ഉത്തർപ്രദേശ് പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിലെ നടി സണ്ണി ലിയോണിൻ്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ. സണ്ണി ലിയോൺ എന്ന് പേരിട്ടിരിക്കുന്ന അഡ്മിറ്റ് കാർഡും താരത്തിൻ്റെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫെബ്രുവരി 17 ന് നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡിലാണ് സംഭവം.
ഉത്തർപ്രദേശ് പോലീസ് റിക്രൂട്ട്‌മെൻ്റ് ആൻഡ് പ്രൊമോഷൻ ബോർഡിൻ്റെ (യുപിപിആർബി) വെബ്‌സൈറ്റിൽ സണ്ണി ലിയോണിൻ്റെ ഫോട്ടോ സഹിതമാണ് രജിസ്‌ട്രേഷൻ നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 2,385 പരീക്ഷാ കേന്ദ്രങ്ങളിലായി 75 ജില്ലകളിലായാണ് യുപിപിആർബി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പരീക്ഷ നടത്തിയത്.
അഡ്മിറ്റ് കാർഡ് അനുസരിച്ച്, സണ്ണി ലിയോണിൻ്റെ പരീക്ഷാ കേന്ദ്രം കനൗജിലെ തിര്‌വ തഹസിലിലെ ശ്രീമതി സോനശ്രീ മെമ്മോറിയൽ ഗേൾസ് കോളേജായിരുന്നു. യുപിയിലെ മഹോബയിൽ താമസിക്കുന്നയാളുടെ മൊബൈൽ നമ്പറാണ് രജിസ്ട്രേഷൻ സമയത്ത് ഉപയോഗിച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. രജിസ്ട്രേഷൻ ഫോമിൽ നൽകിയിരിക്കുന്ന വിലാസം മുംബൈയിലേതാണ്.
എന്നാൽ, പരീക്ഷാ ദിവസം ഒരു ഉദ്യോഗാർത്ഥിയും പ്രത്യേക അഡ്മിറ്റ് കാർഡുമായി ഹാജരായില്ലെന്ന് കോളേജ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. അതേസമയം, അഡ്മിറ്റ് കാർഡ് വ്യാജമാണെന്നും പരീക്ഷ എഴുതേണ്ട ആൾ രജിസ്ട്രേഷൻ സമയത്ത് നടിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളോട് ഫോട്ടോയും ആധാർ കാർഡും സഹിതം കേന്ദ്രത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കനൗജ് പോലീസിൻ്റെ സൈബർ സെല്ലാണ് കേസ് അന്വേഷിക്കുന്നതെന്നാണ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കനൗജ് പോലീസിൻ്റെ സൈബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.