ആ പ്രമുഖ നടൻ വന്ന് രാത്രി വാതിലിൽ മുട്ടി; പുറത്തുപറഞ്ഞപ്പോൾ 'ചൈന ടൗണിൽ' അഭിനയിപ്പിക്കില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി നടി ശിവാനി

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ ഇൻഡസ്ട്രി എത്രത്തോളം പുരുഷമേധാവിത്വം നിറഞ്ഞതും, ലൈംഗികാതിക്രമം നിറഞ്ഞതും, സ്ത്രീകൾക്ക് അടിസ്ഥാനപരമായ തൊഴിലാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കുന്നതുമായ ഇടമാണെന്ന് സമൂഹത്തിന് മുന്നിൽ വെളിപ്പെട്ടിരിക്കുകയാണ്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പ്രമുഖ നടന്മാരടങ്ങുന്ന ഒരു ക്രിമിനൽ മാഫിയയാണെന്ന വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് സമൂഹം കേട്ടത്.

ഇപ്പോഴിതാ നടി ശിവാനി ഭായി തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ്. സിനിമയിൽ നിന്ന് തനിക്ക് ഒരിക്കൽ മാത്രമാണ് ദുരനുഭവം ഉണ്ടായതെന്നും, അത് തുറന്നുപറഞ്ഞതിന് ശേഷം സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നത് കുറഞ്ഞുവെന്നും ശിവാനി പറയുന്നു. ഒരു സിനിമ ചെയ്യുന്ന സമയത്ത് ഒരു നടന്‍ വന്ന് രാത്രി വാതില്‍ മുട്ടുമായിരുന്നെന്നും അത് താൻ ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് റിപ്പോർട്ട് ചെയ്തുവെന്നും, എന്നാൽ വേണ്ട നടപടികൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും, എന്നാൽ തനിക്ക് മറ്റ് അവസരങ്ങൾ ലഭിക്കാതെയിരിക്കാൻ ഒരു നടൻ ഇടപെട്ടെന്നും ശിവാനി പറയുന്നു.

എന്നാൽ കുറേ കാലങ്ങൾക്ക് ശേഷം ചൈന ടൗണ്‍ എന്ന സിനിമയിൽ അവസരം കിട്ടിയപ്പോൾ ഈ നടനെ വിമാനത്താവളത്തിൽ വെച്ച് കണ്ടുവെന്നും, പിന്നീട് ആന്റണി പെരുമ്പാവൂർ ആണ് താൻ ഈ സിനിമയുടെ ഭാഗമാവുന്നത് ആ നടന് ഇഷ്ടമല്ലെന്ന് പറഞ്ഞതെന്നും ശിവാനി പറയുന്നു. എന്നാൽ മോഹൻലാൽ ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചതെന്നും ശിവാനി പറയുന്നു.

ശിവാനിയുടെ വാക്കുകൾ:

“ഒരേയൊരു അനുഭവം മാത്രമാണ് എനിക്കുണ്ടായത്. ഞാന്‍ ഒരു സിനിമ ചെയ്യുന്ന സമയത്ത് ഒരു നടന്‍ വന്ന് രാത്രി വാതില്‍ മുട്ടുമായിരുന്നു. ആരാണെന്ന് നോക്കുമ്പോഴേക്കും ഓടിപ്പോകും. എന്റെ കൂടെ അമ്മയും ഉണ്ടായിരുന്നു അന്ന്. ആരാണ് അത് ചെയ്യുന്നതെന്ന് കണ്ടുപിടിക്കണമെന്ന് അമ്മ പറഞ്ഞു. അങ്ങനെ ഹോട്ടല്‍ റിസപ്ഷനില്‍ കാര്യം പറഞ്ഞു. അവിടെ എന്തോ പാര്‍ട്ടി നടക്കുന്നുവെന്ന് പറഞ്ഞു. മദ്യപിച്ച് വല്ലവരും ചെയ്യുന്ന പണിയായിരിക്കും എന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ, ഞങ്ങള്‍ റിസ്‌ക് എടുക്കാന്‍ തയ്യാറല്ലായിരുന്നു. സിനിമയുടെ സംവിധായകനോടും നിര്‍മാതാവിനോടും കാര്യം പറഞ്ഞു. അയാള്‍ ആരാണെന്ന് മനസ്സിലാകുകയും ചെയ്തു. പിന്നീട് ഈ സംഭവം ഉണ്ടായില്ലെങ്കിലും കുറച്ച് നാളത്തേക്ക് സിനിമ ഉണ്ടായിരുന്നില്ല. എന്നെ അഭിനയിപ്പിക്കരുതെന്ന് ആ നടന്‍ പറഞ്ഞതായി അറിയാന്‍ കഴിഞ്ഞു.

ഒരുപാട് കാലത്തിന് ശേഷം ചൈനാ ടൗണ്‍ എന്ന സിനിമയില്‍ അവസരം കിട്ടി. യാത്രയ്ക്കിടെ വിമാനത്താവളത്തില്‍ ഈ നടനെയും കണ്ടു. എന്നോട് കാര്യമായി വന്ന് സംസാരിച്ചു. പക്ഷേ, പിന്നീട് അദ്ദേഹം അസ്വസ്ഥനായി നടക്കുന്നത് കണ്ടു. റാമോജി റാവു ഫിലിം സിറ്റിയില്‍ എത്തിയതിന് ശേഷം നാല് ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഷൂട്ടിങ്. ആന്റണി പെരുമ്പാവൂര്‍ ചോദിച്ചു, ഈ വ്യക്തിയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന്. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. ഈ വ്യക്തിയ്ക്ക് ഞാന്‍ ഈ സിനിമയുടെ ഭാഗമാകുന്നത് ഇഷ്ടമില്ലെന്നാണ് പറഞ്ഞത്. ആ നടന്‍ അങ്ങനെ പറഞ്ഞപ്പോള്‍, ലാലേട്ടന്‍ സമ്മതിച്ചില്ല. അങ്ങനെ പറഞ്ഞുവിടാന്‍ പറ്റില്ലെന്നും അഭിനയിക്കാന്‍ വന്ന കുട്ടിയെ തിരികെ അയക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.

ദേഷ്യവും വാശിയുമുള്ളവര്‍ മറ്റുള്ളവരെ ഉപദ്രവിക്കാന്‍ ശ്രമിക്കും. ഇപ്പോള്‍ ഓരോരുത്തരുടെ അനുഭവം കേള്‍ക്കുമ്പോള്‍ വല്ലാതെ വിഷമം തോന്നുന്നു. സിനിമയുടെ ഇഷ്ടം കൊണ്ടാണ് വരുന്നത്. ആര്‍ക്കും ഇത് സംഭവിച്ചു കൂടാ. അതേസമയം, പേരിനും പ്രശസ്തിയ്ക്കുമായി വ്യക്തികള്‍ക്കെതിരേ വ്യാജ ആരോപണം ഉന്നയിക്കരുത്. അത് അതിജീവിതരുടെ പോരാട്ടത്തെ ബാധിക്കും”

അതേസമയം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മലയാള സിനിമയെ നയിക്കുന്നത് പ്രമുഖ നടന്റെ മാഫിയ ആണെന്നും, അവർക്ക് സിനിമയിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും, അവരുടെ സ്വാധീനം ഉപയോഗിച്ച് സംവിധായകരെയും നിർമ്മാതാക്കളെയും എഴുത്തുകാരെയും താരങ്ങളെയും നിയന്ത്രിക്കുന്നുവെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സിനിമയിൽ നിന്നും വിലക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വവും, സ്ത്രീ വിരുദ്ധതയും തെളിവുകളുടെ അടിസ്ഥാനത്തിൽ 233 പേജുകൾ ഉള്ള റിപ്പോർട്ടിൽ വെളിപ്പെടുമ്പോൾ വലിയ പ്രാധാന്യത്തോടെയാണ് കേരള സമൂഹം ഇപ്പോൾ ചർച്ചചെയ്യുന്നത്.

പ്രായപൂർത്തിയാവാത്ത കുട്ടികൾ വരെ സിനിമയുടെ പേരിൽ അതിക്രമത്തിന് ഇരയാവുന്നുണ്ടെന്നാണ് ഹേമ കമ്മീഷൻ പറയുന്നത്. അറുപതോളം പേജുകൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.

2017-ൽ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെതുടർന്നാണ് ഇത്തരം പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം കാണുന്നതിനും വേണ്ടി പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, പദ്മപ്രിയ, ബീന പോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് (WCC) രൂപീകരിക്കുന്നത്.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിർദേശത്തെ തുടർന്നാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ 2017 ജൂലൈയിൽ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സർക്കാർ രൂപീകരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്.

വ്യക്തിഗത വിവരങ്ങൾ മറച്ചുവെക്കണമെന്ന വ്യവസ്ഥയിൽ മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളാണ് സെറ്റിൽ നേരിടേണ്ടിവന്ന പീഡനത്തെ കുറിച്ചും, കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഹേമ കമ്മീഷന് മുൻപിൽ പങ്കുവെച്ചത്. 300 പേജുള്ള റിപ്പോർട്ട് 2019 ഡിസംബർ 31-നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ സമർപ്പിക്കപ്പെട്ടത്. സമർപ്പിക്കപ്പെട്ട് അഞ്ച് വർഷങ്ങൾക്ക് ശേഷവും റിപ്പോർട്ട് പുറത്തുവിടാത്തതിൽ സിനിമയിലെ വമ്പൻ ശക്തികളുടെ ഇടപെടലുകൾ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമായിരുന്നു. അറുപതോളം പേജുകൾ പൂഴ്ത്തിവെച്ച് റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ മലയാള സിനിമയിലെ വമ്പൻ സ്രാവുകൾക്കെതിരെ ഇനിയെന്ത് നടപടിയാണ് ഭരണകൂടത്തിന്റെ ഭാഗത്ത്നിന്നും ഉണ്ടാവാൻ പോവുന്നതെന്ന് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ