'അന്ന് നിന്റെ തമിഴ് നല്ല മോശമായിരുന്നു എന്ന് ധനുഷ് സര്‍ പറഞ്ഞു'; ഓഡിഷനില്‍ നിന്നും പുറത്തായ അനുഭവം പറഞ്ഞ് ഐശ്വര്യലക്ഷ്മി

ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഓഡിഷനില്‍ പരാജയപ്പെട്ടതിനെ കുറിച്ച് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ നായികയായ ധനുഷ് ചിത്രം “ജഗമേ തന്തിരം” ജൂണ്‍ 18ന് റിലീസിന് ഒരുങ്ങുകയാണ്. ധനുഷിന്റെ നായികയായപ്പോള്‍ എന്ത് തോന്നി എന്ന ചോദ്യത്തിനാണ് ഐശ്വര്യ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.

2018ല്‍ ആണ് ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഐശ്വര്യ ഓഡിഷന് പോയത്. അന്ന് താരത്തെ സെലക്ട് ചെയ്തില്ല. ജഗമേ തന്തിരത്തിന്റെ ലൊക്കേഷനില്‍ വെച്ച് താനത് ധനുഷ് സാറിനോട് ഓര്‍മ്മിപ്പിച്ചിരുന്നു. സാറിനും അത് നല്ല ഓര്‍മ്മയുണ്ടായിരുന്നു എന്ന് ഐശ്വര്യ പറയുന്നു.

അന്ന് നീ ഓഡിഷന്‍ വന്നപ്പോള്‍ നിന്റെ തമിഴ് നല്ല മോശമായിരുന്നു എന്ന് സാര്‍ പറഞ്ഞു. ഇപ്പോള്‍ അതെല്ലാം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു എന്ന് ഐശ്വര്യ പറയുന്നു. വരത്തനില്‍ അഭിനയിക്കുമ്പോഴാണ് ജഗമേ തന്തിരത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റ് നടക്കുന്നത്. തനിക്ക് പ്രതീക്ഷയില്ലായിരുന്നു എന്നും ഐശ്വര്യ കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Read more

ധനുഷ് സാര്‍ അധികമൊന്നും സംസാരിക്കാത്തൊരാളാണ്. വളരെ സപ്പോര്‍ട്ടീവാണ്. ലണ്ടനില്‍ ആദ്യമായി പോവുന്നതു കൊണ്ടും പുതിയ ടീം ആയതു കൊണ്ടും ചെറിയ ടെന്‍ഷനുണ്ടായിരുന്നു. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞ് ധനുഷ് സര്‍ സപ്പോര്‍ട്ട് ചെയ്തിരുന്നു. എനിക്കൊരു സഹോദരനെ പോലെയാണ് ഫീല്‍ ചെയ്തതെന്നും ഐശ്വര്യ വ്യക്തമാക്കി.