'ഇടയ്ക്കിടെ കൂളിംഗ് ഗ്ലാസ്‌ മാറുന്ന നടനും തിലകനെ വേട്ടയാടി'; ആ പതിനഞ്ച് പേർ ചെറിയ ആളുകളല്ല; ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ വെളിപ്പെടുത്തലുമായി തിലകന്റെ ആത്മസുഹൃത്ത്

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ ഇൻഡസ്ട്രി എത്രത്തോളം പുരുഷമേധാവിത്വം നിറഞ്ഞതും, ലൈംഗികാതിക്രമം നിറഞ്ഞതും, സ്ത്രീകൾക്ക് അടിസ്ഥാനപരമായ തൊഴിലാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കുന്നതുമായ ഇടമാണെന്ന് സമൂഹത്തിന് മുന്നിൽ വെളിപ്പെട്ടിരിക്കുകയാണ്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പ്രമുഖ നടന്മാരടങ്ങുന്ന ഒരു ക്രിമിനൽ മാഫിയയാണെന്ന വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് സമൂഹം കേട്ടത്.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടൻ തിലകനെ സിനിമയിൽ നിന്നും സീരിയലിൽ നിന്നുമടക്കം വിലക്കിയത് വീണ്ടും ചർച്ചയാവുകയാണ്. സിനിമയിൽ അഭിനയിക്കുന്ന താരമല്ലാതിരുന്നിട്ടും തന്നോടും ഒരു പ്രമുഖ നടൻ മോശമായി പെരുമാറിയെന്ന തിലകന്റെ മകൾ സോണിയ തിലകന്റെ വെളിപ്പെടുത്തൽ ഇതിനോടെല്ലാം ചേർത്തു വായിക്കേണ്ട ഒന്നാണ്. ഇപ്പോഴിതാ തിലകനെ സിനിമയിൽ നിന്നും ഇല്ലായ്മ ചെയ്യാൻ കൂളിംഗ് ഗ്ലാസ് ഇടയ്ക്കിടെ മാറ്റുന്ന നടനും കൂട്ടുനിന്നുവെന്ന തിലകന്റെ സുഹൃത്തായ അമ്പലപ്പുഴ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലാണ് ചർച്ചയാവുന്നത്.

തിലകൻ പറഞ്ഞതെല്ലാം ശരിയായിരുന്നുവെന്ന് ഹേമ കമ്മീഷൻ റിപ്പോർട്ട് അടിവരയിടുന്നുവെന്നാണ് അമ്പലപ്പുഴ രാധാകൃഷ്ണൻ പറയുന്നത്. അന്തസുള്ളവരാണെങ്കിൽ അമ്മയും ഫെഫ്കയും പിരിച്ചുവിട്ട് കേരള സമൂഹത്തോട് മാപ്പ് പറയണമെന്നും അമ്പലപ്പുഴ രാധാകൃഷ്ണൻ പറയുന്നു. കൂളിംഗ് ഗ്ലാസ് മാറ്റുന്ന നടനും തിലകനെ വേട്ടയാടിയെന്നും, മഹാനടന്റെ മകന്റെ സിനിമയിൽ അഭിനയിക്കാൻ വിലക്ക് കല്പിച്ചവർ തന്നെ വിളിച്ചുവെന്നും അമ്പലപ്പുഴ രാധാകൃഷ്ണൻ പറയുന്നു.

“അദ്ദേഹം പറഞ്ഞത് ഓരോന്നും ശരിയാണെന്നു ഹേമ കമ്മിറ്റി അടിവരയിടുന്നു. അന്തസ്സുള്ളവരാണെങ്കിൽ അമ്മയും ഫെഫ്കയും പിരിച്ചു വിടണം. കേരള സമൂഹത്തോട് മാപ്പ് പറയണം. ആ മഹാനടനോട് കാണിച്ച ക്രൂരതയ്ക്ക് എന്ത് മാത്രം കഥാപാത്രങ്ങളാണ് നഷ്ടപ്പെടുത്തിയതെന്നും അമ്പലപ്പുഴ രാധാകൃഷ്ണൻ പറഞ്ഞു. തിലകൻ എപ്പോഴും പറയുന്ന ഒരു പേര് ഇടവേള ബാബുവിന്റേതാണ്. അവന് പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഇടവേളയ്ക്ക് കേറുന്ന ബാബു എന്ന് പരിഹസിക്കുമായിരുന്നു. കൂളിംഗ് ഗ്ലാസ്‌ മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി. പേര് പറയില്ല കൂളിംഗ് ഗ്ലാസ്‌ മാറുന്ന നടൻ എന്നായിരുന്നു തിലകൻ പറയുക.

കൂളിംഗ് ഗ്ലാസ്‌ സിനിമയിൽ ഉപയോഗിക്കുന്ന നടൻ ആരാണെന്ന് എല്ലാവർക്കും അറിയാം. മഹാ നടന്റെ മകന്റെ കൂടെ അഭിനയിക്കാൻ വിലക്ക് കല്പിച്ചവർ തന്നെ ക്ഷണിച്ചു. ഉസ്താദ് ഹോട്ടൽ സിനിമയ്ക്ക് വേണ്ടി ക്ഷണിച്ചു. മലയാള സിനിമയിൽ താരസംഘടനയിലും ഫെഫ്കയിലും ഒരു മാഫിയ ഉണ്ടെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞതാണ്. അദ്ദേഹം ആദ്യം മുതലേ വിരൽ ചൂണ്ടുന്ന ഒരു വ്യക്തി ഉണ്ട്. അയാൾ അഴിഎണ്ണും എന്ന് തിലകൻ അന്നേ പറഞ്ഞു. അയാൾ അഴി എണ്ണി. അത് ആ വലിയ മനുഷ്യന് കാണാൻ സാധിച്ചില്ലെന്ന് മാത്രം

മോഹൻലാലിനെ തിലകന് ഏറെ ഇഷ്ടമായിരുന്നു. മോഹൻലാലിന് എന്ത് പറ്റി എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. ലാൽ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല. ലാലും അവരുടെ കൂടെ നിന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിനയനുമായുള്ള സൗഹൃദം അദ്ദേഹത്തിന് ദോഷം വന്നു. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായത് വിനയന്റെ സിനിമയിൽ അഭിനയിച്ചപ്പോഴായിരുന്നു.

പതിനഞ്ചു പേർ ചെറിയ ആളുകൾ അല്ല. തിലകനെ വച്ച് സീരിയൽ എടുക്കാൻ വന്ന ആളെ വിലക്കി. തിലകൻ ഉണ്ടെങ്കിൽ മറ്റാരും കാണില്ലെന്ന് പറഞ്ഞു. വിലക്കിയത് അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്നു. ഗണേഷ് കുമാർ പ്രസിഡന്റ് ആയ സംഘടന ഉള്ളിടത്തോളം കാലം എടുക്കാൻ കഴിയില്ലെന്ന് തിലകൻ പറഞ്ഞു. വ്യക്തിപരമായ പ്രശ്നം അല്ല, സിനിമയിലെ മാഫിയ ആയിരുന്നു പ്രശ്നം.” ഏഷ്യനെറ്റ് ന്യൂസിനോടായിരുന്നു അമ്പലപ്പുഴ രാധാകൃഷ്ണന്റെ പ്രതികരണം.

അതേസമയം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മലയാള സിനിമയെ നയിക്കുന്നത് പ്രമുഖ നടന്റെ മാഫിയ ആണെന്നും, അവർക്ക് സിനിമയിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും, അവരുടെ സ്വാധീനം ഉപയോഗിച്ച് സംവിധായകരെയും നിർമ്മാതാക്കളെയും എഴുത്തുകാരെയും താരങ്ങളെയും നിയന്ത്രിക്കുന്നുവെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സിനിമയിൽ നിന്നും വിലക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വവും, സ്ത്രീ വിരുദ്ധതയും തെളിവുകളുടെ അടിസ്ഥാനത്തിൽ 233 പേജുകൾ ഉള്ള റിപ്പോർട്ടിൽ വെളിപ്പെടുമ്പോൾ വലിയ പ്രാധാന്യത്തോടെയാണ് കേരള സമൂഹം ഇപ്പോൾ ചർച്ചചെയ്യുന്നത്.

മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫർ’ സിനിമയുടെ സെറ്റിൽ എത്തി കമ്മീഷൻ മൊഴി രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാവാത്ത കുട്ടികൾ വരെ സിനിമയുടെ പേരിൽ അതിക്രമത്തിന് ഇരയാവുന്നുണ്ടെന്നാണ് ഹേമ കമ്മീഷൻ പറയുന്നത്. അറുപതോളം പേജുകൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല. എന്നാൽ മലയാള സിനിമയിലെ എല്ലാ പുരുഷന്മാരും ചൂഷകരല്ല എന്നും സ്ത്രീകളോട് വളരെ മാന്യമായി പെരുമാറുന്ന വ്യക്തികളും സിനിമയിൽ നിലനിൽക്കുന്നുണ്ടെന്നും ഹേമ കമ്മീഷൻ പറയുന്നു.

അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തത് സിനിമ സെറ്റിൽ സ്ത്രീകൾ നേരിടുന്ന വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മൂത്രമൊഴിക്കാൻ ബാത്ത്റൂം സൗകര്യം ഇല്ലാത്തതുകൊണ്ട് തന്നെ ഷൂട്ട് ഉള്ള സമയത്ത് പലപ്പോഴും വെള്ളം കുടിക്കാതെ ഇരിക്കുന്നതിനാൽ മൂത്രാശയ രോഗങ്ങൾ ഉണ്ടാവുന്നുവെന്നും ഹേമ കമ്മീഷനോട് നടിമാർ പറയുന്നു. സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ‘മീ ടു പേഴ്‌സണ്‍’ എന്ന ടാഗ് നൽകി മാറ്റിനിർത്തപ്പെടുമെന്നും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പ്രോബ്ലം മേക്കര്‍, മീ ടു പേഴ്‌സണ്‍ ടാഗുകള്‍ ചാര്‍ത്തുന്നുവെന്നും ഹേമ കമ്മീഷൻ വെളിപ്പെടുത്തുന്നു.

മാക്ട സംഘടന തകർന്നത് ഒരു പ്രമുഖ നടന്റെ ഇടപെടലിലാണെന്ന വെളിപ്പെടുത്തൽ ഹേമ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഹേമ കമ്മീഷനോട് സംസാരിക്കരുതെന്ന് സിനിമയിലെ ഡാൻസർമാർക്ക് നിർദ്ദേശമുണ്ടായിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജുഡീഷ്യല്‍ അധികാരങ്ങളുള്ള ട്രിബ്യൂണല്‍ വേണമെന്ന് ആവശ്യം. വിമരിച്ച വനിതാ ജഡ്ജിമാരെ ട്രിബ്യൂണല്‍ അധ്യക്ഷരാകണം. ട്രിബ്യൂണല്‍ വിധിക്ക് മേല്‍ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മാത്രം. ജസ്റ്റിസ് ഹേമയുടേതാണ് നിര്‍ദേശം

2017-ൽ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെതുടർന്നാണ് ഇത്തരം പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം കാണുന്നതിനും വേണ്ടി പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, പദ്മപ്രിയ, ബീന പോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് (WCC) രൂപീകരിക്കുന്നത്.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിർദേശത്തെ തുടർന്നാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ 2017 ജൂലൈയിൽ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സർക്കാർ രൂപീകരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്.

വ്യക്തിഗത വിവരങ്ങൾ മറച്ചുവെക്കണമെന്ന വ്യവസ്ഥയിൽ മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളാണ് സെറ്റിൽ നേരിടേണ്ടിവന്ന പീഡനത്തെ കുറിച്ചും, കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഹേമ കമ്മീഷന് മുൻപിൽ പങ്കുവെച്ചത്. 300 പേജുള്ള റിപ്പോർട്ട് 2019 ഡിസംബർ 31-നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ സമർപ്പിക്കപ്പെട്ടത്. സമർപ്പിക്കപ്പെട്ട് അഞ്ച് വർഷങ്ങൾക്ക് ശേഷവും റിപ്പോർട്ട് പുറത്തുവിടാത്തതിൽ സിനിമയിലെ വമ്പൻ ശക്തികളുടെ ഇടപെടലുകൾ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമായിരുന്നു. ഇന്നിപ്പോൾ അറുപതോളം പേജുകൾ പൂഴ്ത്തിവെച്ച് റിപ്പോർട്ട് പുറത്തുവിടുമ്പോൾ മലയാള സിനിമയിലെ വമ്പൻ സ്രാവുകൾക്കെതിരെ ഇനിയെന്ത് നടപടിയാണ് ഭരണകൂടത്തിന്റെ ഭാഗത്ത്നിന്നും ഉണ്ടാവാൻ പോവുന്നതെന്ന് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ