'മുഖം വിൻഡോ ഗ്രില്ലിൽ വെച്ച് ഒരാൾ ഉമ്മ തരുമോ എന്നു ചോദിച്ചു' എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു; ദുരനുഭവം പങ്കുവച്ച് മാളവിക

നിരവധി സിനിമകളുടെ തിരക്കുകളിലാണ് നടി മാളവിക മോഹനൻ. ഇപ്പോഴിതാ താൻ ട്രെയിൻ യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവയ്ക്കുകയാണ് നടി. മുംബൈ ലോക്കൽ ട്രെയിനിൽ രാത്രിയാത്രയ്ക്കിടെ ഒരാൾ മോശമായി പെരുമാറിയെന്ന് പറയുകയാണ് മാളവിക. ആകെ പേടിച്ചുപോയ താൻ എന്തുചെയ്യണമെന്നറിയാതെ മരവിച്ചുപോയെന്നും നടി പറയുന്നു.

ഇപ്പോൾ തന്റെ പക്കൽ സ്വന്തമായി കാറും ഡ്രൈവറുമുള്ളതിനാൽ മുംബൈയിലെ യാത്ര സുരക്ഷിതമാണെന്നും എന്നാൽ കോളേജിൽ പഠിക്കുന്ന സമയത്ത് മുംബൈയിലെ യാത്രകൾ ഒട്ടും സുരക്ഷിതമായിരുന്നില്ല എന്നും പറയുകയാണ് നടി. അന്നത്തെ ബസ്, ട്രെയിൻ യാത്രകൾ റിസ്‌ക് എടുക്കുന്നതുപോലെ ആയിരുന്നെന്നും പലപ്പോഴും ഭാഗ്യംകൊണ്ടാകും നമ്മൾ രക്ഷപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഹൗട്ടർഫ്‌ളൈയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാളവിക.

‘ഒരിക്കൽ ഞാനും ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളും ലോക്കൽ ട്രെയിനിൽ തിരിച്ചു വരികയായിരുന്നു. സമയം രാത്രി 9.30 ആയിട്ടുണ്ടാകും. ലോക്കൽ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കംപാർ‌ട്ട്മെന്റിലായിരുന്നു ഞങ്ങൾ. കംപാർട്ട്‌മെന്റിൽ ഞങ്ങൾ മൂന്ന് പേരെല്ലാതെ വേറെ ആരുമുണ്ടായിരുന്നില്ല. വിൻഡോ ഗ്രില്ലിന് അരികിലായിട്ടാണ് ഇരുന്നത്.

മൂന്ന് പെൺകുട്ടികളെ കണ്ടതും ഒരാൾ വിൻഡോയുടെ അടുത്തേക്ക് വന്നു. അയാൾ മുഖം ഗ്രില്ലിൽ വെച്ച് ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു. ഞങ്ങൾ മൂന്ന് പേരും മരവിച്ചിരുന്നുപോയി. അന്ന് ഞങ്ങൾക്ക് 19-20 വയസായിരുന്നു പ്രായം. ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു. പ്രതികരിച്ചാൽ അയാൾ അകത്തേക്ക് ചാടിയക്കയറി വന്നാലോ എന്നാണ് ആലോചിച്ചത്. അടുത്ത സ്‌റ്റേഷൻ വരണമെങ്കിൽ 10 മിനിറ്റെടുക്കും. എല്ലാ പെൺകുട്ടികളുടേയും ജീവിതത്തിൽ ഇത്തരം അനുഭവമുണ്ടാകും. ഒരു സ്ഥലവും പൂർണമായും സുരക്ഷിതമാണെന്ന് തോന്നുന്നില്ല’ എന്നാണ് മാളവിക പറയുന്നത്.