ഇന്നത്തെ കാലത്തെ പാരന്റിങ് എന്ന് പറയുന്നത് കുട്ടികള്‍ക്ക് നല്ല സുഹൃത്തുക്കളായിരിക്കാന്‍ ശ്രമിക്കുകയാണെന്ന് നടി ഐശ്വര്യ ഭാസ്‌കര്‍. കൂടാതെ വിവാഹമോചിതയായി മക്കളുടെ കൂടെ ജീവിക്കുന്ന അമ്മമാരോട് ഒരിക്കലും ഭര്‍ത്താവിനെ കുറിച്ചുള്ള കുറ്റങ്ങള്‍ മക്കളോട് പറഞ്ഞ് അവരുടെ മനസിനെ നശിപ്പിക്കാന്‍ നോക്കരുത് എന്ന് പറഞ്ഞ അവര്‍ താന്‍ അനുഭവിച്ചതൊന്നും മകള്‍ക്ക് അനുഭവിക്കേണ്ടി വരാതെയാണ് നോക്കിയതെന്നും പറയുന്നു.
ഐശ്വര്യയുടെ വാക്കുകള്‍
എന്റെ മുത്തശ്ശി എനിക്ക് പറഞ്ഞ് തന്നിട്ടുള്ള കാര്യങ്ങള്‍ മകളുടെ അടുത്ത് പറയാന്‍ പോയാല്‍ ഇതെന്ത് നരകമാണെന്ന് തിരിച്ച് ചോദിച്ചേക്കും. എന്നെ പോലെ വിവാഹമോചിതയായി മക്കളുടെ കൂടെ ജീവിക്കുന്ന അമ്മമാരോട് ചിലത് പറയാനുണ്ട്. ഒരിക്കലും ഭര്‍ത്താവിനെ കുറിച്ചുള്ള കുറ്റങ്ങള്‍ മക്കളോട് പറഞ്ഞ് അവരുടെ മനസിനെ നശിപ്പിക്കാന്‍ നോക്കരുത്. നിങ്ങള്‍ക്ക് ഭര്‍ത്താവുമായി ഒരുമിച്ച് പോകാന്‍ പറ്റാത്തത് കൊണ്ടാണ് വേര്‍പിരിഞ്ഞത്. എന്നിട്ടും അത് തന്നെ പറഞ്ഞോണ്ടിരിക്കരുത്.
ഞാനെന്റെ മുന്‍ ഭര്‍ത്താവിനോടും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യയോടുമൊക്കെ നന്ദി പറയുകയാണ്. കാരണം എന്റെ മകളുടെ വിവാഹം ഞങ്ങളെല്ലാവരും ചേര്‍ന്ന് നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. വിവാഹമോചനത്തിന് മുന്‍പാണ് ഞാന്‍ ഭര്‍ത്താവുമായി അടി കൂടിയിട്ടുള്ളത്. അതിന് ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.
ഞാനും ഭര്‍ത്താവും ഡിവോഴ്സായ മികച്ച കപ്പിള്‍സാണെന്ന് പല സുഹൃത്തുക്കളും പറയാറുണ്ട്. ഡിവോഴ്സിന് ശേഷം അങ്ങനൊരു പേര് കിട്ടി. നെഗറ്റിവിറ്റി ഒരിക്കലും മകളിലേക്ക് നല്‍കിയിട്ടില്ല. അച്ഛനും അമ്മയും അവള്‍ക്ക് വേണം. ഞാന്‍ അനുഭവിച്ചതൊന്നും അവള്‍ക്ക് അനുഭവിക്കേണ്ടി വരാതെയാണ് നോക്കിയത്.’