ഞാന്‍ ആരുടെയും വീട്ടില്‍ അതിക്രമിച്ച് കയറിയിട്ടല്ലല്ലോ ഇതൊക്കെ പറയുന്നത്; വിമര്‍ശനങ്ങളോട് പ്രതികരിച്ച് ലെന

നടി ലെന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അഭിമുഖങ്ങളില്‍ മാനസികാരോഗ്യത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാവുന്നതല്ലെന്നും അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, കഴിഞ്ഞ ജന്‍മത്തില്‍ താനൊരു ബുദ്ധസന്യാസി ആയിരുന്നുവെന്ന ലെനയുടെ വാക്കുകള്‍ക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങളും ട്രോളുകളുമാണ് എത്തുന്നത്. തന്നെ വിമര്‍ശിക്കുന്നവരോട് പ്രതികരിച്ചിരിക്കുകയാണ് ലെന ഇപ്പോള്‍. തന്നെ വിമര്‍ശിക്കുന്നവര്‍ താന്‍ പറയുന്നത് കേള്‍ക്കണമെന്ന് തനിക്ക് ഒരു നിര്‍ബദ്ധവുമില്ല എന്നാണ് ലെന പറയുന്നത്.

”ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഒന്നും രാഷ്ട്രീയപരവുമല്ല മതപരവുമല്ല. ഒരു മതത്തെയും പിന്തുടരാത്ത ഒരാളാണ് ഞാന്‍. എന്നാല്‍ എല്ലാ മതക്കാരും എന്റെ ഫാമിലിയില്‍ തന്നെയുണ്ട്. എല്ലാ മതങ്ങളുടെയും മതക്കാരുടെയും സൗഹാര്‍ദം കണ്ട് വളര്‍ന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടാണ് എനിക്ക് വീണ്ടും ഈ കാര്യത്തെ കുറിച്ച് കൂടുതല്‍ കൗതുകം തോന്നിയത്.”

”മുന്‍ ജന്മത്തെ കുറിച്ച് പറയുമ്പോള്‍, ആദ്യം നമുക്കൊരു ഐഫോണ്‍ 5 ഉണ്ടായിരുന്നു, അന്ന് നമ്മള്‍ അതിലെ ഫോട്ടോസ് സ്റ്റോര്‍ ചെയ്യാന്‍ ഒരു ഐ ക്ലൗഡ് ആരംഭിച്ചു. കാലങ്ങള്‍ക്കിപ്പുറം ഐ ഫോണ്‍ 15ല്‍ എത്തി നില്‍ക്കുമ്പോള്‍ ആ ക്ലൗഡ് സ്റ്റോറേജ് തന്നെയാണ് നമ്മള്‍ ഉപയോഗിക്കുക. ഒരു പുതിയ ഫോണ്‍ ആണെന്ന് കരുതി എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ട ആവശ്യമില്ല.”

”അതിനുള്ളിലെ സാധനങ്ങള്‍ വികസിച്ചു കൊണ്ടേയിരിക്കും. ഈ ഫോണുകളാണ് നമ്മുടെ ശരീരങ്ങള്‍, ഈയൊരു കണക്ഷനാണ് അതിനെ ഒരേ ഫോണുകള്‍ ആകുന്നത്. അങ്ങനെയാണ് മുന്‍ ജന്മവും. മനസിന് ശരീരവുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ നമുക്കെല്ലാവര്‍ക്കും ഒരു കഴിഞ്ഞക്കാല ജീവിതമുണ്ട്. കഴിഞ്ഞ ജന്മത്തില്‍ ഞാനൊരു ബുദ്ധ സന്യാസിയായിരുന്നു.”

”63 വയസ്സ് വരെ ജീവിച്ചിരുന്നു. എന്നെ വിമര്‍ശിക്കുന്നവര്‍ ഞാന്‍ പറയുന്നത് കേള്‍ക്കണമെന്ന് എനിക്ക് ഒരു നിര്‍ബദ്ധവുമില്ല. അവരിത് മറന്ന് അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ, ഞാന്‍ ആരുടെയും വീട്ടില്‍ അതിക്രമിച്ച് കയറിയിട്ടല്ലല്ലോ ഇതൊക്കെ പറയുന്നത്. ഈഗോ ഇല്ലാതായാല്‍ മൈഗ്രെയ്ന്‍ ഇല്ലാതാകും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകള്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കും.”

Read more

”ഒരിക്കല്‍ സൈക്യാട്രിക് മരുന്നുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് അതു ഉപേക്ഷിക്കാനാകില്ല” എന്നിങ്ങനെയുള്ള വാദങ്ങളാണ് ലെന ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നിരത്തിയത്. എന്നാല്‍ ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്റെ പ്രതികരണത്തോട് ലെന ഇതുവരെ പ്രതികരിച്ചിട്ടില്ല.