രാജസേനൻ സംവിധാനം ചെയ്ത ‘ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അഭിരാമി. മലയാളത്തിന് പുറമെ തമിഴിലും അഭിരാമി സജീവമായിരുന്നു. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ അഭിരാമിക്ക് പ്രായം പതിനാറ് വയസാണ്. പക്ഷേ ചിത്രത്തിൽ അഭിരാമിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.
അരുൺ വർമ്മ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും, ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ “ഗരുഡൻ’ എന്ന ചിത്രമാണ് അഭിരാമിയുടെ അവസാനമിറങ്ങിയ മലയാള ചിത്രം. കമൽ ഹാസൻ മണിരത്നം ടീമിന്റെ ‘തഗ് ലൈഫ്’ എന്ന വരാനിരിക്കുന്ന ചിത്രത്തിലും അഭിരാമി അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ സിനിമയിൽ നിന്നും പൂർണമായും വിട്ടുനിന്ന് പഠിക്കാൻ വിദേശത്ത് പോയതിനെ കുറിച്ച് സംസാരിക്കുകയാണ് അഭിരാമി. എന്തുകൊണ്ട് സിനിമ വിട്ടു വിദേശത്തു പോയി പഠിക്കാമെന്ന് തീരുമാനിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും തനിക്ക് ഉത്തരമില്ലെന്നാണ് അഭിരാമി പറയുന്നത്.
‘വിരുമാണ്ടി ‘യിൽ അഭിനയിക്കുന്ന കാലത്താണ് ഒഹിയോയിലെ കോളജ് ഓഫ് വുസ്‌റ്ററിൽ സൈക്കോളജി ആൻഡ് കമ്യൂണിക്കേഷൻസ് പഠനത്തിന് അപേക്ഷിക്കുന്നത്. ഒന്നു രണ്ടാളുകളുടെ ശുപാർശക്കത്തുകൾ കൂടി വച്ചാൽ നന്നായിരിക്കും. അങ്ങനെ അടൂർ ഗോപാലകൃഷ്‌ണൻ സാറിൽ നിന്നൊരെണ്ണം വാങ്ങി. കമൽഹാസൻ സാറിനോട് ഒന്നെഴുതിത്തരുമോയെന്നു ചോദിച്ചപ്പോൾ ‘ഇല്ല’ എന്നായിരുന്നു മറുപടി. ‘നീ ഇവിടെ നിന്നു പോകേണ്ട ആളല്ല. ഒരു നല്ല ഭാവി സിനിമയിലുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
വിരുമാണ്ടി ഷൂട്ടിങ് തീർന്നപ്പോൾ അഡ്‌മിഷൻ കിട്ടി ഞാൻ അമേരിക്കയിലേക്കു പോയി. സിനിമ വിട്ട് അമേരിക്കയിൽ പോയി പഠിക്കാം എന്നത് ഒരു ദിവസം കൊണ്ടെടുത്ത തീരുമാനമല്ല. ഒരു വർഷം നീണ്ട ആലോചനകൾ ഉണ്ടായിരുന്നു അതിനു പിന്നിൽ. പതിനൊന്നാം ക്ലാസിൽ പഠനം വിട്ട്, സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ എന്നെ പൂർണമായും പിന്തുണച്ചവരാണ് അച്‌ഛനും അമ്മയും. 21-ാം വയസ്സിൽ സിനിമ വിട്ടു പഠിക്കാൻ പോകുന്നുവെന്നു പറഞ്ഞപ്പോഴും അവർ ഒപ്പം നിന്നു. എന്തുകൊണ്ട് സിനിമ വിട്ടു വിദേശത്തു പോയി പഠിക്കാം എന്നു തീരുമാനിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും ഒരുത്തരം എനിക്കില്ല. തീർച്ചയായും ഒരു പുതിയ അനുഭവം വേണം എന്നു തോന്നിയതാകാം. എന്തായാലും നാലു ഭാഷകളിൽ സജീവമായിരുന്ന കരിയറിനാണു പെട്ടെന്നു ഫുൾസ്‌റ്റോപ് ഇട്ടത്.
‘ഞങ്ങൾ സന്തുഷ്‌ടരാണ്’ കഴിഞ്ഞ ശേഷമുള്ള ആറു വർഷം ലൊക്കേഷനുകളിൽ നിന്നു ലൊക്കേഷനുകളിലേക്കുള്ള യാത്രയായിരുന്നു. ഒട്ടും വിരസത തോന്നിയില്ല. അങ്ങനെയുള്ള ഞാനാണു പത്തു വർഷം മറ്റൊരു രാജ്യത്തു പോയി താമസിച്ചത്. അതിനെ അഡ്വഞ്ചർ എന്നു വിശേഷിപ്പിക്കാനാണെനിക്കിഷ്ടം.
അച്ഛന്റെയും അമ്മയുടേയും ഒറ്റമോളാണ് ഞാൻ. അത്രകാലം അവരുടെ അടുത്തു നിന്നു മാറിനിന്നിട്ടേയില്ല. അതിനു മുൻപ് അമേരിക്കയിൽ പോയിട്ടില്ലാത്ത എന്റെ ആദ്യ ഇന്റർനാഷനൽ സോളോ ഫ്ലൈറ്റ് യാത്രയും അതായിരുന്നു. പ്ലസ്‌ടു പാസായി കഴിഞ്ഞുള്ള നീണ്ട ഇടവേള യ്ക്കു ശേഷം ഡിഗ്രിക്കെത്തിയപ്പോൾ ആദ്യം അങ്കലാപ്പായിരുന്നു. ആറു മാസം വേണ്ടിവന്നു പൊരുത്തപ്പെടാൻ.
പഠിക്കുന്ന കാലത്തു കഫറ്റീരിയയിലും ലൈബ്രറിയിലു മുൾപ്പെടെ ജോലി ചെയ്‌തു. സിനിമയിൽ നിന്നു ലഭിച്ച സേവിങ്സ് ഉണ്ടായിരുന്നെങ്കിലും പരമാവധി ജോലിയെടുത്ത്, അധിക സമയം പഠിച്ച്, ലോണൊന്നും എടുക്കാതെ നാലു വർഷത്തെ കോഴ്സ് മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കി. കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്.” എന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭിരാമി പറഞ്ഞത്.