ഒരു പ്രശ്‌നങ്ങളുമില്ലെന്ന് മൊഴി കൊടുത്ത നടി ആരെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്, റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്ത് വിടണമെന്ന് പറയില്ല: രേവതി

ഡബ്ല്യൂസിസിയുടെ ഒരു സ്ഥാപക അംഗം സിനിമാ മേഖലയില്‍ ഒരു പ്രശ്‌നങ്ങളുമില്ലെന്ന് മൊഴി കൊടുത്തെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കിലും അത് ആരെന്ന് പറയാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് നടി രേവതി. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് രേവതിയുടെ പ്രതികരണം.

”ഡബ്ല്യൂസിസിയുടെ ഒരു സ്ഥാപക അംഗം റിപ്പോര്‍ട്ട് പുറത്ത് വിടരുത് എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് എന്താണെന്ന് എനിക്ക് അറിയില്ല. അതിനെ കുറിച്ച് എനിക്ക് പറയാന്‍ ബുദ്ധിമുട്ടുണ്ട്. അതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അവര്‍ പറഞ്ഞത് പറഞ്ഞു. ഇനി അതിനെപ്പറ്റി ചര്‍ച്ചകളുടെ ആവശ്യമില്ല. ഡബ്ല്യൂസിസിക്ക് ഈ റിപ്പോര്‍ട്ട് പുറത്തു വരണം എന്നു തന്നെ ആയിരുന്നു ആഗ്രഹം.”

”കാരണം എന്താണ് പ്രശ്‌നങ്ങള്‍ എന്ന് നമുക്ക് അറിയണം. എന്നാല്‍ മാത്രമല്ലെ അതിന് പ്രതിവിധി കണ്ടെത്താന്‍ കഴിയുകയുള്ളൂ” എന്നാണ് രേവതി പറയുന്നത്. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്ത് വിടണം എന്ന് പറയില്ലെന്നും രേവതി വ്യക്തമാക്കി. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്ത് വിടണം എന്ന് പറയില്ല. കാരണം കമ്മറ്റിക്ക് മുന്നില്‍ ഒരുപാട് പേര്‍ വന്ന് അവരുടെ അനുഭവങ്ങള്‍ മനസ് തുറന്നു സംസാരിച്ചിട്ടുണ്ട്.”

”സ്ത്രീകളും പുരുഷന്മാരും അതില്‍ ഉണ്ട്. അവരുടെ സ്വകാര്യത മാനിച്ചു കൊണ്ട് മാത്രമേ വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയൂ. ആള്‍ക്കാരെ പ്രതിരോധത്തില്‍ ആക്കാന്‍ വേണ്ടി അല്ല ഈ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ഒരു പഠനം ആണ്. എന്തൊക്കെയാണ് കുഴപ്പങ്ങള്‍ എന്ന് കണ്ടെത്താനുള്ള ഒരു പഠനം. ഇനി ഈ റിപ്പോര്‍ട്ടിന്‍ പ്രകാരം ആയിരിക്കും ഭാവിയിലുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.”

”കമ്മീഷന് മുന്നില്‍ പരാതി പറഞ്ഞ വ്യക്തികള്‍ക്ക് നിയമനടപടികളുമായി മുന്നോട്ട് പോകണമെങ്കില്‍ അത് ഓരോരുത്തരുടെയും തീരുമാനമാണ്. ഈ കമ്മീഷനെ നിയോഗിച്ചത് സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വേണ്ടിയായിരുന്നു. അവര്‍ അത് വൃത്തിയായി ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഇനി സിനിമാ മേഖലയില്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ തീരുമാനം എടുക്കേണ്ടതാണ്” എന്നാണ് രേവതി പറയുന്നത്.