തന്റെ നിലപാടുകള്‍ പരസ്യമായി തന്നെ തുറന്നു പറഞ്ഞ താരമാണ് സംയുക്ത. തന്റെ പേരിനൊപ്പമുള്ള ‘മേനോന്‍’ എന്ന ജാതിവാല്‍ തനിക്ക് വേണ്ടെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം തന്റെ പേര് സംയുക്ത എന്ന് മാത്രമാക്കി താരം മാറ്റിയിരുന്നു.
തെലുങ്കിലും തമിഴിലും സംയുക്ത എന്ന് മാത്രമാണുള്ളതെന്നും എന്നാല്‍ മലയാളികള്‍ ഇപ്പോഴും തന്നെ ജാതിപ്പേര് ചേര്‍ത്താണ് വിളിക്കുന്നത് എന്നാണ് സംയുക്ത ഇപ്പോള്‍ പറയുന്നത്. മാറ്റം വരുത്താന്‍ താന്‍ ഒരാള്‍ മാത്രം ശ്രമിച്ചാല്‍ മാത്രം സാധ്യമാകുന്നില്ല.
തെലുങ്കിലും തമിഴിലും സിനിമ ചെയ്യുമ്പോള്‍ അണിയറ പ്രവര്‍ത്തകരോട് സംയുക്ത എന്നു മാത്രം പേര് നല്‍കിയാല്‍ മതിയെന്ന് പറയാറുണ്ട്. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും മേനോന്‍ ചേര്‍ത്ത് മാത്രമേ പറയാറുള്ളു എന്നാണ് സംയുക്ത പറയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.
അടുത്ത കാലത്ത് വിവാദങ്ങളിലും സംയുക്ത അകപ്പെട്ടിരുന്നു. ‘ബൂമറാംഗ്’ എന്ന സിനിമയുടെ പ്രമോഷന് എത്താതിരുന്ന താരത്തിനെതിരെ നടന്‍ ഷൈന്‍ ടോം ചാക്കോയും സിനിമയുടെ നിര്‍മ്മാതാവും രംഗത്തെത്തുകയായിരുന്നു. ‘വാത്തി’ എന്ന സിനിമയും ഇതേ സമയത്ത് ആയിരുന്നു റിലീസ് ചെയ്തിരുന്നത്.
ധനുഷിനൊപ്പം വാത്തിയുടെ പ്രമോഷന്‍ പരിപാടികളില്‍ സംയുക്ത എത്തിയിരുന്നു. പ്രമോഷന് വേണ്ടി സംയുക്തയെ സമീപിച്ചപ്പോള്‍ 35 കോടിയുടെ ബിഗ് ബജറ്റ് ചിത്രം ചെയ്യുകയാണ്, തനിക്ക് തന്റെ കരിയര്‍ നോക്കണം എന്നൊക്കെയാണ് സംയുക്ത പറഞ്ഞത് എന്നായിരുന്നു ‘ബൂമറാംഗ്’ നിര്‍മ്മാതാവ് പറഞ്ഞത്.