തന്റെ ഏറ്റവും ഇളയ സഹോദരിയായ ഹന്‍സികയെ അപമാനിച്ച മുന്‍ ബിഗ് ബോസ് താരം റിയാസ് സലിമിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി അഹാന കൃഷ്ണ. ഹന്‍സികയും കോളജിലെ സുഹൃത്തുക്കളും ഒരുമിച്ചുള്ള വീഡിയോ എടുത്ത് ‘ഹോമോഫോബിയ’ക്കാര്‍ എന്ന് ആക്ഷേപിച്ച് റിയാസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.
18 വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെയും അവളുടെ നിഷ്‌കളങ്കരായ സുഹൃത്തുക്കളെയും സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചത് ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണെന്ന് അഹാന ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. അറപ്പുളവാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും സഹിക്കാന്‍ കഴിയില്ലെന്നും അഹാന വ്യക്തമാക്കുന്നുണ്ട്.
”18 വയസ്സ് മാത്രം പ്രായമായ ഒരു പെണ്‍കുട്ടിയെയും നിഷ്‌കളങ്കരായ അവളുടെ കോളജിലെ സഹപാഠികളെയും ഇത്തരത്തിലുള്ള വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടുകളിലേക്ക് വലിച്ചിഴയ്ക്കുന്നത് നിങ്ങള്‍ക്ക് ശ്രദ്ധ കിട്ടാന്‍ വേണ്ടി മാത്രമാണ്” എന്ന് അഹാന കുറിച്ചു.
ഇത് ഒട്ടും സഹിക്കാന്‍ കഴിയാത്ത അറപ്പുളവാക്കുന്ന ടോക്‌സിക് ആയ സൈബര്‍ ബുള്ളിയിങ് ആണ്, നിങ്ങള്‍ ഫേക്ക് ഫെമിനിസ്റ്റുകളാണ് എന്ന ടാഗ്‌ലൈനോടെയാണ് അഹാന കുറിപ്പ് പങ്കുവച്ചത്. അഹാനയ്ക്ക് പിന്നാലെ സഹോദരി ദിയയും പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
”ഞാന്‍ ഇന്ന് ഉറക്കമുണര്‍ന്നത് എന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ അനാവശ്യമായി കുരച്ചു കൊണ്ടിരുന്ന ഒരു പട്ടിയുടെ വാല് മുറിക്കപ്പെട്ടു എന്ന് കേട്ടു കൊണ്ടാണ്” എന്നായിരുന്നു ദിയയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഹന്‍സികയുടെ വീഡിയോയില്‍ നിന്നും ഒരു ഭാഗം മാത്രം എടുത്ത് പങ്കുവച്ചു കൊണ്ടായിരുന്നു റിയാസ് സലിമിന്റെ പോസ്റ്റ്.
”കൃഷ്ണാഷിയാന്‍ നമ്പര്‍ 2 ഹോമോഫോബിയ, വിഡ്ഢികളായ സുഹൃത്തുക്കളോടൊപ്പം പങ്കുവച്ച വിഡിയോ. ഈ വീഡിയോ പുറത്തുവിടാന്‍ അവള്‍ കാണിച്ച ധൈര്യം അജ്ഞതകൊണ്ട് മാത്രമായാണ്. സ്വവര്‍ഗ പ്രണയികള്‍ക്കെതിരെ പ്രതികരണം നടത്തുന്നത് സാമൂഹത്തില്‍ തങ്ങളുടെ മാന്യത വര്‍ധിപ്പിക്കുമെന്ന് ഇന്നത്തെ കുട്ടികള്‍ തെറ്റിദ്ധരിക്കുന്നുണ്ടോ? എന്തൊരു നാണക്കേട് ആണിത്.”
”കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഈ വിഡിയോ കണ്ടപ്പോള്‍ ഒരു കുട്ടിയെ വിളിച്ച് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം എന്നാണ് എനിക്ക് തോന്നിയത്. പക്ഷേ കൃഷ്ണാഷിയന്‍സിന് (കര്‍ദാഷിയന്‍സ് 144 പി) എങ്ങനെ ബുദ്ധിജീവി കളിക്കുന്നു എന്നത് കണ്ടിടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്”എന്നായിരുന്നു റിയാസ് സലിം വീഡിയോക്കൊപ്പം കുറിച്ചത്.