സംസ്ഥാന ചലച്ചിത്ര അവാർഡിലെ ‘പെൺ പ്രതിമ’ വിവാദ പരാമർശത്തിന് ശേഷം നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ നടനാണ് അലൻസിയർ. പ്രസ്താവന തിരുത്താനോ, മാപ്പ് പറയാനോ താരം തയ്യാറായിരുന്നില്ല. പകരം താൻ പറഞ്ഞ പ്രസ്താവനയെ ന്യായീകരിക്കുക മാത്രമാണ് ചെയ്തത്. ഇപ്പോഴിതാ വീണ്ടും തന്റെ പ്രസ്താവനയെ ന്യായീകരിച്ച് രംഗത്തു വന്നിരിക്കുകയാണ് അലൻസിയർ.
മഹാരാഷ്ട്രയിലെ കല്ല്യാണിൽ പിതൃവേദിയുടെ നാടക മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അലൻസിയർ. താൻ ലോകത്തെ സ്നേഹിക്കുന്നവനാണ്. ഒരു സ്ത്രീകളെയും അപമാനിച്ചിട്ടില്ല. താൻ ഒരു വാചകം പറഞ്ഞു. ഇതിപ്പോ പിതൃ വേദിയാണ്, ഇത് മാതൃ വേദിയാക്കണം എന്ന് നിങ്ങൾ ആർക്ക് വേണമെങ്കിലും ആവശ്യപ്പെടാലോ. താൻ പറഞ്ഞതിനെ അതുപോലെ കണ്ടാൽ മതിയെന്ന് അലൻസിയർ പറഞ്ഞു.
“എന്റെ പിഴ, എന്റെ വലിയ പിഴ. സ്വന്തം വീട്ടിൽ നിന്ന് പോലും തിരസ്കരിക്കപ്പെട്ട് ഞാൻ നാടക ഉദ്ഘാടനത്തിന് വന്നിരിക്കുകയാണ്, അതും വന്നുനിൽക്കുന്നത് പിതൃവേദി എന്ന സംഘടനയുടെ വേദിയിലും. എന്റെ വിധി എന്നല്ലാതെ എന്ത് പറയാനാണ്. എനിക്ക് ഇവിടെ വന്നപ്പോൾ ആദ്യം ലഭിച്ച കമന്റ് ഇരിക്കുന്ന കസേര സൂക്ഷിക്കണം എന്നാണ്. എന്നെ കിടത്തിയിരിക്കുകയാണ്. അപ്പൻ സിനിമയ്ക്ക് ശേഷം നീ എണീക്കേണ്ടന്ന് പറഞ്ഞ് എന്നെ കിടത്താൻ പലരും പിന്നിൽ നിന്നും ശ്രമിക്കുന്നുണ്ട്. പക്ഷേ ഞാൻ എഴുന്നേറ്റ് നടക്കും. ഭൂമിയിൽ ആണും പെണ്ണും വേണം, പെണ്ണ് മാത്രമായി വേണ്ടെന്ന് പറയുന്നതിൽ എനിക്ക് യാതൊരു സങ്കോചവും ഇല്ല.” അലൻസിയർ പറഞ്ഞു.
പെൺപ്രതിമ നല്കിയ പ്രലോഭിപ്പിക്കരുത് എന്നും ആൺ കരുത്തുള്ള മുഖ്യമന്ത്രി ഉള്ളപ്പോൾ ആൺകരുത്തുള്ള സ്വർണം പൂശിയ പ്രതിമയാണ് നൽകേണ്ടതെന്നുമാണ് അലൻസിയർ സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ പറഞ്ഞത്. പരാമർശത്തിന് ശേഷം മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതിന്റെ പേരിൽ അലൻസിയർക്കെതിരെ പൊലീസിലും പരാതി വന്നിട്ടുണ്ട്.