നല്ല ഭക്ഷണം കിട്ടുന്നതു കൊണ്ട് അന്ന് പാര്‍ട്ടിക്ക് പോകാന്‍ ഇഷ്ടമായിരുന്നു, അധികം നല്ല വസ്ത്രങ്ങള്‍ പോലുമില്ലായിരുന്നു: അഹാന കൃഷ്ണ

പണ്ട് വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നതെന്ന് നടി അഹാന കൃഷ്ണ. കുടുംബത്തോടൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവച്ച് കൊണ്ടുള്ള അഹാനയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാന ദിയ ഇഷാനി എന്നിവരാണ് ചിത്രത്തിലുള്ളത്. ഹന്‍സികയെ നാല് മാസം ഗര്‍ഭം ധരിച്ച് ഇരിക്കുമ്പോഴുള്ള ചിത്രമാണിത്. ഇന്നത്തെ പോലെ നല്ല വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല, അഞ്ചോ ആറോ നല്ല വസ്ത്രങ്ങള്‍ മാത്രം ഉണ്ടായിരുന്ന കാലം. രുചികരമായ ഭക്ഷണം കിട്ടുന്നതുകൊണ്ട് പാര്‍ട്ടികള്‍ക്ക് പോകുന്നത് അന്ന് വലിയ ഇഷ്ടമായിരുന്നു എന്നാണ് അഹാന കുറിപ്പില്‍ പറയുന്നത്.

അഹാന കൃഷ്ണയുടെ കുറിപ്പ്:

ഞങ്ങളുടെ കുടുംബ സുഹൃത്ത് അയച്ചു തന്നതാണ് ഈ ചിത്രം. ഹന്‍സു അമ്മയുടെ വയറ്റില്‍ 4 മാസം പ്രായമുള്ളപ്പോള്‍ 2005 ഏപ്രിലില്‍ എടുത്ത ചിത്രമാണ്. ഈ ദിവസം ശരിക്കും പറഞ്ഞാല്‍ എനിക്കൊട്ടും ഓര്‍മയില്ല. പക്ഷേ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാന്‍ അവസരം കിട്ടുന്ന ചടങ്ങുകള്‍ക്ക് പോകാന്‍ ഞങ്ങള്‍ക്ക് എപ്പോഴും ഇഷ്ടമായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. അമ്മ ഹന്‍സുവിനെ ഗര്‍ഭിണിയായതിനാല്‍ അമ്മക്ക് അന്ന് ഭക്ഷണത്തോട് വലിയ പ്രിയമുണ്ടായിരുന്നില്ല.

ഈ ചിത്രത്തില്‍ ഞങ്ങള്‍ ഇട്ട വസ്ത്രങ്ങള്‍ എല്ലാം തന്നെ മിക്കവാറും ചെന്നൈയില്‍ നിന്ന് വാങ്ങിയതായിരിക്കുമെന്ന് തോന്നുന്നു. അന്നത്തെ കാലത്ത് ഇപ്പോഴത്തെ പോലെയല്ല നിങ്ങളില്‍ പലരെയും പോലെ ഞങ്ങള്‍ക്കും എല്ലാറ്റിനും പരിമിതിയുണ്ടായിരുന്നു. നല്ല വസ്ത്രങ്ങള്‍ 4 അല്ലെങ്കില്‍ 5 ജോഡി മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് ഞങ്ങള്‍ സന്തോഷത്തോടെ വീണ്ടും വീണ്ടും ധരിച്ചുകൊണ്ടിരുന്നു. ചെരിപ്പിന്റെ കാര്യവും അങ്ങനെ തന്നെ.

പിന്നെ നമ്മള്‍ വളര്‍ന്നു വരുന്ന പ്രായത്തില്‍ കൂടുതല്‍ വസ്ത്രങ്ങളോ ചെരുപ്പുകളോ ഉണ്ടായിരിക്കുന്നതില്‍ അര്‍ഥമില്ല കാരണം അവയെല്ലാം പെട്ടെന്ന് തന്നെ ഉപയോഗശൂന്യമാകും. അന്ന് ഞങ്ങളുടെ വാര്‍ഡ്രോബില്‍ ആവശ്യത്തിലധികം സ്ഥലമുണ്ടായിരുന്നു. എന്ത് തിരഞ്ഞെടുക്കണം, ധരിക്കണം എന്നതിനെ കുറിച്ച് അധികം ചിന്തിക്കേണ്ടി വന്നിട്ടില്ല. ഞങ്ങള്‍ ഉള്ളതില്‍ ഏറ്റവും നല്ല വസ്ത്രം ധരിക്കും, അമ്മ മുടി കെട്ടി തരും അത് കഴിയുമ്പോള്‍ ഞങ്ങള്‍ പോകാന്‍ റെഡിയായി കഴിഞ്ഞു.

അതൊക്കെ ഇന്ന് മധുരതരമായ ഓര്‍മകള്‍ മാത്രമായി. ഈ പടത്തില്‍ എനിക്ക് ഏറ്റവും പ്രിയങ്കരമെന്താണെന്ന് വച്ചാല്‍ ഇത് ക്ലിക്ക് ചെയ്യപ്പെടുന്നതിനെ കുറിച്ച് ഞങ്ങള്‍ ബോധവതികളേ അല്ലായിരുന്നു എന്നതാണ്. കൃത്യസമയത്ത് പകര്‍ത്തിയ ഏറെ പ്രിയപ്പെട്ട ഒരു നിമിഷം. ഈ ചിത്രത്തോടൊപ്പം ഞാന്‍ ചേര്‍ത്തിട്ടുള്ള പാട്ട് അന്നത്തെ അമ്മയുടെ റിങ്‌ടോണും ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഗാനവുമായിരുന്നു.