സര്‍ജറിക്ക് വിധേയായതിന്റെ അനുഭവങ്ങളും വീഡിയോയും പങ്കുവച്ച് അഹാന കൃഷ്ണ. സ്മൈല്‍ എന്ന ലേസര്‍ വിഷന്‍ കറക്ഷന്‍ സര്‍ജറിക്കാണ് അഹാന വിധേയമായത്. കണ്ണടയ്ക്കും കോണ്‍ടാക്റ്റ് ലെന്‍സിനുമൊപ്പമുള്ള 16 വര്‍ഷത്തെ യാത്രയോട് വിട പറഞ്ഞതിന്റെ സന്തോഷമാണ് അഹാന പങ്കുവച്ചിരിക്കുന്നത്. സര്‍ജറിക്ക് പോകുന്നതും അതിന്റെ അനുഭവങ്ങളുമാണ് ഒരു വീഡിയോയിലൂടെ അഹാന പങ്കുവച്ചിരിക്കുന്നത്. ഏഴാം ക്ലാസ് മുതല്‍ കണ്ണട വയ്ക്കാന്‍ താന്‍ ആരംഭിച്ചിരുന്നു. സ്പെക്സി ലുക്കില്‍ അഭിമാനിച്ചെങ്കിലും അത് അത്ര കൂള്‍ അല്ലെന്ന് മനസിലായിരുന്നുവെന്നും അഹാന പറയുന്നുണ്ട്.
അഹാനയുടെ വാക്കുകള്‍:
എന്റെ കണ്ണിന്റെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലാസര്‍ സര്‍ജറിക്ക് വിധേയയായി. ഞാന്‍ ചെയ്ത ശസ്ത്രക്രിയയുടെ പേര് സ്മൈല്‍ എന്നാണു. ഇത് ഒരു ലേസര്‍ സര്‍ജറി ആണ്. നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നത് ലാസിക് എന്ന സര്‍ജറി ആണ്. മൂന്നു തരാം ലേസര്‍ ശസ്ത്രക്രിയകളാണ് നമുക്ക് ഇന്ന് ഉള്ളത്. ഒന്ന് ലാസിക്, പിന്നെ ഉള്ളത് ട്രാന്‍സ് പിആര്‍കെ (ഫോട്ടോ റിഫ്രാക്ടിവ് കേരാറ്റക്ടമി), മൂന്നാമത്തേത് സ്മൈല്‍ (സ്മാള്‍ ഇന്‍സിഷന്‍ ലെന്റിക്യൂള്‍ എക്‌സ്ട്രാക്ഷന്‍).
ഏകദേശം പതിനാറു വര്‍ഷം പിന്നിലേക്ക് പോയാല്‍ ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് കണ്ണട വക്കുന്നത്. എനിക്ക് ബോര്‍ഡില്‍ എഴുതിയത് കാണാന്‍ പറ്റുന്നില്ല എന്ന് ഞാന്‍ വീട്ടില്‍ വന്നു പരാതി പറയാറുണ്ടായിരുന്നു. പക്ഷേ എന്റെ അച്ഛനും അമ്മയും വിചാരിച്ചത് കണ്ണാടി വയ്ക്കാനുള്ള എന്റെ ആഗ്രഹം കാരണം വെറുതെ പറയുന്നതാണ് എന്ന്. നാലഞ്ച് പിള്ളേരുള്ള വീടാകുമ്പോ എല്ലാവരും പറയുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ ഒന്നും അച്ഛനമ്മമാര്‍ കാര്യമായി എടുക്കാറില്ല.
അങ്ങനെ ഒടുവില്‍ ഞാന്‍ ശരിക്കും കാണാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോ വാസന്‍ ഐ കെയറില്‍ കൊണ്ടുപോയി കണ്ണ് ടെസ്റ്റ് ചെയ്തു. അവിടെ എഴുതി കാണിച്ചതൊക്കെ വായിക്കാന്‍ ഞാന്‍ വിജയകരമായി പരാജയപെട്ടു. അന്ന് വായിക്കാന്‍ പറ്റാതിരുന്നതില്‍ എനിക്ക് ത്രില്ല് ആയിരുന്നു കാരണം ഞാന്‍ പറഞ്ഞത് ശരിയായല്ലോ. കണ്ണാടി വച്ചതിന് ശേഷം ഞാന്‍ സ്‌കൂളിലെ ഏറ്റവും കൂള്‍ ആയ കുട്ടിയായി എന്ന് എനിക്ക് തോന്നി. എന്റെ സ്പെക്സി ലുക്കില്‍ ഞാന്‍ ഒരുപാട് അഭിമാനിച്ചു.
പതിയെ പതിയെ കണ്ണാടി വക്കുന്നത് അത്ര കൂള്‍ ആയ കാര്യമല്ല എന്ന് എനിക്ക് തോന്നി. പിന്നെ പിന്നെ പല പല ഷേപ്പിലുള്ള കണ്ണാടികള്‍ ഫാഷന്‍ മാറുന്നതിനൊപ്പം ഞാന്‍ പരീക്ഷിച്ചു. പക്ഷേ കണ്ണാടി ഇല്ലെങ്കിലും എനിക്ക് ബുദ്ധിമുട്ടി നോക്കിയാല്‍ കാണാന്‍ പറ്റുമായിരുന്നു. പിന്നീട് ഞാന്‍ കണ്ണാടി ഉടുപ്പില്‍ തൂക്കി ഇട്ടോണ്ട് നടക്കാന്‍ തുടങ്ങി കാരണം അതൊരു ഫാഷനായി എനിക്ക് തോന്നിയിരുന്നു.