'വിവാഹത്തിന് പിന്നാലെ തന്നെ അധിക്ഷേപിക്കാന്‍ മനപ്പൂര്‍വമായ ശ്രമം': അപവാദ പ്രചരണത്തില്‍ പ്രതികരണവുമായി നടി ജ്യോതി കൃഷ്ണ

വിവാഹത്തിന് പിന്നാലെ സിനിമാ താരം ജ്യോതി കൃഷ്ണയെ അപമാനിക്കാന്‍ ശ്രമം. ജ്യോതിയെക്കുറിച്ച് മോശമായ കാര്യങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെ അയച്ചുകൊടുത്താണ് ഫെയ്ക്കന്റെ “സൈബര്‍ ബുള്ളിയിംഗ്”. ശ്രീഭദ്ര എന്ന ഫെയ്ക്ക് ഐഡിയില്‍നിന്നാണ് മെസേജുകളുടെ ഉത്ഭവം.

ജ്യോതിയും ഭര്‍ത്താവ് അരുണും ബന്ധപ്പെടാതിരിക്കുന്നതിനായി അവരെ ഫെയ്‌സ്ബുക്കില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഭര്‍ത്താവിന്റെ ബന്ധുക്കളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ തെരഞ്ഞ് പിടിച്ചാണ് ജ്യോതിയെക്കുറിച്ച് കെട്ടിച്ചമച്ചുണ്ടാക്കിയ കഥകള്‍ എത്തിച്ചുകൊടുക്കുന്നത്. ഇത് തന്നെ അപമാനിക്കാനായി മനപ്പൂര്‍വം ചെയ്യുന്നതാണെന്നാണ് ജ്യോതിയുടെ ആരോപണം.

ഇത്തരത്തിലൊരാളുമായി ആരെങ്കിലും വിവാഹം നടത്തുമോ തുടങ്ങി മോശമായ ഭാഷയിലാണ് ഓരോ സന്ദേശങ്ങളും. ജ്യോതിയെ അജ്ഞാതനായ ഒരാള്‍ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനൊപ്പം വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ തന്റെ കുടുംബത്തെയെും അപമാനിക്കുകയാണെന്ന് ജ്യോതി പറഞ്ഞു.

ഇത് ചെയ്തത് ആരാണെങ്കിലും ശരി അവരുടെ ഉദ്ദേശം നടന്നില്ല എന്നും ഭര്‍ത്താവിന്റെ ബന്ധുക്കളും ഭര്‍ത്താവും തന്റെ ഒപ്പമാണെന്നും മെസ്സേജ് അയക്കുന്നവരോട് പോകാന്‍ പറയ് എന്ന നിലപാടിലാണ് ഭര്‍ത്താവിനെന്നും ജ്യോതി പറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ശക്തി അവളുടെ ഭര്‍ത്താവാണെന്നും തന്റെ ഭര്‍ത്താവ് തന്നെ മനസ്സിലാക്കുമ്പോള്‍ തനിക്കു ഒന്നും ഭയക്കേണ്ടത് ഇല്ലെന്നും ഇത്തരം പ്രവൃത്തികള്‍ നിര്‍ത്തുവാന്‍ ചെയ്യുന്നവരോട് അപേക്ഷിക്കുന്നു എന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു. ഇനിയും നിര്‍ത്താന്‍ ഭാവമില്ലെങ്കില്‍ തുടര്‍ന്നുകൊള്ളാനും തന്നെ ഇതൊന്നും ബാധിക്കില്ല എന്നും ജ്യോതി പറയുന്നു. തന്റെ സ്‌നേഹിതരെ ഇതറിയിക്കണം എന്ന് തോന്നിയെന്നും ഇങ്ങനെ ആര്‍ക്കും വരാം എന്നുള്ളത് കൊണ്ടുമാണ് എല്ലാവരോടും ഷെയര്‍ ചെയുന്നത് എന്നും ജ്യോതിവ്യക്തമാക്കുന്നു.

തനിക്കുണ്ടായ ദുരനുഭവം വിവരിക്കുന്ന ജ്യോതിയുടെ ഫെയ്‌സ്ബുക്ക് വീഡിയോ.

https://www.facebook.com/jyothikrishnaactress/videos/1003798129763434/

ഇതാദ്യമായല്ല ജ്യോതിക്ക് ഇത്തരം പ്രശ്ങ്ങൾ നേരിടേണ്ടി വരുന്നത്. ആദ്യം അജ്ഞാതനായ ഒരാൾ വാട്സാപ്പിലൂടെ ജ്യോതിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. പിന്നീട് നടൻ ദിലീപിന് എതിരെ ജ്യോതി പ്രസ്താവന നടത്തി എന്നൊരു പ്രചാരണവും ഉണ്ടായി. ഇതിനെല്ലാം എതിരെ ജ്യോതി തന്നെ മുന്നോട്ടു വന്നിരുന്നു. ഇതിനു ശേഷമാണു വിവാഹം കഴിഞ്ഞിട്ടും ജ്യോതിയെ അപമാനിക്കുവാൻ ഉള്ള ശ്രമങ്ങൾ നടന്നുവരുന്നത്.

നവംബർ 19ന് ആയിരുന്നു ജ്യോതിയും അരുണും തമ്മിലുള്ള വിവാഹം. ക്‌ളാസ്സ്‌മേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി രാധികയുടെ സഹോദരൻ ആണ് അരുൺ. സുരേഷ് ഗോപി, ഭാവന, മിയ തുടങ്ങിയവർ പങ്കെടുത്ത താരസമ്പൂർണമായ ഒരു വിവാഹം ആയിരുന്നു ജ്യോതിയുടേത്.

മമ്മൂട്ടിയുടെ ബോംബെ മാർച്ച് 12 ലൂടെയാണ് ജ്യോതി സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലൂടെയാണ് ജ്യോതി ശ്രദ്ധേയയാകുന്നത്.