'സിനിമ ചെയ്ത് ഞങ്ങള്‍ പ്രേക്ഷകരെ കരയിച്ചു, റിവ്യു എഴുതി അവര്‍ ഞങ്ങളെയും' - ഐശ്വര്യാ ലക്ഷ്മി അഭിമുഖം

അനു ചന്ദ്ര

സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് പുതിയൊരു ദൃശ്യാനുഭവം സമ്മാനിച്ചു കൊണ്ടാണ് ടൊവിനോ തോമസ് ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക്ക് അബു ഒരുക്കിയ മായാനദി പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയത്. ഒരു പ്രണയകഥയുടെ ആഖ്യാനം നടത്തുന്ന മായാനദിയിലെ അപര്‍ണ്ണയെന്ന നായിക കഥാപാത്രം ചെയ്ത ഐശ്വര്യ ലക്ഷ്മി ഇതിനോടകം കേരളക്കാരയാകെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. മായാനദിയുടെ വിശേഷങ്ങളുമായി ഐശ്വര്യ ലക്ഷ്മി സൗത്ത് ലൈവിനോട് സംസാരിക്കുന്നു.

മായാനദി എന്ന സിനിമക്കും അതിലഭിനയിച്ച താരങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നു ലഭിച്ച വന്‍സ്വീകാര്യതയെ കുറിച്ച് എന്ത് പറയുന്നു?

സത്യം പറഞ്ഞാല്‍ സിനിമയുടെ തിരക്കഥയും അതു പോലെ അതിന്റെ മേക്കിങ്ങും ഇതര്‍ഹിക്കുന്നുണ്ടായിരുന്നു. അത്രയും എഫേര്‍ട്ട് എടുത്തിട്ടാണ് ശ്യാം സര്‍ ആണെങ്കിലും ആഷിഖ് സര്‍ ആണെങ്കിലും അത് ചെയ്തിട്ടുള്ളത്. അവരുടെ ഇത്രയും കാലത്തെ സിനിമയുടെ knowledge, സിനിമയോടുള്ള സ്‌നേഹം എല്ലാം തന്നെ ഇതിലുണ്ട്. അതെല്ലാം കൂടി അവര്‍ക്ക് പെര്‍ഫെക്ട് ആയി ഇതില്‍ ഉപയോഗിക്കാന്‍ പറ്റി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഞാന്‍ ഈ റീവ്യൂസ് ഒക്കെ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. നമ്മള്‍ സിനിമയുമായി കണക്‌റ്റെഡ് ആയിട്ടുള്ള ആളുകളെക്കാള്‍ ഉപരി ഓഡിയന്‍സ് ആണ് ഇത് എഴുതുന്നത്. ഒരുപാട് റീവ്യൂസ് അത്തരത്തില്‍ വരുന്നുണ്ട്. അതില്‍ തന്നെ ബ്യൂട്ടിഫുള്‍ ആയിട്ടുള്ള ഭാഷയില്‍ വരുന്ന ഒരുപാട് റീവ്യൂസ് ഉണ്ട്. ഇ്‌പ്പോള്‍ ഞാനും ആഷിഖ് സറും ഒക്കെ പറയാറുണ്ട് നമ്മള്‍ സിനിമ ചെയ്ത് അവരെ കരയിപ്പിച്ചു, റീവ്യൂസ് എഴുതി അവര്‍ നമ്മളെ കാരയിപ്പിക്കാണെന്ന്. അത്ര മനോഹരമായ റീവ്യൂസ് ആണ് എല്ലാം. നമ്മുടെ ഹൃദയത്തില്‍ ആണ് കൃത്യമായി അത് കൊള്ളുന്നത്.

സിനിമയെ അത്രക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്ന് പറയുന്നത് ഭയങ്കര സന്തോഷം ഉണ്ടാക്കുന്നു. ഞാന്‍ ഈ സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ സിനിമ ഇഷ്ടമാകും എന്ന് ഒരു ഉറപ്പുണ്ടായിരുന്നു. പക്ഷെ ഇത്രയും ഇഷ്ടമാകും ആളുകള്‍ക്ക് – 3,4 ദിവസം കഴിഞ്ഞിട്ടും ആ ഒരു ഹോണ്ടിങ് മാറാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്നൊക്കെ പറയുമ്പോള്‍, കഥാപാത്രങ്ങളെ മറക്കാന്‍ പറ്റുന്നില്ല എന്നൊക്കെ പറയുമ്പോള്‍ സത്യം പറഞാല്‍ എന്തിനു സിനിമയിലേക്ക് വന്നു അല്ലെങ്കില്‍ ഈ ഒരു പാഷന്‍ ആയിട്ട് എന്തിന് സിനിമ എടുത്തു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി തനെയാണ് ഈ വിജയം.

ആഷിഖ് അബു എപ്പോഴാണ് ഈ കഥയുമായി സമീപിക്കുന്നത്?

സര്‍ എന്നെ സമീപിച്ചിട്ടില്ല. ഞാന്‍ ഓഡീഷന്‍ കാള്‍ കണ്ടിട്ട് അങ്ങോട്ടേക്ക് പിക്‌ചേഴ്സ് അയക്കുകയായിരുന്നു. അതിനു ശേഷം രണ്ട് റൗണ്ട് ഓഡീഷന്‍ കഴിഞ്ഞിട്ടാണ് എന്നെ മൂവിയില്‍ സെലക്ട് ചെയ്തത്. ആക്ച്വലി ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന സിനിമയുടെ ഷൂട്ടിങ് മാര്‍ച്ചില്‍ കഴിഞ്ഞ് അതിനു ശേഷം ഒന്നു രണ്ട് ആഴ്ച കഴിഞ്ഞാണ് ഞാന്‍ ഈ കാസ്റ്റിംഗ് കാള്‍ കണ്ട് ഫോട്ടോസ് അയക്കുന്നത്. സിനിമ റിലീസ് ആവുന്നതിനും മുന്‍പായി മേയ് മാസത്തില്‍ നമ്മള്‍ മായാനദിയുടെ ഷൂട്ടിങ്ങ് തുടങ്ങി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റീലീസ് ആകുന്നത് സെപ്റ്റംബറില്‍ ആണ്. അപ്പോള്‍ ആദ്യത്തെ സിനിമ റിലീസ് ആകുന്നതിന് മുന്‍പേ രണ്ടാമത്തെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയിരുന്നു.

എന്നിരുന്നാലും ഐശ്വര്യ എന്ന നായികയെ വലിയ തോതില്‍ പ്രേക്ഷകര്‍ അംഗീകരിക്കുന്നതും, ഏറ്റെടുക്കുന്നതും മായാനദിയിലൂടെ അല്ലെ?

എനിക്ക് തോന്നുന്നു അത് കഥാപാത്രം കൊണ്ടായിരിക്കണം. കഥാപാത്രം ആളുകള്‍ക്ക് കുറച്ചു കൂടി റിലേറ്റ് ചെയാന്‍ പറ്റിയത് ഇതിലൂടെ ആയിരുന്നിരിക്കണം.

മായാനദിയിലെ അപര്‍ണ്ണ അവളുടെ നിലപാടുകള്‍ പലയിടങ്ങളിലും കൃത്യമായി അറിയിക്കുന്നുണ്ട്. വ്യക്തി ജീവിതത്തില്‍ അപര്‍ണ്ണയുമായി അത്തരത്തില്‍ ഒരു സാമ്യത ഐശ്വര്യയ്ക്ക് ഉണ്ടോ?

കുറച്ചൊക്കെ. ഒരുപാടില്ല. കാരണം അപര്‍ണ്ണ കുറച്ചു കൂടി സ്ട്രോങ് ആണ്. അപര്‍ണ്ണക്ക് കുറച്ചു കൂടി ക്ലാരിറ്റി ഉണ്ട് ലൈഫില്‍. ഞാന്‍ അവിടേക്ക് എത്തുന്നതേയുള്ളു. അപര്‍ണ്ണ എന്ന കഥാപാത്രം സ്ട്രോങ് ആണ് – എന്നാല്‍ അവള്‍ അവളുടെ പ്രേമത്തില്‍ വീക്ക് ആണ്. അപര്‍ണ്ണയുടെ കഥാപാത്രത്തില്‍ നിന്നും ഒരുപാട് പഠിക്കണം എന്നു തോന്നിയിട്ടുള്ള ഒരാളാണ് ഞാന്‍. അപര്‍ണ്ണ ഡെഫിനിറ്റിലി എന്നെക്കാളും ഒരു പത്തു പടി മുകളില്‍ ആണ്.

മായാനദിയിലെ അപര്‍ണ്ണ എന്ന കഥാപാത്രം സിനിമയില്‍ എത്താനായി ഒരുപാട് struggle ചെയ്യുന്നുണ്ട്. ഐശ്വര്യയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരം പരിശ്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?

ഞാന്‍ അത്ര struggle ചെയ്തിട്ടില്ല. കാരണം ഞാന്‍ പങ്കെടുത്ത ആദ്യത്തെ ഓഡീഷന്‍ ആയിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. രണ്ടാമത്തേത് ആയിരുന്നു മായാനദി. മായനദി സിനിമ ചെയ്യണമെന്ന് ഞാന്‍ മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിച്ച ഒന്നായിരുന്നു ഒഡീഷനു പോകുമ്പോള്‍. ഒരുപക്ഷെ മായനദി കിട്ടാന്‍ വേണ്ടി ഞാന്‍ അപ്പോള്‍ അനുഭവിച്ച ഒരു മെന്റല്‍ struggling ഞാന്‍ വേറെ അനുഭവിച്ചിട്ടുണ്ടാകില്ല. അതല്ലാതെ എനിക്ക് അത്രയും പാട്‌പെടേണ്ടി വന്നിട്ടില്ല.

റിയല്‍ ലൈഫില്‍ മാത്തനെ പോലെ ഒരു കാമുകന്‍ ഉണ്ടായിട്ടുണ്ടോ?

ഇല്ല. സത്യം പറഞ്ഞാല്‍ മാത്തന്‍ അപ്പുവിനെ സ്‌നേഹിക്കുന്ന പോലെ എന്നെ സ്‌നേഹിക്കുന്ന ഒരാള്‍ ഉണ്ടായിട്ടില്ല. ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്ന ടൈപ്പ് ഒരു കാമുകനാണ് മാത്തന്‍. എനിക്കും വളരെയധികം താല്പര്യമുണ്ട് അങ്ങനെ ഒരു ആള്‍ ലൈഫിലേക്ക് വരണം എന്ന്.

ശ്യാം പുഷ്‌കര്‍ എന്ന എഴുത്തുകാരനെ കുറിച്ച് എന്ത് പറയുന്നു?

ഞങ്ങളുടെ രണ്ട് പേരുടെയും ബര്‍ത് ഡേ ഒരേ ദിവസമാണ്. സെപ്റ്റംബര്‍ 6. അതുകൊണ്ട് ആണോ എന്നറിയില്ല, എനിക്ക് ഭയങ്കര ഇഷ്ടമാണ് ശ്യാം ചേട്ടനെ. അതെ പോലെ എനിക്ക് ദിലീഷ് നായര്‍ സര്‍നെയും വല്യ ഇഷ്ടമാണ്. അവരുടെ കരിയറില്‍ അവര്‍ എഴുതിയിട്ടുള്ള ഏറ്റവും നല്ല സ്ത്രീ കഥാപാത്രം എന്ന് അവര്‍ വിശ്വസിക്കുന്ന അപ്പുവിനെ എന്റെ അടുത്ത് ഏല്‍പ്പിക്കാന്‍ തോണിയല്ലോ. അവര്‍ കാണിച്ച ആ സന്മനസ്സിനു പുറത്ത് തോന്നുന്ന പ്യൂവര്‍ ആയ ഒരു സ്‌നേഹം അവരോടും ഈ ടീമിനോടും മൊത്തത്തില്‍ ഉണ്ട്. അവരുടെ റൈറ്റിംഗും വളരെ എളുപ്പമാണ്. ഇത്രയും ഡീറ്റെലിംഗ് ആയ റൈറ്റിംഗ് കാരണം അഭിനയിക്കാന്‍ എളുപ്പമാണ്. അത് പോലെ ടോവിനോ വളരെ സിംപിള്‍ ആയ, കംഫര്‍ട്ടായ നടന്‍ ആണ്.

മായനദി നേരിടുന്ന ചില പ്രതികൂലമായ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയപ്പെടുന്നുണ്ട്. എന്ത് പറയുന്നു?

സിനിമ കണ്ട് കഴിഞ്ഞു പ്രതികൂലമായി തോന്നുന്നവരോട് ആ സിനിമയോട് തോന്നുന്ന ഇഷ്ടം കൊണ്ട് ഞാന്‍ പറയുന്നു മനസില്‍ പ്രതീക്ഷകള്‍ ഒന്നും ഇല്ലാതെ ഒരിക്കല്‍ കൂടി ആ സിനിമ കണ്ടു നോക്കൂ എന്ന്. അതല്ല, വേറെ കാരണം കൊണ്ടാണ് നിങ്ങള്‍ക്ക് ആ സിനിമയോട് ദേഷ്യം തോന്നുന്നത് എങ്കില്‍ എനിക്കൊന്നും പറയാനില്ല. കാരണം ഏത് പ്രശനവുമായി ബന്ധപ്പെടുത്തിയാണോ നിങ്ങള്‍ വിമര്‍ശിക്കുന്നത് ആ പ്രശ്‌നങ്ങള്‍ ആയിട്ടൊന്നും ഈ സിനിമക്ക് ഒരു ബന്ധവും ഇല്ല. സിനിമയോട് ഇങ്ങനെ കാണിക്കരുത്.

പുതിയ സിനിമകള്‍ക്കുള്ള ക്ഷണങ്ങള്‍ ഇതിനു ശേഷം വന്നുവോ?

ഇല്ല. മായനദി കണ്ടതിനു ശേഷം ക്ഷണമായി ഒരു കോള്‍ വരികയോ ഒന്നും ഉണ്ടായിട്ടില്ല. അതിനു മുന്‍പേ വന്ന ഒരു സിനിമയുടെ ഡിസ്‌കഷന്‍ മാത്രമേ ഇപ്പോള്‍ ഉണ്ടായിട്ടുള്ളു. അത് സ്ഥിരീകരിച്ചിട്ടും ഇല്ല. എന്തായാലും മായനദി റിലീസ് ആയതിനു ശേഷമേ ഒരു സിനിമ സൈന്‍ ചെയുന്നുള്ളു എന്നു ഞാന്‍ ഉറപ്പിച്ചതായിരുന്നു.

ഐശ്വരയെ കുറിച്ച് പറഞ്ഞില്ല?

Read more

ഞാന്‍ mbbs കഴിഞ്ഞു, ഹൗസ് സര്ജന്‍സി ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇത് കഴിഞ്ഞ് ഉപരിപഠനം. ഫെല്ലോഷിപ്പിനുള്ള പ്ലാനിംഗില്‍ ആണ്. കൊച്ചിയിലെ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ആണ് പഠിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഒറ്റ മകളാണ് ഞാന്‍.