വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ‘ഹൃദയം’ ചിത്രത്തിലെ ഗാനത്തെ വിമര്‍ശിച്ച് നടി രേവതി സമ്പത്ത്. ‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ’ എന്ന ഗാനത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് രേവതി രംഗത്തെത്തിയിരിക്കുന്നത്.
”പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ’, അതെന്താ വിനീത് ശ്രീനിവാസാ, നമ്മള്‍ സ്ത്രീകള്‍ക്ക് പത്രാസ്സ് വരൂലേ?? സ്ത്രീകളെ സദാനേരവും മൊഞ്ച്/അഴക്/ചന്തം കണ്‍സെപ്റ്റില്‍ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ്…! നമ്മള്‍ ഒക്കെ പത്രാസ്സില്‍ ഡബിള്‍ പിഎച്ച്ഡി ഉള്ളവരാടോ..” എന്നാണ് രേവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പോസ്റ്റിന് ലഭിക്കുന്ന കമന്റുകള്‍ക്ക് നടി മറുപടിയും കൊടുക്കുന്നുണ്ട്. ”ഒരു ഇന്‍ഡിപ്പെന്‍ഡന്റ് സ്ത്രീയെ കാണിച്ച് ‘പെണ്ണിന്റെ പത്രാസ് കണ്ടോക്കിയേ’ എന്ന് എഴുതിയാല്‍ വ്യക്തിത്വമുള്ള സ്ത്രീകളുടെ എക്‌സിസ്റ്റന്‍സ് കാണുമ്പോള്‍ പത്രാസ് ആയി തോന്നുന്ന കാലമൊക്കെ കഴിഞ്ഞ് പോയി വിനീതേ’ എന്ന വായനകള്‍ പേടിച്ചിട്ടായിരിക്കും” എന്നാണ് ഒരു കമന്റ്.
”അത്രക്കൊക്കെ ‘തട്ടത്തിന്‍ മറയത്തെ പെണ്ണിന്റെ മൊഞ്ചു മുതല്‍ ഈ ഹൃദയത്തിന്റെ മൊഞ്ചു ‘മാറിയോ ..ഇവരില്‍ നിന്നൊക്കെ ഈ ക്ലീഷേ ‘മൊഞ്ചില്‍’ നിന്ന് മിനിമം ‘പത്രാസ്സ്’ വരെയുള്ള സഞ്ചാരം പ്രതീക്ഷിക്കുന്നു. അത്രയും ദൂരം കഴിഞ്ഞിട്ട് കോംപ്ലക്‌സിറ്റിയില്‍ കടക്കാം എന്ന് കരുതി..” എന്നാണ് നടിയുടെ മറുപടി.
കഴിഞ്ഞ ദിവസമായിരുന്നു ഹൃദയത്തിന്റെ ഓഡിയോ ലോഞ്ച്. ജനുവരി 21ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ വേഷമിടുന്നത്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമാണ് നായികമാര്‍.