ഞാന്‍ വിവാഹിതയാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.. പക്ഷെ: ലെന

ആദ്യ വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് പ്രശാന്തിനൊപ്പമുള്ള സന്തോഷനിമിഷങ്ങളുടെ വീഡിയോ പങ്കുവച്ച് നടി ലെന. വിവാഹിതയാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലാത്ത താന്‍ ആണ് ഇപ്പോള്‍ ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നത് എന്നാണ് ലെന പറയുന്നത്. ഭര്‍ത്താവിനും ദൈവത്തിനും നന്ദി പറഞ്ഞു കൊണ്ടാണ് ലെനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

”വന്യമായ സ്വപ്നത്തില്‍ പോലും ഞാന്‍ വിവാഹിതയാകുമെന്ന് കരുതിയിരുന്നില്ല. ആ ഞാനിതാ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വര്‍ഷമാണ് കഴിഞ്ഞുപോയത്. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസങ്ങള്‍ സമ്മാനിച്ചതിന് ദൈവത്തിനും എന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് പ്രശാന്തിനും ഞാന്‍ നന്ദി പറയുന്നു” എന്നാണ് ലെന കുറിച്ചിരിക്കുന്നത്.

അതേസമയം, ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് ലെനയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം ജനുവരി 17ന് ആയിരുന്നു ലെനയും പ്രശാന്ത് ബാലകൃഷ്ണനും വിവാഹം. എന്നാല്‍ ഫെബ്രുവരിയിലാണ് ലെന ഇക്കാര്യം പുറത്തുവിട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം വിവാഹ വാര്‍ത്ത പുറത്തുവിടാം എന്നായിരുന്നു തീരുമാനിച്ചതെന്ന് ലെന പറഞ്ഞിരുന്നു. ജനുവരി 17ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. പ്രോട്ടക്കോള്‍ പ്രശ്നങ്ങള്‍ കൊണ്ടായിരുന്നു വിവാഹത്തെ കുറിച്ച് നേരത്തെ ആരെയും അറിയിക്കാതിരുന്നത് എന്നായിരുന്നു ലെന പറഞ്ഞത്.