തന്റെ സിനിമയുടെ പേരില്‍ പണപ്പിരിവ് നടത്തരുതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂരിന്റെ ‘സ്വയംവരം’ എന്ന സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷത്തിനുള്ള പണപ്പിരിവ് ഉത്തരവ് വിവാദമായിരുന്നു. പണപ്പിരിവിനെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രി എം.ബി രാജേഷ് പുറത്തിറക്കിയ ഉത്തരവില്‍ അടൂര്‍ അതൃപ്തി അറിയിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയുടെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തദേശ സ്ഥാപനങ്ങള്‍ ഫണ്ട് നല്‍കണമെന്ന് തദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ ഫണ്ട് നല്‍കണമെന്നാണ് ഉത്തരവ്. 5000 രൂപ വരെ നല്‍കണം എന്നാണ് തദ്ദേശഭരണ വകുപ്പ് ഉത്തരവില്‍ പറയുന്നത്.
അടൂരിലാണ് സ്വയംവരം സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നത്. എന്നാല്‍ തന്റെ സിനിമയുടെ പേരിലോ തന്റെ പേരിലോ പണപ്പിരിവ് നടത്തരുതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ സംഘാടക സമിതിയെ വിളിച്ച് നിലപാട് അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
1972ല്‍ ആണ് സ്വയംവരം പുറത്തിറങ്ങിയത്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം വാങ്ങിയ രണ്ടാമത്തെ ചിത്രം കൂടിയാണ് സ്വയംവരം. മലയാളത്തില്‍ നവതരംഗ സിനിമയുടെ തുടക്കം കുറിച്ച ചലച്ചിത്രമായി സ്വയംവരം കണക്കാക്കപ്പെടുന്നു. മങ്കട രവിവര്‍മ്മയാണ് ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.