മമ്മൂക്ക സെറ്റില്‍ വരുമ്പോള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വരുമ്പോള്‍ കുട്ടികള്‍ അറ്റന്‍ഷനില്‍ നില്‍ക്കുന്നത് പോലെ എല്ലാവരും നില്‍ക്കും: നടി അക്ഷയ പ്രേംനാഥ്

ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ സുഹൃത്ത് നീതുവില്‍ നിന്നും കോസ്റ്റ്യൂം ഡിസൈനറിലേക്കുള്ള മാറ്റത്തെ കുറിച്ച് അക്ഷയ പ്രേംനാഥ്. വണ്‍, ഹോം, ഭ്രമം എന്നീ സിനിമകളില്‍ കോസ്റ്റിയൂം ഡിസൈനര്‍ ആയതിനെ കുറിച്ചാണ് നടി പറയുന്നത്. വണ്ണില്‍ മമ്മൂട്ടിക്കൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങളാണ് അക്ഷയ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നത്.

മമ്മൂക്ക സെറ്റിലേക്ക് വരുമ്പോള്‍ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ വരുമ്പോള്‍ കുട്ടികള്‍ അറ്റന്‍ഷനില്‍ നില്‍ക്കുന്നത് പോലെ എല്ലാവരും നില്‍ക്കുമായിരുന്നെന്നും അത്രയും പ്രോപ്പര്‍ ആയി നടന്ന ഒരു സെറ്റായിരുന്നു അത്. കോസ്റ്റ്യൂം ഡിസൈന്‍ എന്നതിനേക്കാള്‍ കോസ്റ്റ്യൂം മാനേജ്‌മെന്റിന് പ്രാധാന്യമുള്ള ഒരു സിനിമയായിരുന്നു വണ്‍.

എന്നാല്‍ ഹോമിലെ ഇന്ദ്രന്‍സിന്റെ കോസ്റ്റ്യൂംസ് ശരിക്കും ചലഞ്ചിംഗ് ആയിരുന്നു. അദ്ദേഹത്തോട് മെഷര്‍മെന്റ് ചോദിക്കുന്ന ദിവസം തന്നെ തനിക്ക് ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ ഏറ്റവും ഡൗണ്‍ ടു എര്‍ത്ത് ആയിട്ടാണ് ആദ്ദേഹം പെരുമാറിയത്. അപ്പോഴാണ് ആശ്വാസമായത് എന്നും അക്ഷയ പറയുന്നു.

ഭ്രമത്തിന്റെ കോസ്റ്റ്യൂം ഡിസൈനിംഗും തന്നെ സംബന്ധിച്ച് ചലഞ്ചിംഗ് ആയിരുന്നു. ഹിന്ദി ചിത്രത്തിന്റെ റീമേക്ക് വേര്‍ഷന്‍ ആയതിനാല്‍ തന്നെ കോസ്റ്റ്യൂം സമാനമാകരുത് എന്നതായിരുന്നു വെല്ലുവിളി. ഓരോ ക്യാരക്ടറിനും വേണ്ടി ലുക്ക് ബുക്ക് ഉണ്ടാക്കിയാണ് അതിനെ മറികടന്നത്.

ഫോര്‍ട്ട് കൊച്ചിയുടെ കള്‍ച്ചറല്‍ ഫാക്ടേഴ്സ് കൂടി ചേരുന്ന കോസ്റ്റ്യൂംസ് ആയിരുന്നു വേണ്ടിയിരുന്നത്. കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ വളരെ ഫ്രീഡം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ 100 ശതമാനം റിസള്‍ട്ട് കൊടുക്കാന്‍ പറ്റി. ഏറ്റവും കംഫര്‍ട്ട് ആയിട്ട് വര്‍ക്ക് ചെയ്യാന്‍ പറ്റിയ ആളായിരുന്നു പൃഥ്വിരാജ് എന്നും അക്ഷയ പറയുന്നു.