ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ലൈംഗികാതിക്ര ആരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയത് കണ്ടപ്പോള്‍ അത്ഭുതവും സങ്കടവും തോന്നിയെന്ന് നടി ഷീല. പരാതിയുമായി പോയാലും എന്ത് തെളിവ് കാണിക്കാനാകും, ഒരാള്‍ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല്‍ തെളിവിന് വേണ്ടി സെല്‍ഫി എടുക്കാനാകുമോ എന്നാണ് മാതൃഭൂമിയോട് പ്രതികരിച്ച് ഷീല ചോദിക്കുന്നത്.
പരാതിയുമായി പൊലീസിന്റെ അടുത്ത് പോയാലും കോടതിയില്‍ പോയാലും എന്താണ് തെളിവ് എന്നാണ് ചോദിക്കുന്നത്. ഒരാള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല്‍ നമ്മള്‍ ഉടനെ സെല്‍ഫി എടുക്കാനാകുമോ. ഒന്നുകൂടി ഉമ്മ വെക്കൂ, തെളിവിനായി സെല്‍ഫി എടുക്കട്ടെ എന്ന് ചോദിക്കാനാകുമോ.
അങ്ങനെയൊന്നും പറയില്ല. പണ്ടൊക്കെ ആരെങ്കിലും ലാന്‍ഡ് ഫോണിലൂടെ വിളിച്ച് വല്ലതും പറഞ്ഞാല്‍ റെക്കോഡ് ചെയ്ത് വെക്കാനാകുമോ. എങ്ങനെയാണ് തെളിവ് കാണിക്കുക എന്നാണ് ഷീല ചോദിക്കുന്നത്. ഡബ്ല്യൂസിസിയോട് ഒരുപാട് ബഹുമാനമുണ്ടെന്നും ഷീല പറയുന്നുണ്ട്.
ഡബ്ല്യൂസിസിയോട് ഒരുപാട് ബഹുമാനമുണ്ട്. അന്ന് മുതല്‍ ഇന്ന് വരെ അവര്‍ എത്രയാണ് പോരാടുന്നത്. ഡബ്ല്യൂസിസിയില്‍ ഉള്ള നടികളുടെ കരിയര്‍ തന്നെ പോയി. എന്ത് സുന്ദരികളാണ്, എന്ത് കഴിവുള്ളവരാണ്. അവരുടെ കരിയര്‍ പോയല്ലോ. ഇതിന് വേണ്ടി അവര്‍ എന്തല്ലാം ചെയ്തു എന്നാണ് ഷീല പറയുന്നത്.
കൂടാതെ പവര്‍ഗ്രൂപ്പ് എന്താണെന്ന് മനസിലാകുന്നില്ലെന്നും തനിക്കും തുല്യ പ്രതിഫലം ലഭിച്ചിട്ടില്ലെന്നും ഷീല വ്യക്തമാക്കുന്നുണ്ട്. സ്ഥാനാര്‍ഥി സാറാമ്മ, കള്ളിച്ചെല്ലമ്മ തുടങ്ങി എന്റെ പേരിലുള്ള സിനിമകള്‍ വന്നിട്ടു പോലും എനിക്ക് പുരുഷന്മാരെക്കാള്‍ വേതനം കിട്ടിയിട്ടില്ല. പണം തരില്ല അവര്‍ എന്നാണ് ഷീല പറയുന്നത്.