ പിന്നീട് എനിക്ക് വന്ന സന്ദേശങ്ങളില്‍നിന്ന് ഉദ്ദേശ്യം വേറെയാണെന്നു മനസ്സിലായി. സിനിമയുമായി ബന്ധമില്ലാത്ത എനിക്ക് വരെ ഈ അനുഭവമുണ്ടായി. ഞാന്‍ അവരുടെ സുഹൃത്തിന്റെ മകളാണ്.

അച്ഛന്‍ മരിച്ചതിന് ശേഷം സിനിമയില്‍ സൗഹൃദങ്ങളൊന്നുമില്ല. വല്ലപ്പോഴും കണ്ടാല്‍ സംസാരിക്കും. അച്ഛനോട് ചെയ്ത കാര്യങ്ങള്‍ മനസ്സില്‍നിന്ന് അങ്ങനെ പോകില്ലല്ലോ. അച്ഛനെ സിനിമയില്‍നിന്ന് വിലക്കിയ ശേഷം സീരിയലിലും വിലക്കി. സിനിമയിലെ ഒരു നടനായിരുന്നു സീരിയലിന്റെ സംഘടനയുടെ തലപ്പത്ത്. ഇവര്‍ ഒരു പതിനഞ്ച് പേരുണ്ട്. ഒരു ഹിഡന്‍ അജണ്ട വച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. പോക്‌സോ കേസ് പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ശനമായി നിയമനടപടിയെടുക്കേണ്ട വിഷയമാണ്.” സോണിയ പറയുന്നു

നേരത്തെ മലയാള സിനിമയിലെ ഒരു പ്രധാന നടൻ സിനിമയിൽ നിന്നും ഒതുക്കിയെന്നും സിനിമയിൽ മാഫിയ പോലെ പ്രവർത്തിക്കുന്ന 15 നടന്മാരാണ് ഇതിന് പിന്നില്ലെന്നും നേരത്തെ ഹേമ കമ്മീഷൻ റിപ്പോർട്ടിലൂടെ പുറത്തുവന്നിരുന്നു. അതിന് പിന്നാലെ ഇപ്പോൾ സോണിയ തിലകന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതോട് കൂടി ഹേമ കമ്മീഷൻ റിപ്പോർട്ടിന്മേൽ ഇനിയെന്ത് എന്നുള്ള ചോദ്യം ശക്തമായി ഉയരുകയാണ്.

അതേസമയം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മലയാള സിനിമയെ നയിക്കുന്നത് പ്രമുഖ നടന്റെ മാഫിയ ആണെന്നും, അവർക്ക് സിനിമയിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും, അവരുടെ സ്വാധീനം ഉപയോഗിച്ച് സംവിധായകരെയും നിർമ്മാതാക്കളെയും എഴുത്തുകാരെയും താരങ്ങളെയും നിയന്ത്രിക്കുന്നുവെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സിനിമയിൽ നിന്നും വിലക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വവും, സ്ത്രീ വിരുദ്ധതയും തെളിവുകളുടെ അടിസ്ഥാനത്തിൽ 233 പേജുകൾ ഉള്ള റിപ്പോർട്ടിൽ വെളിപ്പെടുമ്പോൾ വലിയ പ്രാധാന്യത്തോടെയാണ് കേരള സമൂഹം ഇപ്പോൾ ചർച്ചചെയ്യുന്നത്.

മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫർ’ സിനിമയുടെ സെറ്റിൽ എത്തി കമ്മീഷൻ മൊഴി രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാവാത്ത കുട്ടികൾ വരെ സിനിമയുടെ പേരിൽ അതിക്രമത്തിന് ഇരയാവുന്നുണ്ടെന്നാണ് ഹേമ കമ്മീഷൻ പറയുന്നത്. അറുപതോളം പേജുകൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല. എന്നാൽ മലയാള സിനിമയിലെ എല്ലാ പുരുഷന്മാരും ചൂഷകരല്ല എന്നും സ്ത്രീകളോട് വളരെ മാന്യമായി പെരുമാറുന്ന വ്യക്തികളും സിനിമയിൽ നിലനിൽക്കുന്നുണ്ടെന്നും ഹേമ കമ്മീഷൻ പറയുന്നു.

അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തത് സിനിമ സെറ്റിൽ സ്ത്രീകൾ നേരിടുന്ന വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മൂത്രമൊഴിക്കാൻ ബാത്ത്റൂം സൗകര്യം ഇല്ലാത്തതുകൊണ്ട് തന്നെ ഷൂട്ട് ഉള്ള സമയത്ത് പലപ്പോഴും വെള്ളം കുടിക്കാതെ ഇരിക്കുന്നതിനാൽ മൂത്രാശയ രോഗങ്ങൾ ഉണ്ടാവുന്നുവെന്നും ഹേമ കമ്മീഷനോട് നടിമാർ പറയുന്നു. സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ‘മീ ടു പേഴ്‌സണ്‍’ എന്ന ടാഗ് നൽകി മാറ്റിനിർത്തപ്പെടുമെന്നും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പ്രോബ്ലം മേക്കര്‍, മീ ടു പേഴ്‌സണ്‍ ടാഗുകള്‍ ചാര്‍ത്തുന്നുവെന്നും ഹേമ കമ്മീഷൻ വെളിപ്പെടുത്തുന്നു.

മാക്ട സംഘടന തകർന്നത് ഒരു പ്രമുഖ നടന്റെ ഇടപെടലിലാണെന്ന വെളിപ്പെടുത്തൽ ഹേമ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഹേമ കമ്മീഷനോട് സംസാരിക്കരുതെന്ന് സിനിമയിലെ ഡാൻസർമാർക്ക് നിർദ്ദേശമുണ്ടായിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജുഡീഷ്യല്‍ അധികാരങ്ങളുള്ള ട്രിബ്യൂണല്‍ വേണമെന്ന് ആവശ്യം. വിമരിച്ച വനിതാ ജഡ്ജിമാരെ ട്രിബ്യൂണല്‍ അധ്യക്ഷരാകണം. ട്രിബ്യൂണല്‍ വിധിക്ക് മേല്‍ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മാത്രം. ജസ്റ്റിസ് ഹേമയുടേതാണ് നിര്‍ദേശം

2017-ൽ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെതുടർന്നാണ് ഇത്തരം പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം കാണുന്നതിനും വേണ്ടി പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, പദ്മപ്രിയ, ബീന പോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് (WCC) രൂപീകരിക്കുന്നത്.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിർദേശത്തെ തുടർന്നാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ 2017 ജൂലൈയിൽ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സർക്കാർ രൂപീകരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്.

വ്യക്തിഗത വിവരങ്ങൾ മറച്ചുവെക്കണമെന്ന വ്യവസ്ഥയിൽ മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളാണ് സെറ്റിൽ നേരിടേണ്ടിവന്ന പീഡനത്തെ കുറിച്ചും, കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഹേമ കമ്മീഷന് മുൻപിൽ പങ്കുവെച്ചത്. 300 പേജുള്ള റിപ്പോർട്ട് 2019 ഡിസംബർ 31-നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ സമർപ്പിക്കപ്പെട്ടത്. സമർപ്പിക്കപ്പെട്ട് അഞ്ച് വർഷങ്ങൾക്ക് ശേഷവും റിപ്പോർട്ട് പുറത്തുവിടാത്തതിൽ സിനിമയിലെ വമ്പൻ ശക്തികളുടെ ഇടപെടലുകൾ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമായിരുന്നു. ഇന്നിപ്പോൾ അറുപതോളം പേജുകൾ പൂഴ്ത്തിവെച്ച് റിപ്പോർട്ട് പുറത്തുവിടുമ്പോൾ മലയാള സിനിമയിലെ വമ്പൻ സ്രാവുകൾക്കെതിരെ ഇനിയെന്ത് നടപടിയാണ് ഭരണകൂടത്തിന്റെ ഭാഗത്ത്നിന്നും ഉണ്ടാവാൻ പോവുന്നതെന്ന് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍