പരാതി പറഞ്ഞതിന്റെ പേരില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടരുതെന്ന് നടി ഐശ്വര്യ രാജേഷ്. ഹേമാ കമ്മിറ്റി മാതൃകയില്‍ തമിഴിലും കമ്മിറ്റി രൂപീകരിക്കുന്നതിനെ സ്വാഗതം ചെയ്തു കൊണ്ടാണ് ഐശ്വര്യ സംസാരിച്ചത്. ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ ശിക്ഷിക്കപ്പെടണം എന്നും ഐശ്വര്യ വ്യക്തമാക്കി.
കഴിഞ്ഞ 12 വര്‍ഷമായി സിനിമയിലുണ്ട്. ഇക്കാലയളവില്‍ ചുറ്റുമുള്ള ലോകത്തില്‍ വന്ന പലവിധ മാറ്റങ്ങളും കണ്ടു. ഒരു നടിയെന്ന നിലയില്‍ എന്റെ അഭിപ്രായത്തില്‍ ആദ്യം പരിഹരിക്കപ്പെടേണ്ട പ്രശ്‌നം ഔട്ട്‌ഡോര്‍ ചിത്രീകരണ സമയത്ത് സ്ത്രീകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യമൊരുക്കുക എന്നതാണ്.
ഒരു നായികയെന്ന നിലയില്‍ എനിക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ വാനിറ്റി വാന്‍ ലഭിച്ചേക്കും. എന്നാല്‍ കാരക്ടര്‍ റോളുകള്‍ ചെയ്യുന്ന മറ്റ് സ്ത്രീകള്‍ എന്ത് ചെയ്യും? അവര്‍ ശരിക്ക് കഷ്ടപ്പെടും. ഒരുപാട് ദിവസങ്ങള്‍ നീളുന്ന ഔട്ട്‌ഡോര്‍ ചിത്രീകരണമാണെങ്കില്‍ അവര്‍ കൂടുതല്‍ കഷ്ടത്തിലാകും. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇന്‍ഡസ്ട്രി വേണ്ടത് ചെയ്യുമെന്നാണ് കരുതുന്നത്.
ഇത്തരം പ്രശ്‌നങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഇങ്ങനെയൊന്നും ഭാവിയില്‍ സംഭവിക്കില്ലെന്നാണ് പ്രതീക്ഷ. ഞാന്‍ അനുഭവിച്ചിട്ടില്ല എന്നതുകൊണ്ട് അത്തരം സംഭവങ്ങള്‍ നടക്കുന്നില്ലെന്ന് അര്‍ത്ഥമില്ല. സഹായത്തിനോ പരിഹാരത്തിനോ പോകുന്ന സ്ത്രീകള്‍ക്ക് ഒന്നും ലഭിക്കുന്നില്ലെങ്കില്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്നതില്‍ അര്‍ത്ഥമില്ല.
പരാതിക്കാര്‍ക്ക് ആവശ്യമായ സഹായം നല്‍കുക എന്നത് അതീവ ഗൗരവമായ കാര്യമാണ്. പരാതി പറഞ്ഞതിന്റെ പേരില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങളോ തൊഴിലോ നഷ്ടപ്പെടരുത്. അവരെ സംരക്ഷിക്കേണ്ടതുണ്ട്. ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ ശിക്ഷിക്കപ്പെടണം എന്നാണ് ഐശ്വര്യ രാജേഷ് പറയുന്നത്.