ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്ത ഭൂമിയായി മാറിയ വയനാടിനുവേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സഹായമെത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭാവന നൽകികൊണ്ടിരിക്കുന്നത്. ഇതുവരെ 110 കോടി രൂപയോളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക.
ഇപ്പോഴിതാ വയനാടിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി ശോഭന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനും സംഭാവന നൽകിയിട്ടുണ്ടെന്നും, അതെല്ലാതെ ഗവൺമെന്റിനോ അവിടുത്തെ ജനങ്ങൾക്കൊ എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ ബന്ധപ്പെടാമെന്നാണ് ശോഭന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
“വയനാടിന് സംഭവിച്ച ദുരന്തം നമുക്ക് പെട്ടെന്ന് മറക്കാൻ സാധിക്കുന്നതോ അവരുടെ നഷ്ടങ്ങളെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ കഴിയുന്നതോ അല്ല. വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനും ഒരു തുക സംഭാവന നൽകിയിട്ടുണ്ട്. അതിനപ്പുറം ഗവൺമെൻ്റോ അവിടെത്തെ ജനങ്ങൾ ആവശ്യപ്പെടുന്ന എന്ത് സഹായമാണെങ്കിലും നൽകാൻ ഞാനും തയ്യാറാണ്. അതിനായി തന്‍റെ നമ്പറിലോ kalarpana @gmail.com എന്ന ഇ-മെയിലായോ ബന്ധപ്പെടാം.” ശോഭന പറയുന്നു.
നേരത്തെ അനശ്വര രാജൻ 2 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. കൂടാതെ നടി ലിസ്സിയുംസുഹൃത്തുക്കളും ചേർന്ന് 1 കോടി രൂപയും തെലുങ്ക് സൂപ്പർ താരം പ്രഭാസ് 2 കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. കൂടാതെ അമൽ നീരദിന്റെ പ്രൊഡക്ഷൻ കമ്പനി 10 ലക്ഷം രൂപയും, ചിരഞ്ജീവിയും രാം ചരണും ചേർന്ന് 1 കോടി രൂപയും നൽകിയിരുന്നു.
അല്ലു അർജുൻ 25 ലക്ഷം രൂപയാണ് നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. മോഹൻലാൽ 25 ലക്ഷം രൂപയും താരത്തിന്റെ വിശ്വശാന്തി ഫൌണ്ടേഷൻ 3 കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. നേരത്തെ ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം രൂപയും നൽകിയിരുന്നു.
കൂടാതെ തെന്നിന്ത്യൻ താരം വിക്രം 20 ലക്ഷം രൂപയും ബോളിവുഡ് താരം രശ്മിക മന്ദാന പത്ത് ലക്ഷം രൂപയും സൂര്യ, ജ്യോതിക, കാർത്തിയും ചേർന്ന് 50 ലക്ഷം രൂപയും മമ്മൂട്ടിയും ദുൽഖറും ചേർന്ന് 35 ലക്ഷം രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്. ജോജു ജോർജ് 5 ലക്ഷം രൂപയാണ് സംഭാവന നൽകിയത്.
ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി, കല്ല്യാൺ ജുവലേഴ്സ് ഉടമ ടിഎസ് കല്ല്യാണരാമൻ എന്നിവർ 5 കോടി വീതവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും 5 കോടി വീതം സംഭാവന നൽകിയിരുന്നു.