അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളെ പരസ്യമായി വിമര്‍ശിച്ച് സംഗീതജ്ഞന്‍ അദ്നന്‍ സാമി. സംഗീതം ഇസ്ലാമികമല്ലെന്ന താലിബാന്‍ നേതാവ് സബീഹുള്ള മുജാഹിദിന്റെ പ്രസ്താവനക്കെതിരെയാണ് അദ്നന്‍ സാമി രംഗത്ത് വന്നത്.
‘ഇസ്ലാമില്‍ സംഗീതം നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ ആളുകളെ ഒന്നിനും നിര്‍ബന്ധിക്കില്ല. പറഞ്ഞ് മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്,” എന്നായിരുന്നു സബീഹുള്ള മുജാഹിദ് ന്യൂയോര്‍ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ഇസ്ലാം സംഗീതം നിരോധിച്ചിട്ടില്ലെന്നും ഖുറാനിലോ പ്രവാചകന്‍ മുഹമ്മദിന്റെ വചനങ്ങളായ ഹദീസിലോ സംഗീതം ഹറാമാണെന്ന് പറയുന്നില്ലെന്നും അദ്‌നന്‍ സാമി പറഞ്ഞു. സബീഹുള്ള മുജാഹിദിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്നന്‍ പോസ്റ്റ് എഴുതിയിരിക്കുന്നത്.
പ്രിയ സബീഹുള്ള മുജാഹിദ്, ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. സംഗീതം ഹറാമാണെന്നും ഇസ്ലാമികമല്ലെന്നും വിശുദ്ധ ഖുറാനില്‍ എവിടെയാണ് പറയുന്നതെന്ന് കാണിച്ച് തരൂ,” അദ്നന്‍ തന്റെ പോസ്റ്റില്‍ പറഞ്ഞു. ഇതേ കാര്യം പ്രവാചകന്‍ മുഹമ്മദ് പറഞ്ഞതായുള്ള ഏതെങ്കിലും ഹദീസ് കാണിച്ച് തരാനാകുമോ എന്നും അദ്നന്‍ തന്റെ പോസ്റ്റിലൂടെ സബീഹുള്ളയോട് ചോദിക്കുന്നുണ്ട്.