'നിങ്ങള്‍ക്ക് നാണമില്ലേ സ്ത്രീയെ...' എന്ന് രഞ്ജിനി ചേച്ചിയുടെ വീട്ടില്‍ പോയി ആരെങ്കിലും ചോദിക്കുമോ?; കൂളിംഗ് ഗ്ലാസ് വിവാദത്തില്‍ ആര്യ

നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്നാണ് ഫെബ്രുവരി 22ന് സുബി സുരേഷ് അന്തരിച്ചത്. സുബിയെ അവസാനമായി കാണാന്‍ രഞ്ജിനി ഹരിദാസും എത്തിയിരുന്നു.

ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രഞ്ജിനി ഹരിദാസ് കൂളിംഗ് ഗ്ലാസ് ധരിച്ച് മരണ വീട്ടിലേക്ക് വന്നു എന്നതായിരുന്നു താരത്തിന് നേരെ ഉയര്‍ന്ന വിമര്‍ശനം. കൂളിംഗ് ഗ്ലാസ് ധരിച്ചത് കൂടാതെ രഞ്ജിനി ലിപ്സ്റ്റിക് ഇട്ടു എന്ന് പറഞ്ഞും നടിയെ സോഷ്യല്‍ മീഡിയ ക്രൂശിക്കാന്‍ തുടങ്ങിയിരുന്നു.

ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് നടി ആര്യ. സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്നവര്‍ രഞ്ജിനി ചേച്ചിയോട് നേരിട്ട് ഇതൊന്നും ചോദിക്കാന്‍ ധൈര്യമില്ലാത്തവരാണ്. ഒരു പബ്ലിക്ക് ഫിഗറിനെ പബ്ലിക്കലി ക്രിട്ടിസൈസ് ചെയ്യാന്‍ ആളുകള്‍ക്ക് എളുപ്പമാണ്.

സോഷ്യല്‍ മീഡിയയെ പോസറ്റീവായും നെഗറ്റീവായും ഉപയോഗിക്കാന്‍ സാധിക്കും. രഞ്ജിനി ചേച്ചിയുടെ വിഷയത്തില്‍ തന്നെ ചേച്ചിയുടെ രണ്ട് ക്ലിപ്പുകള്‍ കിട്ടിയപ്പോള്‍ തന്നെ ആളുകള്‍ നെഗറ്റീവ് കമന്റ് എഴുതി വിടുകയാണ്. കാരണം സോഷ്യല്‍ മീഡിയ വന്നതോടെ മുഖം ഇല്ലാതെ എന്തും എഴുതി വിടാനുള്ള ഫ്രീഡം ആളുകള്‍ക്ക് കിട്ടി കഴിഞ്ഞു.

സോഷ്യല്‍ മീഡയയിലുള്ള ഫ്രീഡത്തിനെ ആളുകള്‍ ആവശ്യമില്ലാത്ത രീതിയില്‍ കൂടുതലും ഉപയോഗിക്കുന്നു. അതാണ് കമന്റ്‌സില്‍ കാണുന്നത്. കൂളിംഗ് ഗ്ലാസ് ധരിച്ച് മരിച്ച വീട്ടില്‍ പോയതിന്റെ പേരില്‍ ആരും രഞ്ജിനി ചേച്ചിയുടെ വീട്ടില്‍ പോയി ചീത്ത വിളിക്കില്ലല്ലോ.

‘നിങ്ങള്‍ക്ക് നാണമില്ലേ സ്ത്രീയെ കൂളിംഗ് ഗ്ലാസും വെച്ച് മരണ വീട്ടില്‍ നില്‍ക്കാന്‍’ എന്ന് ആരെങ്കിലും ചേച്ചിയെ നേരിട്ട് കാണുമ്പോള്‍ ചോദിക്കുമോ…. ഇല്ല. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ചെയ്യും. കാരണം ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലല്ലോ. എന്ത് തോന്ന്യവാസവും ആകാമല്ലോ എന്നാണ് ആര്യ പറയുന്നത്.