മഹാകുംഭമേളയില്‍ പങ്കെടുക്കാനായി പോയപ്പോള്‍ നോര്‍ത്തില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി ഗൗരി കൃഷ്ണന്‍. തന്റെ യൂട്യൂബ് വ്‌ളോഗിലൂടെയാണ് യാത്രയെ കുറിച്ച് ഗൗരി സംസാരിച്ചത്. പേടിപ്പെടുത്തുന്ന ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഒരു അദൃശ്യ ശക്തി തങ്ങളോടൊപ്പം ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട് എന്നാണ് ഗൗരി പറയുന്നത്.
മഹാരാഷ്ട്ര എത്തുമ്പോള്‍ തന്നെ നല്ല ബ്ലോക്ക് ആയിരിക്കും എന്നാണ് പലരും പറഞ്ഞത്. പക്ഷേ ഞങ്ങള്‍ക്ക് വലിയ ബ്ലോക്ക് ഒന്നും കിട്ടിയില്ല. ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയിലൂടെയാണ് ഞങ്ങള്‍ പോയത്. ചെറിയ വഴികളായിരുന്നു. ഗ്രാമങ്ങളിലൂടെയായിരുന്നു യാത്ര. അവിടുത്തെ പല ജീവിതങ്ങളും അടുത്തു കണ്ടു.
പ്രയാഗ്‌രാജ് യാത്രയില്‍ നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. നോര്‍ത്തിലേക്ക് എത്തിയപ്പോഴേക്കും തികച്ചും വ്യത്യസ്തമായ ആളുകളും സംസ്‌കാരവുമാണ് കാണാനായത്. ഒരുപാട് പാഠങ്ങള്‍ പഠിച്ച യാത്രയായിരുന്നു അത്. പോയ ആളായല്ല ഞാന്‍ തിരിച്ചു വന്നത്. അവരുടെ ജീവിതമൊക്കെ കണ്ടപ്പോള്‍ നമ്മുടെ ജീവിതം എത്രയോ സൗഭാഗ്യം നിറഞ്ഞതാണെന്ന് തോന്നി.
ചില സ്ഥലങ്ങളില്‍ ചാണകം ഉണക്കി കത്തിച്ചൊക്കെയാണ് പാചകം ചെയ്യുന്നത്. ചില പേടിപ്പെടുത്തുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. രാത്രി യാത്ര ഞങ്ങള്‍ പരമാവധി ഒഴിവാക്കിയിരുന്നു. ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികളായിരുന്നു. വളരെ ശ്രദ്ധിച്ചാണ് പോയതെങ്കിലും ഒരു രാത്രി റോഡില്‍ കിടക്കേണ്ടി വന്നു.
രണ്ട് പേര്‍ ഉറങ്ങുമ്പോള്‍ മറ്റേയാള്‍ എഴുന്നേറ്റിരുന്നൊക്കെയാണ് നേരം വെളുപ്പിച്ചത്. പെപ്പര്‍ സ്‌പ്രേയും കയ്യില്‍ കരുതിയിരുന്നു എന്നാണ് ഗൗരി പറയുന്നത്. അതേസമയം, കുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്യുന്ന വീഡിയോ ഗൗരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.