പീഡനശ്രമത്തിനിടെ ഇറങ്ങിയോടി, മറ്റ് നടിമാര്‍ ബലാത്സംഗത്തിന് ഇരയായി.. സഹകരിക്കാത്തതിനാല്‍ സിനിമകള്‍ നഷ്ടമായി; സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും പേരെടുത്ത് പറഞ്ഞ് ചാര്‍മിള

മലയാള സിനിമയിലെ സംവിധായകരും നടന്മാരും നിര്‍മ്മാതാക്കളുമടക്കം 28 പേര്‍ മോശമായി പെരുമാറിയെന്ന് നടി ചാര്‍മിള. നിര്‍മ്മാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്ന് ചോദിച്ചെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ചാര്‍മിള.

ചാര്‍മിളയുടെ ആരോപണങ്ങള്‍ ശരിവച്ച് നടന്‍ വിഷ്ണുവും രംഗത്തെത്തിയിട്ടുണ്ട്. ”ഹരിഹരന്‍ അയല്‍വാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാര്‍മിളയുടെ പേര് പറഞ്ഞത്.”

”ഫോണില്‍ വിളിച്ചും നേരിട്ടും ചാര്‍മിള അഡ്ജസ്റ്റ്‌മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു. അവര്‍ കൊടുക്കുമോ എന്നാണ് ഹരിഹരന്‍ ചോദിച്ചത്. സഹകരിക്കാത്ത നടിമാരെ ഷൂട്ടിംഗ് സെറ്റില്‍ ക്യാമറയ്ക്ക് മുന്നില്‍ പൊരിക്കും. ഒടുവില്‍ നടിമാര്‍ക്ക് വഴങ്ങി കൊടുക്കേണ്ടി വരും. പല നടിമാരും ഇക്കാര്യം തന്നോട് പറഞ്ഞിട്ട്.”

”നേരില്‍ കാണുന്നതല്ലാതെ മറ്റൊരു മുഖം ഹരിഹരനുണ്ട്” എന്നാണ് വിഷ്ണു പറയുന്നത്. അതേസമയം, 1997ല്‍ പുറത്തിറങ്ങിയ അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെയാണ് കൂട്ടബലാത്സംഗത്തിന് ശ്രമമുണ്ടായത് എന്നാണ് ചാര്‍മിള വെളിപ്പെടുത്തിയത്.

പീഡനശ്രമത്തിനിടെ മുറിയില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മര്‍ദിച്ചു. പീഡനത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് ഓടിയപ്പോള്‍ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്.

നിര്‍മ്മാതാവ് എംപി മോഹനനും പ്രൊഡക്ഷന്‍ മാനേജര്‍ ഷണ്‍മുഖനും സുഹൃത്തുക്കളുമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഞാന്‍ രക്ഷപ്പെട്ടെങ്കിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ബലാത്സംഗത്തിന് ഇരയായി. സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്ന് ചോദിച്ചു. വഴങ്ങാന്‍ തയാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ എന്ന സിനിമയില്‍ നിന്ന് ഒഴിവാക്കി.

ഒരുപാട് മലയാള സിനിമകള്‍ നഷ്ടപ്പെട്ടത് അഡ്ജസ്റ്റ്‌മെന്റിന് തയാറാകാത്തത് കൊണ്ടാണ്. നാല് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളത് മലയാള സിനിമയിലാണ്. കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ല. തനിക്കൊരു മകനുണ്ട് എന്നാണ് ചാര്‍മിള വെളിപ്പെടുത്തിയത്.

Read more