മിഷോങ്ങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുകയാണ് ചെന്നൈ നഗരം. സാധാരണക്കാരടക്കം നിരവധി പേരാണ് വീടുകളിലും ദുരുതാശ്വാസ ക്യാമ്പുകളിലും മറ്റുമായി കഴിയുന്നത്. ഇപ്പോഴിതാ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് തെന്നിന്ത്യൻ താരം കനിഹ തന്റെ അപ്പാർട്ട്മെന്റിൽ കുടങ്ങികിടക്കുകയാണ് എന്ന വിവരം പങ്കുവെച്ചിരിക്കുകയാണ്.
പുറത്തിറങ്ങാൻ യാതൊരുവിധ നിവൃത്തിയില്ലെന്നും ഇവിടെനിന്നും ആരെങ്കിലും വന്ന് രക്ഷപ്പെടുത്തുക എന്നത് മാത്രമാണ് വഴിയെന്നും കനിഹ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും കനിഹ ഇൻസ്റ്റഗ്രാമിലൂടെ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു.
അതേസമയം ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് നിന്നും 90 കിലോമീറ്റർ അകലെയാണ്.100 കിലോമീറ്റർ വരെ വേഗത്തിൽ വീശിയിരുന്ന കാറ്റ്, ഇപ്പോൾ 115 കിലോമീറ്റർ വേഗത്തിൽ വീശുന്ന തീവ്രചുഴലിക്കാറ്റായി മാറിയിരിക്കുന്നു. ചെന്നൈ ജില്ലയിലുള്ള 6 പ്രധാന ഡാമുകളും, റിസർവോയറുകളും 98 ശതമാനവും നിറഞ്ഞു.
കനത്ത മഴയിൽ വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളം അടച്ചു. അതിനിടെ ശക്തമായ മഴയിലും കാറ്റിലും ഇ സി ആർ റോഡിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണു രണ്ട് ജാർഖണ്ഡ് സ്വദേശികൾ മരിച്ചു. രൂക്ഷമായ വെള്ളക്കെട്ടിൽ നഗരം മുങ്ങുകയാണ്. വേലച്ചേരിയിൽ കെട്ടിടം തകർന്നു വീണ് ആറു പേർക്ക് പരുക്കേറ്റു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട്ടിൽ 5000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.