‘ദ കാശ്മീര്‍ ഫയല്‍സ്’ വിവാദത്തോട് പ്രതികരിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കാശ്മീര്‍ ഫയല്‍സ് പ്രൊപപ്പഗാന്‍ഡ ആണെന്ന് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂറി ചെയര്‍മാന്‍ നദാവ് ലാപിഡ് ആരോപിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
ഡല്‍ഹി ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന പരിപാടിയിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിച്ചത്. കാശ്മീര്‍ ഫയല്‍സ് പോലുള്ള ചിത്രങ്ങള്‍ മേളകളിലേക്ക് തിരുകി കയറ്റുന്നതാണ് എന്നാണ് സംവിധായകന്‍ പ്രതികരിക്കുന്നത്. താന്‍ കശ്മീര്‍ ഫയല്‍സ് കണ്ടിട്ടില്ല. കേട്ടിടത്തോളം പ്രചാരണ സ്വഭാവമുള്ള സിനിമയാണ്.
ആരെയെങ്കിലും സന്തോഷിപ്പിക്കാനായി ഇത്തരം ചിത്രങ്ങള്‍ മേളകളിലേക്ക് തിരുകി കയറ്റിയതാണ് എന്ന് സംശയിക്കുന്നുണ്ട് എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. അതേസമയം, ജൂറി ചെയര്‍മാന്‍ നദാവ് ലാപിഡിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ മറ്റ് ജൂറി അംഗങ്ങളും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
കാശ്മീര്‍ ഫയല്‍സ് ഒരു വള്‍ഗര്‍ പ്രോപഗണ്ട ചിത്രമാണെന്ന ലാപിഡിന്റെ പ്രസ്താവനയെ തങ്ങള്‍ പിന്തുണക്കുന്നു. അഭിമാനകരമായ ഒരു ചലചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ കാശ്മീര്‍ ഫയല്‍സ് അനുചിതമായ ഒരു അപരിഷ്‌കൃത സിനിമയായി തോന്നി എന്ന് സഹ ജൂറി അംഗങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
നദാവ് ലാപിഡ് നടത്തിയത് വ്യക്തിപരമായ പരാമര്‍ശമല്ല എന്നാണ് മറ്റു ജൂറിമാരുടെ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നത്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കാശ്മീര്‍ ഫയല്‍സ് 1990കളിലെ കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പലായനവുമാണ് പറഞ്ഞത്.