മുന്‍ കാമുകന്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് നടി അനിഖ വിക്രമന്‍. മര്‍ദ്ദനത്തില്‍ പരുക്കേറ്റതിന്റെയും കരുവാളിച്ചതിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചാണ് അനിഖയുടെ പോസ്റ്റ്. തന്റെ അതിജീവനകഥയാണ് അനിഖ പങ്കുവച്ചിരിക്കുന്നത്. താന്‍ ഷൂട്ടിംഗിന് പോകാതിരിക്കാന്‍ ഫോണ്‍ എറിഞ്ഞുടച്ചു. ജീവിതം നഷ്ടമായെന്നും കരുതിയെന്നും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
അനിഖയുടെ കുറിപ്പ്:
നിര്‍ഭാഗ്യവശാല്‍ അനൂപ് പിള്ള എന്നൊരാളുമായി ഞാന്‍ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അയാള്‍ എന്നെ മാനസികമായും ഏറ്റവുമൊടുവില്‍ ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതെല്ലാം ചെയ്തശേഷം അയാള്‍ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇയാള്‍ ഇത്തരത്തില്‍ പെരുമാറുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. അയാള്‍ രണ്ടാം തവണയും എന്നെ ഉപദ്രവിച്ചപ്പോള്‍ ഞാന്‍ ബെംഗളൂരു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആദ്യമായി ഇയാള്‍ എന്നെ മര്‍ദ്ദിച്ചത് ചെന്നൈയില്‍ വച്ചാണ്. അന്ന് മര്‍ദ്ദിച്ചശേഷം എന്റെ കാലില്‍ വീണ് ഒരുപാട് കരഞ്ഞു. വിഡ്ഢിയായ ഞാന്‍ മനസ്സലിഞ്ഞ് ആ സംഭവം വിട്ടുകളഞ്ഞു.
രണ്ടാം തവണയും അയാള്‍ ഉപദ്രവിച്ചു. അന്നും ഒന്നും സംഭവിച്ചില്ല. അയാള്‍ പൊലീസുകാര്‍ക്ക് പണം നല്‍കി അവരെ വലയിലാക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഒപ്പമുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ അയാള്‍ ഉപദ്രവം തുടര്‍ന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഞാന്‍ പലകുറി ഉപദ്രവിക്കപ്പെട്ടു, വഞ്ചിക്കപ്പെട്ടു. ഇതോടെ അയാളെ ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ, എന്നെ വിടാന്‍ ആ മനുഷ്യന്‍, അങ്ങനെ വിളിക്കാമോ എന്ന് ഇപ്പോഴും തീര്‍ച്ചയില്ല, ഒരുക്കമായിരുന്നില്ല. ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. അത് സത്യമാണ്.
ഞാന്‍ ഷൂട്ടിങ്ങിന് പോകാതിരിക്കാന്‍ അയാള്‍ എന്റെ ഫോണ്‍ എറിഞ്ഞു തകര്‍ത്ത സംഭവങ്ങളുണ്ട്. ഞങ്ങള്‍ ബന്ധം പിരിഞ്ഞ ശേഷവും ഞാനറിയാതെ അയാളുടെ ലാപ്‌ടോപ്പില്‍ കണക്ട് ചെയ്തിരുന്ന എന്റെ ഫോണിലൂടെ വാട്‌സാപ്പ് ചാറ്റുകള്‍ പോലും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഹൈദരാബാദിലേക്ക് മാറുന്നതിന് രണ്ടു ദിവസം മുമ്പ് അയാള്‍ എന്റെ ഫോണ്‍ ലോക്ക് ചെയ്തു. പിന്നീട് എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. സത്യത്തില്‍ ഞാന്‍ തകര്‍ന്നുപോയി. ഫോണ്‍ തിരികെ തരാന്‍ അപേക്ഷിച്ച എന്റെ മേലെ കയറി ഇരിക്കുകയാണ് അയാള്‍ ചെയ്തത്. എന്റെ നാലിരട്ടി വലുപ്പമുള്ളയാളാണെന്ന് ഓര്‍ക്കണം. എന്റെ വായും മൂക്കും പൊത്തിപ്പിടിച്ച് അയാള്‍ ശ്വാസംമുട്ടിച്ചു. തൊണ്ടയില്‍നിന്ന് ശബ്ദം പോലും പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. എന്റെ ബോധം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് അയാള്‍ കൈ മാറ്റിയത്.
എന്റെ ജീവിതത്തിലെ അവസാന രാത്രിയാണ് അതെന്നു ഞാന്‍ കരുതി. അവിടെനിന്ന് എഴുന്നേറ്റ ഞാന്‍ അടുത്ത മുറിയിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അയാള്‍ അവിടെയും വന്നു. പുറത്തുപോയി ഫ്‌ളാറ്റിന്റെ സുരക്ഷാ ജീവനക്കാരനോടു പരാതിപ്പെട്ടെങ്കിലും അയാള്‍ നിസഹായനായിരുന്നു. അതോടെ ഞാന്‍ ബാത്‌റൂമില്‍ കയറി വാതിലടച്ച് രാവിലെ വരെ അവിടെയിരുന്നു. ഞാന്‍ ഈ മുഖം വച്ച് നീ ഇനി എങ്ങനെ അഭിനയിക്കുമെന്ന് കാണാമെന്നു പറഞ്ഞാണ് അയാള്‍ മര്‍ദ്ദിച്ചിരുന്നത്. ഞാന്‍ കണ്ണാടിയില്‍ നോക്കി പൊട്ടിക്കരയുമ്പോള്‍, നിന്റെ നാടകം കൊള്ളാം എന്ന് പറഞ്ഞ് അയാള്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കും. എന്നെ ക്രൂരമായി ഉപദ്രവിച്ച ശേഷം അയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയി. ഞാന്‍ ശരിക്കും തകര്‍ന്നു പോയിരുന്നു.
ക്രൂരതയ്ക്കൊരു മുഖമുണ്ടെങ്കില്‍ അത് അയാളുടെ മുഖമായിരിക്കും. ഇതെല്ലാം ചെയ്ത ശേഷവും അയാളുടെ പ്രശ്‌നം ഞാന്‍ വീട്ടുകാരോടും പൊലീസിനോടും പരാതിപ്പെടുമോ എന്നതു മാത്രമായിരുന്നു. ശാരീരികമായും മാനസികമായും എന്റെ അവസ്ഥ പഴയ പടിയാകാന്‍ കുറേ സമയമെടുത്തു. പക്ഷേ, ഇത്തവണ ഇതങ്ങനെ വിടാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എന്റെ കുടുംബത്തിന് യാതൊരു പിടിയുമുണ്ടായിരുന്നില്ല. ഈ ലോകം ഇരുള്‍ മൂടിയതാണെന്ന് ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു. സുഹൃത്തുക്കളെന്ന് ഞാന്‍ വിശ്വസിച്ചിരുന്ന ചിലരും ചതിച്ചു. പണമാണ് മനുഷ്യത്വത്തെക്കാള്‍ വലുതെന്ന് അവര്‍ എന്നെ പഠിപ്പിച്ചു.
ദൈവാനുഗ്രഹത്താല്‍ ഈ വെല്ലുവിളിയെല്ലാം തരണം ചെയ്യാന്‍ എനിക്കു സാധിച്ചു. ഇത്രയും കാലം ഞാന്‍ എനിക്ക്, പ്രത്യേകിച്ചും എന്റെ കുടുംബത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയിട്ടില്ല. ആ മോശം കാലത്തിന്റെ ഓര്‍മകളില്‍ നിന്ന് മോചിതയാകാന്‍ എടുത്ത ഒരു മാസക്കാലം, ഇങ്ങനെയൊരാള്‍ക്കൊപ്പം കഴിഞ്ഞതിന് ഞാന്‍ എന്നോടു തന്നെ സ്വയം ക്ഷമിക്കുക കൂടിയായിരുന്നു. എനിക്ക് അച്ഛനെ നഷ്ടപ്പെട്ടതും സഹോദരന്‍മാരില്ലാത്തതുമാണ് ഇത്തരമൊരു ക്രൂരത ചെയ്യാന്‍ അയാള്‍ക്ക് ബലമായത്. ഈ ചെറിയ ജീവിതത്തിനിടയില്‍ എല്ലാവരോടും ക്ഷമിക്കുന്നതാണ് നല്ലതെന്ന് എനിക്കറിയാം. ഞാന്‍ എല്ലാം മറന്ന് സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയെങ്കിലും, അയാളോടു ക്ഷമിക്കാനാകുമെന്ന് തോന്നുന്നില്ല. ഞാന്‍ കര്‍മയില്‍ വിശ്വസിക്കുന്നു.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ പൊലീസില്‍ പരാതി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അയാള്‍ നിലവില്‍ ഒളിവിലാണ്. ഇപ്പോള്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് അയാളുള്ളത്. തുടര്‍ച്ചയായി എനിക്കെതിരെ ഭീഷണികള്‍ വരുന്ന സാഹചര്യത്തിലാണ് ഇതെല്ലാം ഞാന്‍ ഇവിടെ തുറന്നെഴുതുന്നത്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അയാള്‍ പറഞ്ഞു നടക്കുന്ന നുണകള്‍ വിശ്വസിച്ച് എന്നെ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്നവരുണ്ട്. ഇപ്പോള്‍ ഞാന്‍ ഇതില്‍നിന്നെല്ലാം പൂര്‍ണമായും മുക്തിയായി ഷൂട്ടിംഗില്‍ വ്യാപൃതയാണ്.