പ്രായമുള്ള നടിമാരോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയില്‍ പതിവാണെന്ന് നടി ലക്ഷ്മി രാകൃഷ്ണന്‍. കുടുംബചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചപ്പോള്‍ ചുട്ട മറുപടി നല്‍കിയതോടെ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്നാണ് ലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ഞാന്‍ അഭിനയിക്കാനിരുന്ന സിനിമയുടെ പൂജ ചെന്നൈയില്‍ നടന്നപ്പോള്‍ ഞാന്‍ പങ്കെടുത്തിരുന്നു. വാര്‍ത്തകളില്‍ ഒക്കെ എന്റെ പേരും വന്നു. അന്ന് അതിന്റെ സംവിധായകന്‍ എനിക്ക് മെസേജ് അയച്ചു, ഏപ്രില്‍ 4ന്. ലക്ഷ്മി ഞാന്‍ എറണാകുളത്ത് ഉണ്ട്, എന്നെ വന്ന് കാണണമെന്ന് മെസേജ് അയച്ചു. ഞാന്‍ പറഞ്ഞു, ശരി സാര്‍, ഞാന്‍ എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ വന്ന് കണ്ടിട്ട് പോകാമെന്ന് പറഞ്ഞു.
അല്ല എനിക്ക് ഡീറ്റെയ്ല്‍ ആയി ലക്ഷ്മിയുടെ അടുത്ത് കഥാപാത്രം ഡിസ്‌കസ് ചെയ്യണം. പിന്നെ ഇവിടെ സ്റ്റേ ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ പറ്റില്ല, ഞാന്‍ കുട്ടികളെയൊക്കെ വിട്ടിട്ട് വന്നതാണ്. ഒരു പടം ചെയ്യാന്‍ പുറത്തേക്ക് അങ്ങനെ ഞാന്‍ പോകാറില്ല. പോയാലും ഷൂട്ട് കഴിഞ്ഞാല്‍ അടുത്ത മിനിറ്റ് ഞാന്‍ പുറപ്പെടും, എനിക്ക് സ്റ്റേ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. അപ്പോള്‍ പുള്ളി മെസേജ് അയച്ചു.
ഇന്ന് ഇവിടെ എന്റൊപ്പം സ്റ്റേ ചെയ്യണം, എന്നാലേ ലക്ഷ്മിക്ക് ആ റോള്‍ ഉള്ളു എന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് മനസിലായി, ഞാന്‍ നല്ല മെസേജ് തിരിച്ചയച്ചു. ശരിക്കും പറഞ്ഞു, അതോടെ എന്റെ റോളും പോയി എന്നാണ് ലക്ഷ്മി പറയുന്നത്. അതേസമയം, തമിഴ് സിനിമയിലും ദുരനുഭവം ഉണ്ടായെന്നും ലക്ഷ്മി പറയുന്നുണ്ട്.
അയാള്‍ സംസാരിക്കുന്ന വിധത്തിലും, തൊട്ട് സംസാരിക്കുന്നതും അസ്വസ്ഥത ഉണ്ടാകും. ഞാന്‍ അത് പെട്ടെന്ന് പറയും. ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് പറയും. അത് പുള്ളിക്ക് പിടിച്ചില്ല. അതുകൊണ്ട് ഞാന്‍ ചുമ്മാ നടന്നു പോകുന്ന ഷോട്ട് പോലും 19 ടേക്ക് വരെ എടുപ്പിക്കും. ഈ മുഖത്ത് ലൈറ്റ് അടിപ്പിക്കണ്ട കാണാന്‍ കൊള്ളത്തില്ല എന്ന് വലുതായി സെറ്റില്‍ പറയും. ഇയാള്‍ എന്നോട് മാപ്പ് പറയണം എന്ന് ഞാന്‍ പറയും എന്നാണ് ലക്ഷ്മി പറയുന്നത്.