നയന്‍താരയുടെ ‘അന്നപൂരണി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും ചിത്രം നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍വതി തിരുവോത്ത് പ്രതികരിച്ച് രംഗത്തെത്തിയത്.
അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണ്. സിനിമ ഇത്തരത്തില്‍ സെന്‍സറിംഗിന് വിധേയമാകുമ്പോള്‍ ശ്വസിക്കാന്‍ പോലും നമുക്ക് അനുവാദം കിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം എന്നാണ് പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, തിയേറ്ററില്‍ അധികം ശ്രദ്ധ നേടാത്ത ചിത്രം ഡിസംബര്‍ 29ന് ആയിരുന്നു ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. പിന്നാലെയാണ് ചിത്രം മതവികാരം വ്രണപ്പെടുത്തിയതായി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയില്‍ മുംബൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
നയന്‍താര, സിനിമയുടെ സംവിധായകന്‍ നിലേഷ് കൃഷ്ണ, നായകന്‍ ജയ് എന്നിവരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എല്‍ടി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിച്ചത്. ബിരിയാണി ഉണ്ടാക്കേണ്ടി വരുന്ന സീനില്‍ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതായ ദൃശ്യങ്ങള്‍ സിനിമയിലുണ്ട്. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്റ് ആര്‍ട്സും ചേര്‍ന്നാണ്.